പ്രതികളെ പരീക്ഷയെഴുതിപ്പിച്ച നടപടി നീതികേടും മനസിനേറ്റ മുറിവുമെന്ന് മുഹമ്മദ് ഷഹബാസിന്റെ പിതാവ്
text_fieldsകോഴിക്കോട്: പ്രതിഷേധം മറികടന്നും പ്രതികളെ പരീക്ഷയെഴുതിപ്പിച്ച നടപടി നീതികേടും മനസിനേറ്റ മുറിവുമാണെന്ന് വിദ്യാർഥി ആക്രമണത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇഖ്ബാൽ. കോഴിക്കോട് താമരശ്ശേരിയിൽ കഴിഞ്ഞ ദിവസം രണ്ടു സ്കൂളിലെ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റാണ് മുഹമ്മദ് ഷഹബാസ് (15) മരിച്ചത്.
കോപ്പിയടിച്ചവരെ പരീക്ഷയെഴുതിക്കാതെ മാറ്റി നിർത്താറുണ്ടെന്നിരിക്കെ കൊലപാതകം ചെയ്തവരെ പരീക്ഷയെഴുതിപ്പിച്ചത് അവർക്കും മറ്റുള്ള വിദ്യാർഥികൾക്കും അക്രമം ചെയ്യാനുള്ള പ്രചോദനമാണ്. ഷഹബാസിനെ മർദിച്ചത് മുമ്പ് ഒരുമിച്ചു പഠിക്കുകയും ഉറ്റ സുഹൃത്തുമായിരുന്ന വിദ്യാർഥിയാണ്. ഇരുവരും നേരത്തേ മറ്റൊരു സ്കൂളിൽ പഠിച്ചിരുന്നുവെന്നും പ്രതിയായ വിദ്യാർഥി തന്റെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും മുഹമ്മദ് ഇഖ്ബാൽ വെളിപ്പെടുത്തി. കനത്ത പ്രതിഷേധത്തിനിടെ കുറ്റാരോപിതരായ വിദ്യാർഥികളെ തിങ്കളാഴ്ച എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നു.
‘എന്റെ മകൻ ആറടി മണ്ണിൽ കിടക്കുമ്പോൾ പ്രതികൾക്കു പരീക്ഷ എഴുതാൻ അവസരം നൽകിയത് എന്തു സന്ദേശമാണ് നൽകുന്നത്. ഇവരെ ഈ വർഷം തന്നെ പരീക്ഷ എഴുതിക്കണമെന്നത് ആരുടെ നിർബന്ധമാണ്. അതേസമയം സംഭവത്തിൽ പ്രതികളായ അഞ്ചു പേർക്കു പുറമേ കൂടുതൽ വിദ്യാർഥികൾക്കെതിരെ പൊലീസ് അന്വേഷണം തുടരുന്നുണ്ട്. ഗൂഢാലോചനയിലും മർദ്ദനത്തിലും പങ്കുണ്ടെങ്കിൽ അവരേയും പ്രതി ചേർക്കും.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും സംഭവ സ്ഥലത്തുണ്ടായിരുന്ന മറ്റു വിദ്യാർഥികളുടെ മൊഴിയും രേഖപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയാണെന്നും കുട്ടികളുടെ വാട്സ്ആപ്പ് സന്ദേശങ്ങൾ ഇതിന്റെ തെളിവാണെന്നും കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ഇ. ബൈജു പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.