മലബാർ ഗ്രൂപ് 30ാം വാർഷികവും കാക്കഞ്ചേരി ആഭരണ നിർമാണശാല ഉദ്ഘാടനവും നാലിന്
text_fieldsകോഴിക്കോട്: മൂന്നുപതിറ്റാണ്ടുമുമ്പ് കോഴിക്കോട് നഗരത്തിൽ ഏതാനും സംരംഭകരുടെ കൂട്ടായ്മയിൽ ആരംഭിച്ച മലബാർ ഗ്രൂപ് 30ാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിലും വിദേശത്തുമായി ഒരുവർഷം നീളുന്ന പരിപാടികൾ നടക്കുമെന്ന് ചെയർമാൻ എം.പി. അഹമ്മദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വാർഷിക പരിപാടികളുടെയും കാക്കഞ്ചേരി കിൻഫ്ര പാർക്കിൽ മലബാർ സ്ഥാപിച്ച ആധുനിക ഇന്റഗ്രേറ്റഡ് ജ്വല്ലറി യൂനിറ്റ് ആൻഡ് ഡിസൈൻ സ്റ്റുഡിയോവിന്റെയും ഉദ്ഘാടനം മാർച്ച് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കാക്കഞ്ചേരി കിൻഫ്ര പാർക്കിൽ രാവിലെ 11.30ന് നടക്കുന്ന ചടങ്ങിൽ മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും.
1.75 ലക്ഷം ചതുരശ്ര അടിയിലാണ് ഡിസൈൻ സ്റ്റുഡിയോ പൂർത്തിയാക്കിയത്. ഇന്ത്യയിലെതന്നെ ഏറ്റവും ആധുനിക സജ്ജീകരണമുള്ള ആഭരണ നിർമാണ ശാലയാണിത്. 250 കോടി രൂപയാണ് മുതൽമുടക്ക്. മലിനീകരണം തീർത്തും ഒഴിവാക്കാൻ നവീന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. കാക്കഞ്ചേരി യൂനിറ്റ് പൂർണ തോതിൽ പ്രവർത്തിക്കുമ്പോൾ ആയിരത്തിലധികം പേർക്ക് തൊഴിൽ ലഭിക്കും. ഇതിൽ 250ഓളം പേർ വനിതകളായിരിക്കും. ഇപ്പോൾതന്നെ വിവിധ വിഭാഗങ്ങളിലായി 600ലേറെ പേർ കമ്പനിയിൽ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റേതടക്കം സർക്കാറിൽനിന്ന് എല്ലാ അനുമതികളും ലഭിച്ചശേഷമാണ് ഫാക്ടറി ആരംഭിക്കുന്നത്. ഫാക്ടറിക്കെതിരെ നടക്കുന്നത് സ്പോൺസേഡ് സമരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി മലബാറിന് ഇപ്പോൾ 307 ഷോറൂമുകളും 14 ആഭരണ നിർമാണശാലകളുമുണ്ട്. ഷോപ്പുകളിലും ഫാക്ടറികളിലുമായി ഇരുപതിനായിരത്തോളം പേർ ജോലിചെയ്യുന്നു. വാർഷികത്തോടനുബന്ധിച്ച് ഏറ്റവും വലിയ ജ്വല്ലറി ഷോറൂം കോഴിക്കോട്ട് ഉടൻ യാഥാർഥ്യമാകും. ലാഭത്തിന്റെ അഞ്ചുശതമാനം സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തസമ്മേളനത്തിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഒ. അഷർ, ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർമാരായ കെ.പി. വീരാൻകുട്ടി, എ.കെ. നിഷാദ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.