ഇടതു കോട്ടകൾ നിലനിർത്തി മലബാർ; ലീഗ് ഭൂരിപക്ഷത്തിൽ വൻ ഇടിവ്
text_fieldsകോഴിക്കോട്: ചരിത്രവിജയത്തോടെ സംസ്ഥാനത്ത് എൽ.ഡി.എഫ് തുടർ ഭരണത്തിലെത്തുേമ്പാൾ മലബാർ മേഖലയിൽ ഇടതുകോട്ടകൾക്ക് ഇളക്കമില്ല. മലബാറിലെ ശക്തിദുർഗങ്ങൾ നിലനിർത്താനായെങ്കിലും തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും പോലെ ഇടതിെൻറ തേരോട്ടം മലബാറിൽ അത്ര പ്രകടമായില്ല. പാലക്കാടും കണ്ണൂരും ഓരോ സീറ്റ് പിടിച്ചെടുക്കാനായെങ്കിലും വയനാട്ടിൽ ഒരു സീറ്റ് നഷ്ടപ്പെട്ടു. കാസർകോടും കോഴിക്കോടും തൽസ്ഥിതി നിലനിർത്തി.
കാസർക്കോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലെ ആകെയുള്ള 60 സീറ്റുകളിൽ 38 എണ്ണം എൽ.ഡി.എഫും 22 യു.ഡി.എഫും നേടി. ഇടതുതരംഗത്തിൽ മുസ്ലിംലീഗിെൻറ സീറ്റുകൾ 18 ൽനിന്ന് 15 ആയി. മലപ്പുറത്തുപോലും മിക്ക മണ്ഡലങ്ങളിലും ലീഗ് സ്ഥാനാർഥികളുടെ ഭൂരിപക്ഷത്തിൽ വൻ ഇടിവുണ്ടായിട്ടുണ്ട്.
പാലക്കാട് ജില്ലയിൽ 12ൽ പത്തും എൽ.ഡി.എഫ് ഒപ്പം നിർത്തി. തൃത്താലയാണ് എൽ.ഡി.എഫ് പുതുതായി പിടിച്ചെടുത്ത മണ്ഡലം. സിറ്റിങ് എം.എൽ.എയും കോൺഗ്രസിലെ യുവനിരയിലെ പ്രമുഖനുമായ വി.ടി. ബൽറാമിനെ, സി.പി.എമ്മിലെ മുൻ എം.പി കൂടിയായ എം.ബി. രാജേഷാണ് പരാജയപ്പെടുത്തിയത്.
മുഖ്യമന്ത്രിയാവാൻ സന്നദ്ധതയറിയിച്ച 'മെട്രോമാൻ' ഇ. ശ്രീധരനെ ബി.ജെ.പി പാലക്കാട്ട് മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയെങ്കിലും അദ്ദേഹത്തിന് മികച്ച മത്സരം കാഴ്ചവെക്കാനല്ലാതെ ജയിക്കാനായില്ല. പാലക്കാട്ട് പ്രധാനമന്ത്രി നേരന്ദ്ര മോദിയും അഭ്യന്തരമന്ത്രി അമിത് ഷായുമുൾപ്പെടെയുള്ള ബി.ജെ.പിയുടെ സമുന്നത നേതാക്കളൊക്കെയും പ്രചാരണത്തിനെത്തിയെങ്കിലും ശ്രീധരനെ കരക്കെത്തിക്കാൻ ബി.ജെ.പിക്കായില്ല. സിറ്റിങ് എം.എൽ.എയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറുമായ ഷാഫി പറമ്പിൽ തന്നെ ഇവിടെ വിജയിച്ചു.
കണ്ണൂരിൽ അഴീക്കോട് മണ്ഡലമാണ് ഇടതുമുന്നണി ഇത്തവണ പുതുതായി പിടിച്ചത്. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയും സിറ്റിങ് എം.എൽ.എയുമായ കെ.എം.ഷാജിയെ മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറും സി.പി.എം യുവ നേതാവുമായ കെ.വി. സുമേഷാണ് തോൽപിച്ചത്. ആകെയുള്ള 13 സീറ്റിൽ ഒമ്പതു സീറ്റാണ് ഇവിടെ ഇടതുമുന്നണി നേടിയത്.
