സ്വർണത്തിന് ഇ-വേ ബിൽ ഏർപ്പെടുത്തുന്നത് ധീര നടപടി –എം.പി. അഹമ്മദ്
text_fieldsകോഴിക്കോട്: കള്ളക്കടത്തും നികുതിവെട്ടിപ്പും തടയാൻ സംസ്ഥാനത്തിനകത്ത് സ്വർണം കൊണ്ടുപോകാൻ ഇ-വേ ബിൽ നിർബന്ധമാക്കാനുള്ള സർക്കാർ തീരുമാനം ധീര നടപടിയാണെന്നും പിന്തുണക്കുന്നുവെന്നും മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ്.
നികുതി വെട്ടിച്ച് കൊണ്ടുവരുന്ന സ്വർണം പിഴയടച്ച് വിട്ടുനൽകുന്ന ഇപ്പോഴത്തെ രീതിക്ക് പകരം സ്വർണം പിടിച്ചെടുക്കാനുള്ള തീരുമാനം അനധികൃത സ്വർണ വ്യാപാരത്തിന് തടയിടാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ അനധികൃത സ്വർണ വിൽപന വ്യാപകമാണ്. ലൈസൻസില്ലാതെ നിരവധി അനധികൃത സ്വർണനിർമാണ ശാലകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. സ്വർണ കള്ളക്കടത്തിലൂടെ കോടിക്കണക്കിന് രൂപ നികുതി ഇനത്തിൽ കാലങ്ങളായി സർക്കാറിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. നാടിെൻറ സമ്പദ് വ്യവസ്ഥക്കും സുരക്ഷക്കും ഇത് വലിയ ഭീഷണി ഉയർത്തുകയാണെന്നും എം.പി. അഹമ്മദ് പറഞ്ഞു.
അതേസമയം, എല്ലാ നികുതികളും നൽകി നിയമപ്രകാരം കച്ചവടം നടത്തുന്ന സ്വർണ വ്യാപാരികളെ ഇ-വേ ബിൽ പരിശോധനയുടെ പേരിൽ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബുള്ള്യൻ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ വലിയ തോതിലുള്ള ഇറക്കുമതി തീരുവയാണ് കള്ളക്കടത്ത് വ്യാപകമാകുന്നതിനുള്ള പ്രധാന കാരണം. മറ്റ് പല രാജ്യങ്ങളും ചെയ്യുന്നതുപോലെ ബുള്ള്യൻ ഇറക്കുമതി തീരുവ പൂർണമായും ഒഴിവാക്കി ആഭരണങ്ങൾക്കുമാത്രം തീരുവ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തയാറാകണം. ബുള്ള്യൻ ഇറക്കുമതിക്ക് അധികാരം ബാങ്കുകൾക്കും സർക്കാർ അംഗീകൃത ഏജൻസികൾക്കുമായി നിജപ്പെടുത്തുകയും വേണം. നികുതി വെട്ടിപ്പിനെതിരെ സർക്കാറും മാധ്യമങ്ങളുമെല്ലാം ജനങ്ങൾക്കിടയിൽ ശക്തമായ ബോധവത്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.