മലബാർ സിമൻറ്സിൽ പുതിയ കടത്തുകൂലി നയം; വിലയിൽ നാളെ മുതൽ കുറവ്
text_fieldsപാലക്കാട്: സംസ്ഥാന പൊതുമേഖല സ്ഥാപനമായ വാളയാറിലെ മലബാർ സിമൻറ്സ് ഫാക്ടറിയിൽ ഉൽപന്നത്തിെൻറ കടത്തുകൂലിക്ക് പുതിയനയം പ്രാബല്യത്തിലായി. ഇതോടെ ലോറികൾവഴി കടത്തുന്ന സിമൻറിനുവേണ്ടി വരുന്ന ചെലവ് സ്ഥാപനം വഹിക്കും. ചരക്കുസേവന നികുതി നടപ്പായതിനെ തുടർന്ന് സിമൻറ് വിലയിൽ കുറവ് വരുത്താനും ഡയറക്ടർ ബോർഡ് തീരുമാനിച്ചു. പുതിയവില തിങ്കളാഴ്ച നിലവിൽ വരും. ഏറെ വിവാദമുണ്ടാക്കിയിരുന്ന പഴയനയത്തിൽ തിരുത്തൽവരുത്തി ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) സിമൻറ് കടത്തുന്ന ലോറികൾക്ക് നിർബന്ധമാക്കി. ഈ സമ്പ്രദായമില്ലാത്ത ലോറികൾ വഴിയുള്ള കടത്തിന് ചരക്കുകൂലി ലഭിക്കില്ല. സിമൻറ് വിപണനം കൂടുതൽ സൗകര്യപ്രദമാക്കാനും മലബാർ സിമൻറ്സ് ഉൽപന്നത്തിന് ഏകീകൃതവില ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള പുതിയ നയത്തിനാണ് ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയത്. ചരക്കുകൂലി തിരികെ കൊടുക്കുന്ന രീതി നേരത്തേ ഉണ്ടായിരുന്നത് പലനിലക്കും ദുരുപയോഗം ചെയ്യപ്പെട്ടിരുന്നു.
ദൂര സ്ഥലത്തേക്കാണെന്ന് പറഞ്ഞ് ബിൽ ചെയ്ത് ശേഷം കടത്തുകൂലി മുൻകൂർ വാങ്ങി സൗകര്യപ്രദമായ പ്രദേശത്ത് കുറഞ്ഞ വിലയ്ക്ക് സിമൻറ് വിറ്റതുവഴിയായിരുന്നു ദുരുപയോഗം. ഇതുമൂലം സ്ഥാപനത്തിന് വൻ നഷ്ടവുമുണ്ടായി. ജി.പി.എസ് സംവിധാനം ഘടിപ്പിച്ച ലോറികൾ ലക്ഷ്യസ്ഥാനത്ത് തന്നെയാണോ എത്തുന്നതെന്ന് സ്ഥാപനത്തിന് കൃത്യമായി നിർണയിക്കാനാവും. എല്ലാ ജില്ലകളിലും ഏതാണ്ട് ഒരു വിലയ്ക്ക് സിമൻറ് ലഭ്യമാക്കാൻ പുതിയ വിപണന നയം വഴി കഴിയുമെന്നാണ് കണക്കുകൂട്ടൽ. ഏജൻസികളെ വിപണിയിൽ ഉറപ്പിക്കാനും കഴിയും.
ജി.എസ്.ടിക്ക് ശേഷം പുതിയ വില നിർണയിച്ചപ്പോൾ 50 കിലോ വരുന്ന ഒരുചാക്ക് സിമൻറിന് എം.ആർ.പി വിലയിൽ പത്ത് രൂപയുടെ കുറവെങ്കിലും ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് െഡപ്യൂട്ടി ജന. മാനേജർ (മാർക്കറ്റിങ്) ഇൻ ചാർജ് വി.എ. മുഹമ്മദ് അഷറഫ് പറഞ്ഞു. 405 രൂപയാണ് ഇപ്പോഴത്തെ വില.
മലബാർ സിമൻറ്സിൽനിന്ന് റെയിൽമാർഗം സിമൻറ് കൊണ്ടുപോകുമ്പോൾ കടത്തുകൂലി തിരികെ നൽകുന്ന പതിവ് ഇപ്പോഴുമുണ്ട്. ഡീലർമാർക്ക് നൽകുന്ന ഈ ആനുകൂല്യം ഫലത്തിൽ ഉപഭോക്താക്കളിലെത്തുമെന്നും സ്ഥാപനം കണക്കുകൂട്ടുന്നു. ഉൽപാദിപ്പിക്കുന്ന സിമൻറ് 24 മണിക്കൂറിനകം കേരളത്തിലെവിടെയും എത്തിക്കാനുള്ള സംവിധാനവും ഇതോടൊപ്പം ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.