മലബാർ സിമൻറ്സ് കേസ് അട്ടിമറി: ഗൂഢാലോചന ആഭ്യന്തരവകുപ്പിലെന്ന് ആക്ഷേപം
text_fieldsതൃശൂർ: മലബാർ സിമൻറ്സ് കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന ആഭ്യന്തരവകുപ്പിൽതന്നെയെന്ന് ആക്ഷേപം. വിചാരണ തുടങ്ങാൻ കോടതി വിധി പുറപ്പെടുവിച്ച കേസിലാണ് തുടരന്വേഷണമെന്ന അസാധാരണ നടപടി സർക്കാറിൽ നിന്നുണ്ടായിരിക്കുന്നത്. അതിനിടെ സർക്കാർ നീക്കത്തിന് തിരിച്ചടിയായി മലബാർ കേസിലെ സ്പെഷൽ പ്രോസിക്യൂട്ടറായിരുന്ന അഭിഭാഷകനെ സ്ഥലം മാറ്റിയ നടപടി അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ തടഞ്ഞു.
മുഖ്യമന്ത്രിയുടെ വകുപ്പായ ആഭ്യന്തരവകുപ്പിൽനിന്നാണ് തുടരന്വേഷണം സംബന്ധിച്ച് ആരുമറിയാതെ ഉത്തരവ് പുറത്തിറങ്ങിയത്. കേസിൽ തുടർ നീക്കങ്ങളില്ലെന്നും അട്ടിമറിക്കപ്പെടാൻ നീക്കം നടക്കുന്നെന്നും കാണിച്ച് പൊതുപ്രവർത്തകനും കേസിൽ നിയമപോരാട്ടം നടത്തുന്ന വ്യക്തിയുമായ ജോയ് കൈതാരത്ത് ഏപ്രിലിൽ നൽകിയ പരാതി അന്വേഷിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയോട് മുഖ്യമന്ത്രിതന്നെ നിർദേശിച്ചിരുന്നു. ഇതനുസരിച്ച് കോഴിക്കോട് വിജിലൻസ് എസ്.പി അന്വേഷിക്കുകയായിരുന്നു.
ജോയ് കൈതാരത്ത്, നേരത്തേ ഹാജരായിരുന്ന അഭിഭാഷകർ എന്നിവരിൽനിന്നെല്ലാം മൊഴിയെടുക്കുകയും ചെയ്തു. ഇതിെൻറ റിപ്പോർട്ട് ഇനിയും ആഭ്യന്തരവകുപ്പിലേക്ക് എത്തിയിട്ടില്ലെന്നിരിക്കെയാണ് ഇക്കഴിഞ്ഞ 27ന് ആഭ്യന്തരവകുപ്പുതന്നെ 11 വർഷം കഴിഞ്ഞ കേസിൽ പുതിയ തെളിവുകളോ കണ്ടെത്തലുകളോ ഇല്ലാതെയും കോടതിയുടെ അനുമതിയില്ലാതെയും തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
സി.പി.എം നേതാവും മുൻ എം.എൽ.എയുമായ പി. ഉണ്ണിയും മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ളയുടെ മരുമകനും വ്യവസായ വകുപ്പ് മുൻ സെക്രട്ടറിയുമായ ടി. ബാലകൃഷ്ണൻ അടക്കമുള്ളവർ കേസിലെ പ്രതികളാണ്. കേസ് അവസാനിപ്പിക്കുന്നതിന് ജോയ് കൈതാരത്തിെൻറയും സ്പെഷൽ പ്രോസിക്യൂട്ടറായിരുന്ന ഒ. ശശിയുടെയും കർശന നിലപാടുകൾ വിലങ്ങുതടിയായിരുന്നു. തുടർന്നാണ് ശശിയെ മാറ്റി രാജ്മോഹൻ പിള്ള എന്ന അഭിഭാഷകന് ചുമതല നൽകിയത്.
കേസ് പിൻവലിക്കുന്നത് സംബന്ധിച്ച് അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നൽകിയ നിയമോപദേശം വിവരാവകാശ പ്രകാരം തേടിയപ്പോഴും ആഭ്യന്തരവകുപ്പ് പൂഴ്ത്തി. മുഖ്യമന്ത്രിയെ സമീപിച്ചപ്പോഴായിരുന്നു ഒടുവിൽ വിവരം പുറത്തുവന്നത്. സ്പെഷൽ പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് മാറ്റിയത് ശശി ചോദ്യം ചെയ്തുള്ള പരാതിയിലാണ് സ്ഥലംമാറ്റം മൂന്നാഴ്ചത്തേക്ക് തടഞ്ഞുള്ള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.