തൊഴിലാളി യൂനിയനുകളുമായി തർക്കം; മലബാർ സിമന്റ്സ് എം.ഡി രാജിക്കത്ത് നൽകി
text_fieldsപാലക്കാട്: മലബാർ സിമന്റ്സ് എം.ഡി എം. മുഹമ്മദാലി വ്യവസായ വകുപ്പിന് രാജി കത്ത് നൽകി. രാജി വ്യക്തിപരമായ കാരണങ്ങളാലാണെന്നും മാർച്ച് 31വരെ മാത്രമേ തുടരുകയുള്ളുവെന്നും കത്തിൽ പറയുന്നു. അതേസമയം, തൊഴിലാളി യൂണിയനുകളും എം.ഡിയും തമ്മിലുള്ള ശീതസമരമാണ് രാജിക്ക് പിന്നില്ലെന്നാണ് സൂചന.
സി.ഐ.ടി.യു നേതൃത്വത്തിൽ തൊഴിലാളികൾ എം.ഡിയെ കഴിഞ്ഞ മാസം ഉപരോധിച്ചിരുന്നു. തൊഴിലാളികളുടെ വിവിധ ആവശ്യങ്ങളിൽ എം.ഡി ചർച്ചക്ക് തയ്യാറാകുന്നില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. ഇതേതുടർന്നാണ് ഉപരോധ സമരം നടത്തിയത്. തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യം എം.ഡി നിഷേധിക്കുന്നതായും
അധിക സമയം ജോലി എടുപ്പിക്കുന്നതായും യൂനിയനുകൾ ആരോപിക്കുന്നു. പലതവണ സമയം ചോദിച്ചിട്ടും എം.ഡി ചർച്ചക്ക് വിസമ്മതിച്ചതായും ഇതേതുടർന്നാണ് ഉപരോധം സംഘടിപ്പിച്ചതെന്നും സി.ഐ.ടി.യു നേതാക്കൾ പറയുന്നു. ഇക്കാര്യം വ്യവസായ മന്ത്രിയേയും യൂനിയനുകൾ അറിയിച്ചിരുന്നു.
എം.ഡി തമിഴ്നാടിലെ സ്വകാര്യ സിമന്‍റ് കമ്പനികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന ആരോപണവും യൂനിയനുകൾ ഉന്നയിക്കുന്നുണ്ട്. കമ്പനിയെ ലാഭത്തിലാക്കാനുള്ള പരിശ്രമത്തിനിടയിൽ യൂനിയനുകൾ അനാവശ്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നാണ് എം.ഡിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു. ഇത്തരത്തിലുള്ള ഭിന്നതകളുടെ തുടർച്ചയാണ് എം.ഡി രാജിയെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.