കാസർേകാട് ജില്ലയിൽ ഇരു മുന്നണിയും തൽസ്ഥിതി നിലനിർത്തി. ജില്ലയിലെ അഞ്ചു സീറ്റുകളിൽ മൂന്നെണ്ണം എൽ.ഡി.എഫും രണ്ടെണ്ണം യു.ഡി.എഫും നേടി.
മേഞ്ചശ്വരത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ നാടും കാടും ഇളക്കി പ്രചാരണം നടത്തിയെങ്കിലും ലീഗിലെ എ.കെ.എം അഷ്റഫിനോട് പരാജയമേറ്റുവാങ്ങി.
മലബാറിൽ വയനാട്ടിലാണ് എൽ.ഡി.എഫിന് സീറ്റ് കുറഞ്ഞത്. ആകെയുള്ള മൂന്നു സീറ്റിൽ എൽ.ഡി.എഫിെൻറ സിറ്റിങ് സീറ്റായ കൽപറ്റയും ഒപ്പം സുൽത്താൻ ബത്തേരിയും യു.ഡി.എഫ് നേടി. മാനന്തവാടി മാത്രമാണ് എൽ.ഡി.എഫ് നിലനിർത്തിയത്.
മലപ്പുറം ജില്ലയിൽ ഭൂരിപക്ഷത്തിെൻറ കാര്യത്തിൽ പല മണ്ഡലങ്ങളിലും ഇടിവുണ്ടായെങ്കിലും യു.ഡി.എഫ് ആധിപത്യം മാറ്റമില്ലാതെ നിലനിർത്തി. മലപ്പുറത്തെ 16ൽ നാലു മണ്ഡലങ്ങളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെന്നപോലെ ഇൗ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫിനൊപ്പം നിന്നത്. ഇതിൽ താനൂരിൽ സിറ്റിങ് എം.എൽ.എ വി. അബ്ദുറഹിമാൻ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ 129 വോട്ടുകൾക്കും തവനൂരിൽ സിറ്റിങ് എം.എൽ.എ കെ.ടി. ജലീൽ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിനെ 2,564 വോട്ടുകൾക്കുമാണ് പരാജയപ്പെടുത്തിയത്. പൊന്നാനിയിൽ സി.പി.എമ്മിലെ നന്ദകുമാർ 17,043 വോട്ടുകൾക്കാണ് കോൺഗ്രസിലെ എ.എം. രോഹിതിനെ പരാജയപ്പെടുത്തിയത്. കേരളത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവും ജില്ലയിലാണ്. പെരിന്തൽമണ്ണയിലെ യു.ഡി.എഫ് സ്ഥാനാർഥി യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം 30 വോട്ടുകൾക്കാണ് ഇടത് സ്വതന്ത്രൻ കെ.പി. മുസ്തഫയെ പരാജയപ്പെടുത്തിയത്.
കോഴിക്കോട്ടെ 13 മണ്ഡലങ്ങളിൽ 11 ഉം മുൻവർഷത്തെപോലെ ഇടതുമുന്നണി നിലനിർത്തി. യു.ഡി.എഫ് 2016 ൽ കോഴിക്കോട് സൗത്തും കുറ്റ്യാടിയുമാണ് നേടിയതെങ്കിൽ ഇത്തവണ ഈ രണ്ടു മണ്ഡലങ്ങളും ഇടതുമുന്നണി പിടിച്ചടക്കി. പകരമായി കൊടുവള്ളിയും വടകരയുമാണ് യു.ഡി.എഫ് നേടിയത്. വടകരയിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച ആർ.എം.പി സ്ഥാനാർഥി കെ.കെ. രമയും കൊടുവള്ളിയിൽ മുസ്ലിംലീഗിലെ നിയമസഭ പാർട്ടി ലീഡർ എം.കെ. മുനീറുമാണ് വിജയിച്ചത്. കാൽനൂറ്റാണ്ടിനുശേഷം മുസ്ലിംലീഗ് രംഗത്തിറക്കിയ ഏക വനിത സ്ഥാനാർഥി അഡ്വ. നൂർബിന റഷീദ് കോഴിക്കോട് സൗത്തിൽ ഐ.എൻ.എൽ സ്ഥാനാർഥി അഹമ്മദ് ദേവർകോവിലിനോട് 12,459 ലേറെ വോട്ടുകൾക്ക് പരാജയം ഏറ്റുവാങ്ങി. 2006നുശേഷം ഐ.എൻ.എല്ലിന് നിയമസഭാംഗത്വം ലഭിക്കുന്നത് ആദ്യമായാണ്.
-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.