മലബാർ സിമൻറ്സ് അഴിമതി: സ്വത്ത് ‘കണ്ടുകെട്ടലി’ൽ ദുരൂഹത
text_fieldsപാലക്കാട്: മലബാർ സിമൻറ്സ് ഫാക്ടറിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ആരംഭിച്ച സ്വത്ത് കണ്ടുകെട്ടൽ നടപടി, ആകെയുള്ള ഏഴ് പ്രതികളിൽ ആറ് പേർക്കും ബാധകമല്ലെന്ന് വ്യക്തമായി. വിജിലൻസ് രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ പലതിലും കുറ്റപത്രസമർപ്പണം പോലും പൂർത്തിയായിട്ടില്ല. ഇൗ സാഹചര്യത്തിൽ ഐ.എ.എസുകാർ ഉൾപ്പെടെ മറ്റ് പ്രതികളെ ബാധിക്കാതെ പഴയ കരാറുകാരൻ വി.എം. രാധാകൃഷ്ണെൻറ പേരിൽ മാത്രമുണ്ടായ സ്വത്ത് കണ്ടുകെട്ടലിൽ ദുരൂഹതയുണ്ടെന്ന ആക്ഷേപവുമുയർന്നിട്ടുണ്ട്. രണ്ടുകോടി രൂപയിൽ താഴെ മൂല്യമുള്ള സ്വത്ത് ക്രയവിക്രയം ചെയ്യരുതെന്ന എൻഫോഴ്സ്മെൻറ് ഉത്തരവിനെതിരെ രാധാകൃഷ്ണൻ സമർപ്പിച്ച ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ചിെൻറ പരിഗണനയിലിരിക്കെയാണ് കണ്ടുകെട്ടൽ തീരുമാനം പുറത്തുവരുന്നത്. വി.എം. രാധാകൃഷ്ണൻ മാനേജിങ് ഡയറക്ടറായ എ.ആർ.കെ വുഡ് ആൻഡ് മെറ്റൽ ലിമിറ്റഡ്, സിമൻറ് ഉൽപാദന അസംസ്കൃത വസ്തുവായ ഫ്ലൈ ആഷ് ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് മലബാർ സിമൻറ്സുമായി ഉണ്ടാക്കിയ കരാറാണ് അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസുകളിലൊന്ന്. സിമൻറ്സുമായി ബന്ധപ്പെട്ട് വിജിലൻസ് തന്നെ രജിസ്റ്റർ ചെയ്ത 15ഓളം കേസുകളിലൊന്ന് മാത്രമാണിത്. കേസുകളിൽ പലതിലും പ്രതിയായ രാധാകൃഷ്ണനോടൊപ്പം മുൻ എം.ഡിമാരും ചെയർമാന്മാരും ഉന്നത ഉദ്യോഗസ്ഥരുമടക്കം നിരവധിപേർ പ്രതിസ്ഥാനത്തുണ്ട്.
ഇപ്പോൾ എൻഫോഴ്സ്മെൻറിെൻറ കണ്ടുകെട്ടൽ നടപടി ഫ്ലൈ ആഷ് കരാറുമായി ബന്ധപ്പെട്ട കേസിലാണ്. എന്നാൽ, ഈ കേസിൽ പ്രതികളായ മറ്റ് ആറുപേർക്കെതിരെ ഇത്തരത്തിൽ ഒരു നടപടിയുമുണ്ടായിട്ടില്ല. സിമൻറ്സിലെ ഉന്നത ഉദ്യോഗത്തിൽ തുടരാൻ പ്രതിപ്പട്ടികയിൽ പേരുള്ളത് തടസ്സമാവാത്ത വിചിത്രാവസ്ഥയുമുണ്ട്. വിജിലൻസ് രജിസ്റ്റർ ചെയ്ത നാല് കേസുകളിൽ പ്രതിയായ മുൻ മാനേജിങ് ഡയറക്ടർ കെ. പത്മകുമാറിനെ സംരക്ഷിക്കാൻ ഐ.എ.എസ് തലപ്പത്ത് നടന്ന കളികൾ മാസങ്ങൾക്ക് മുമ്പ് പുറത്തുവന്നിരുന്നു.
ആഗസ്റ്റ് 23ന് രാധാകൃഷ്ണന് ലഭിച്ച സർക്കുലറിൽ 1.99 കോടി രൂപയുടെ മൂല്യമുള്ള സ്വത്തിെൻറ ക്രയവിക്രയം പാടില്ലെന്നാണ് വ്യക്തമാക്കിയിരുന്നത്. ഈ നടപടി ചോദ്യം ചെയ്യുന്ന ഹരജിയിൽ ഹൈകോടതിയുടെ തീർപ്പ് വന്നിട്ടില്ല. 23 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയതിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് വി.എം. രാധാകൃഷ്ണൻ പറഞ്ഞു. പാലക്കാട് നഗരത്തിൽതന്നെ ഒന്നിലധികം ബാർ അറ്റാച്ച്ഡ് ഹോട്ടലുകളും വ്യവസായ സ്ഥാപനങ്ങളുമുണ്ടെങ്കിലും പാലക്കാടിന് പുറത്ത് വയനാട്, തിരുവനന്തപുരം ജില്ലകളിലെ ഭൂസ്വത്തും ക്രയവിക്രയ സ്വാതന്ത്ര്യം നിഷേധിച്ച മുൻ ഉത്തരവിലുൾപ്പെട്ടിട്ടുണ്ട്.
ഈ മൂല്യമുള്ള തുകക്ക് അധീനതയിലുള്ള സ്ഥാപനങ്ങളിൽ ഒന്നോ, രണ്ടോ മതിയാകുമെന്നിരിക്കെ ഇത്രയും സ്വത്തുക്കളുടെ വിവരങ്ങൾ എഴുതിച്ചേർത്തതിന് പിന്നിലുള്ള കാരണവും വ്യക്തമല്ല. സ്വത്ത് കണ്ടുകെട്ടലിന് സ്വീകരിക്കേണ്ട നിയമാനുസൃത നടപടി 23 കോടി രൂപയുടെ കാര്യത്തിലുണ്ടായതായി അറിവില്ല. റവന്യൂ അധികൃതർക്കും വിവരമൊന്നും ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.