മലബാർ സമര പോരാളികളെ സുവർണലിപികളിൽ രേഖപ്പെടുത്തണം -പി.വി അബ്ദുൽ വഹാബ് എം.പി
text_fieldsന്യൂഡൽഹി: വീരനായ ആലി മുസ്ല്യാർ ഉൾപ്പെടെ 387 മലബാർ സമര പോരാളികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽനിന്ന് ഒഴിവാക്കിയ നടപടിക്കെതിരെ രാജ്യസഭയിൽ പ്രതിഷേധമുയർത്തി പി.വി അബ്ദുൽ വഹാബ് എം.പി. രാജ്യത്തിനു വേണ്ടി ജീവൻ നൽകിയ ഇവരുടെ പേര് രക്തസാക്ഷി പട്ടികയിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്‌റ്റോറിക്കൽ റിസർച്ച് ആണ് മലബാർ സമര രക്തസാക്ഷികളെ പട്ടികയിൽനിന്ന് ഒഴിവാക്കിയത്. രാജ്യത്തിനകത്തുനിന്നു കൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയവരാണിവർ. രാജ്യത്തിന് പുറത്ത് നിന്ന് സ്വാതന്ത്ര്യ സമരം നയിച്ച ഉബൈദുള്ള സിന്ധിയുടെ നേതൃത്വത്തിലുള്ള സിൽക്ക് ലെറ്റർ പ്രസ്ഥാനത്തെയും വടക്കെ അമേരിക്കയിലെ ഇന്ത്യക്കാർ രൂപം നൽകിയ ഗദ്ദർ പ്രസ്ഥാനത്തെയുമെല്ലാം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ച പാരമ്പര്യമാണ് രാജ്യത്തിനുള്ളത്. - എം.പി പാർലമെന്റിനെ ഓർമിപ്പിച്ചു.
ആലി മുസ്ല്യാരെയും മലബാർ സമര പോരാളികളെയും രക്തസാക്ഷി പട്ടികയിൽനിന്ന് ഒഴിവാക്കുന്നത് അനീതിയും നന്ദികേടുമാണ്. ഈ നടപടി പിൻവലിച്ച് ധീരദേശാഭിമാനികൾക്ക് അർഹിച്ച ആദരവ് നൽകണം -കേരളത്തിന്റെ വികാരം പി.വി അബ്ദുൽ വഹാബ് എം.പി രാജ്യസഭയിൽ ഉയർത്തി. എം.പിയുടെ പ്രസംഗം ഉൾക്കൊണ്ട സഭാധ്യക്ഷൻ വെങ്കയ്യ നായിഡു ഇക്കാര്യം പ്രത്യേകം പരാമർശിക്കുകയും രാജ്യത്തിനു വേണ്ടി ജീവൻ നൽകിയവരെയെല്ലാം തുല്യ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടണമെന്ന് ഓർമപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.