സീറ്റ് കിട്ടാതെ ഒാപൺ സ്കൂളിലെത്തുന്നവരുടെ എണ്ണത്തിൽ മലപ്പുറം ബഹുദൂരം മുന്നിൽ; കടുത്ത വിവേചനം വ്യക്തമാക്കുന്ന കണക്കുകളിതാ..
text_fieldsകോഴിക്കോട്: ഹയർസെക്കന്‍ററി കോഴ്സിന് സീറ്റു കിട്ടാതെ ഒാപൺ സ്കൂളിനെ ആശ്രയിച്ചവരുടെ എണ്ണം എറ്റവും കൂടുതൽ മലപ്പുറത്ത്. കഴിഞ്ഞ വർഷം മാത്രം മലപ്പുറത്ത് സീറ്റു കിട്ടാതെ ഒാപൺ സ്കൂളിലെത്തിയത് 19215 കുട്ടികളാണ്. എന്നാൽ, എറണാകുളം മുതൽ തെക്കോട്ടുള്ള ഏഴു ജില്ലകളിൽ നിന്നുമായി കഴിഞ്ഞ വർഷം ഒാപൺ സ്കൂളിലെത്തിയത് 6972 കുട്ടികളാണ്. ഇതിന്‍റെ മൂന്നിരട്ടി കുട്ടികൾ മലപ്പുറത്ത് മാത്രം ഒാപൺ സ്കൂളിനെ ആശ്രയിക്കേണ്ടി വന്നു.
2013 മുതലുള്ള കണക്കുകൾ പരിശോധിക്കുേമ്പാൾ എല്ലാ ജില്ലകളിലും ഒാപൺ സ്കൂളിനെ ആശ്രയിക്കേണ്ടി വന്നവരുടെ എണ്ണത്തിൽ ഗണ്യമായി കുറവ് കാണുന്നുണ്ട്. എന്നാൽ, മലപ്പുറത്ത് മാത്രം എണ്ണത്തിൽ കുറവില്ല. 2013 ൽ മലപ്പുറത്ത് ഒാപൺ സ്കൂളിനെ ആശ്രയിച്ചവരുടെ എണ്ണം 19262 ആണ്. 2020 ൽ ഇത് 19215 ആണ്. തിരുവനന്തപുരത്ത് 2013 ൽ 5624 കുട്ടികൾ ഒാപൺ സ്കൂളിനെ ആശ്രയിച്ചപ്പോൾ 2020 ൽ 1781 കുട്ടികൾക്കാണ് ഒാപൺ സ്കൂളിനെ ആശ്രയിക്കേണ്ടി വന്നത്. ഇതേ നിരക്കിലുള്ള കുറവ് മറ്റു ജില്ലകളിൽ കാണുേമ്പാഴാണ് മലപ്പുറത്ത് ഒാപൺ സ്കൂളിനെ ആശ്രയിക്കുന്നവരുടെ എണ്ണം മാറാതെ തുടരുന്നത്.
2020 ലെ കണക്കനുസരിച്ച് മലപ്പുറത്തിന്‍റെ തൊട്ടുപിറകിലുള്ളത് കോഴിക്കോടാണ്. കോഴിക്കോട് കഴിഞ്ഞ വർഷം ഒാപൺ സ്കൂളിനെ ആശ്രയിച്ചത് 6797 കുട്ടികളാണ്. ഇതിന്‍റെ മൂന്നിരട്ടിയാണ് മലപ്പുറത്ത് ഒാപൺ സ്കൂളിലെത്തിയ കുട്ടികളുടെ എണ്ണം. അതേസമയം, ഏഴ് തെക്കൻ ജില്ലകളിൽ നിന്നുമായി ഒാപൺ സ്കൂളിലെത്തിയവരുടെ എണ്ണം കോഴിക്കോടു നിന്ന് ഒാപൺ സ്കൂളിലെത്തിയാവരുടെ എണ്ണത്തിന് ഏറെ കുറെ സമാനമാണ്. ഒാപൺ സ്കൂളിലെത്തിയവരുടെ എട്ടു വർഷത്തെ കണക്കുകൾ പരിശോധിക്കുേമ്പാൾ മലബാർ ജില്ലകൾ പൊതുവെ അനുഭവിക്കുന്ന വിവേചനവും വ്യക്തമാണ്.
കഴിഞ്ഞ എട്ടു വർഷത്തിനിടെ പത്തനംതിട്ട ജില്ലയിൽ നിന്ന് ഒാപൺസ്കൂളിനെ ആശ്രയിക്കേണ്ട വന്നത് 971 കുട്ടികൾക്ക് മാത്രമാണ്. 2020 ൽ 37 കുട്ടികളാണ് പത്തനംതിട്ടയിൽ ഒാപൺ സ്കൂളിൽ രജിസ്റ്റർ ചെയ്തത്. കോട്ടയത്ത് കഴിഞ്ഞ വർഷം 341 കുട്ടികളും ഇടുക്കിയിൽ 364 കുട്ടികളുമാണ് ഒാപൺ സ്കൂളിലെത്തിയത്. ഈ കണക്കുകൾ വടക്കൻ ജില്ലകളുടെ കണക്കുമായി താരതമ്യം ചെയ്യുേമ്പാൾ വലിയ അന്തരമാണ് കാണുന്നത്. എട്ടു വർഷത്തിനിടെ മലപ്പുറത്ത് നിന്ന് മാത്രം ഒാപൺ സ്കൂളിനെ ആശ്രയിക്കേണ്ടി വന്നവരുടെ എണ്ണം ഒന്നര ലക്ഷത്തിലധികമാണ്.
വിദ്യാഭ്യാസ അവസരങ്ങളുടെ കാര്യത്തിൽ വടക്കൻ ജില്ലകൾ അനുഭവിക്കുന്ന കടുത്ത വിവേചനം വ്യക്തമാക്കുന്നതാണ് കഴിഞ്ഞ എട്ടു വർഷം ഒാപൺ സ്കൂളിൽ രജിസ്റ്റർ ചെയ്തവരുടെ ജില്ല തിരിച്ചുള്ള എണ്ണം. വിദ്യാഭ്യാസ അവസരങ്ങളിൽ മലപ്പുറവും മറ്റു ജില്ലകളും തമ്മിലുള്ള കടുത്ത അന്തരവും ഈ കണക്കുകളിൽ കാണാം. കൂടിയ വിസ്തീർണവും വലിയ ജനസംഖ്യയുമാണ് സീറ്റു കിട്ടാത്തവരുടെ എണ്ണം കുടാൻ കാരണമെന്ന ന്യായീകരണത്തിന് നിലനിൽക്കാനാകാത്തവിധം കടുത്തതാണ് ഈ അന്തരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.