മലബാർ സിമൻറ്സ് അഴിമതി: മുൻ എം.ഡിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
text_fieldsപാലക്കാട്: മലബാർ സിമൻറ്സ് അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻ എം.ഡി എം. സുന്ദരമൂർത്തിയെ പ്രോസിക്യൂട്ട് ചെയ്യാൻ വ്യവസായ വകുപ്പ് അനുമതി നൽകി. കമ്പനിയുടെ അനുമതി ഇല്ലാതെ 50 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടി പിൻവലിച്ചതുമായി ബന്ധപ്പെട്ട്, പാലക്കാട് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് ഇദ്ദേഹം.
സുന്ദരമൂർത്തിക്ക് പുറമേ മലബാർ സിമൻറ്സ് ലീഗൽ ഒാഫിസറായിരുന്ന പ്രകാശ് ജോസഫ്, എ.ആർ.കെ വുഡ് ആൻഡ് മെറ്റൽസ് മുൻ എം.ഡിയും വ്യവസായിയുമായ വി.എം. രാധാകൃഷ്ണൻ, ഇതേ സ്ഥാപനത്തിെൻറ മുൻ എക്സിക്യൂട്ടിവ് ഡയറക്ടർ എസ്. വടിവേൽ എന്നിവർ ഉൾപ്പെട്ട കേസാണിത്.
മലബാർ സിമൻറ്സിന് നഷ്ടമുണ്ടാക്കിയ ഇടപാടിൽ, ഇറക്കുമതി കരാറുണ്ടാക്കിയിരുന്ന സ്വകാര്യ കമ്പനി ബാങ്കിൽ അടച്ചിരുന്ന ഗ്യാരണ്ടിത്തുകയായ 50 ലക്ഷം രൂപ പിൻവലിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്.
സ്വകാര്യ കമ്പനി ഗ്യാരണ്ടിത്തുക പിൻവലിക്കുന്നത് തടയാൻ കമ്പനി ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചില്ലെന്നും ഇതുവഴി മലബാർ സിമൻറ്സിന് വൻ സാമ്പത്തിക നഷ്ടം ഉണ്ടായതായും വിജിലൻസ് കെണ്ടത്തിയിരുന്നു. മലബാർ സിമൻറ്സ് അഴിമതിയുമായി ബന്ധപ്പെട്ട് തൃശൂർ വിജിലൻസ് കോടതിയിൽ രജിസ്റ്റർ ചെയ്ത ആറുകേസുകളിൽ ഒന്നാണിത്.
ഹൈകോടതി ഉത്തരവ് പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഇതിൽ കുറ്റപത്രം നൽകിയത് ബാങ്ക് ഗ്യാരണ്ടി പിൻവലിച്ചതുമായി ബന്ധപ്പെട്ട കേസിൽ മാത്രമാണ്. 2020 നവംബർ 19നാണ് പ്രോസിക്യൂഷന് അനുമതി ചോദിച്ച് എറണാകുളം മേഖല വിജിലൻസ് എസ്.പി സർക്കാറിന് കത്ത് നൽകിയത്.
ജനുവരി 20നാണ് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുന്ദരമൂർത്തിയെ പ്രതിചേർക്കാൻ അനുമതി നൽകി ഉത്തരവ് ഇറക്കിയത്. മറ്റൊരു അഴിമതി കേസിൽ മുൻ എം.ഡി കെ. പത്മകുമാറിനെ നേരത്തേ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.