മലബാർ ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് അംഗീകാരം
text_fieldsപയ്യന്നൂർ: വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം മലബാർ ദേവസ്വം ബോർഡിനുകീഴിലെ ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് സർക്കാർ അംഗീകാരം. 2022ൽ മടക്കിയയച്ച പരിഷ്കരണ നടപടികൾക്കാണ് അംഗീകാരം നൽകി ഉത്തരവിറക്കിയത്. കാസർകോട് മുതൽ പാലക്കാട് വരെയുള്ള ക്ഷേത്രങ്ങളിലെ ആറായിരത്തോളം ജീവനക്കാർക്ക് പ്രയോജനകരമാണ് തീരുമാനം.
2022 ജനുവരി 11ലെ മലബാർ ദേവസ്വം ബോർഡ് യോഗ തീരുമാനപ്രകാരം ക്ഷേത്ര ജീവനക്കാരുടെ ശമ്പള ഫിക്സേഷൻ ഉത്തരവിലും ക്ഷാമബത്ത അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലുമാണ് അപാകത ചൂണ്ടിക്കാട്ടിയിരുന്നത്. തുടർന്നാണ് ആവശ്യമായ ഭേദഗതികളോടെ വീണ്ടും സമർപ്പിച്ചത്.
2023-2024 സാമ്പത്തിക വർഷത്തിൽ മലബാർ ദേവസ്വം ബോർഡിന് ഗ്രാന്റ്-ഇൻ-എയ്ഡ് സാലറി ഹെഡിൽ വകയിരുത്തിയ 25,13,39,000 രൂപ ഗ്രാന്റ് ഉപയോഗിച്ചായിരിക്കും ശമ്പളം നൽകുക. അധിക സാമ്പത്തിക ബാധ്യതയായി കണക്കാക്കിയ അഞ്ചുകോടി 44 ലക്ഷം രൂപ ബോർഡ് വഹിക്കേണ്ടതാണെന്നും ഉത്തരവിലുണ്ട്. പരിഷ്കരണത്തിന് 2019 ജനുവരി ഒന്നുമുതൽ പരിഗണനയുണ്ടാവും എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. വൻ ബാധ്യത വരുമെന്നതിനാൽ കുടിശ്ശികയുടെ കാര്യം പിന്നീട് തീരുമാനിക്കാമെന്ന വ്യവസ്ഥയോടെ നിർദേശം അംഗീകരിക്കുകയായിരുന്നു.
2008 ഒക്ടോബർ ഒന്നിനാണ് കാസർകോട് മുതൽ പാലക്കാട് വരെയുള്ള 1340ഓളം ക്ഷേത്രങ്ങളെ ഉൾപ്പെടുത്തി മലബാർ ദേവസ്വം ബോർഡ് നിലവിൽവന്നത്. ബോർഡ് വന്നിട്ടും മാന്യമായ വേതനം ജീവനക്കാർക്ക് ലഭിച്ചിരുന്നില്ല. ഈ പ്രശ്നങ്ങൾക്കുകൂടിയാണ് പരിഹാരമാവുന്നത്. നിലവിൽ 1500ലധികം ക്ഷേത്രങ്ങളും 6000ത്തോളം ജീവനക്കാരുമാണ് ബോർഡിന് കീഴിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.