ഷൊർണ്ണൂർ-കണ്ണൂർ പാതയിൽ എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കിയത് പിൻവലിക്കണം; യാത്രക്കാരുടെ കൂട്ടായ്മ സമര പ്രഖ്യാപന കൺവെൻഷൻ നടത്തി
text_fieldsതിരൂർ: മലബാർ ഭാഗത്ത് ഷൊർണ്ണൂർ-കണ്ണൂർ പാതയിൽ എക്സ്പ്രസ് ട്രെയ്നുകൾ റദ്ദാക്കിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് മലബാർ ട്രെയിൻ പാസഞ്ചേർസ് ആൻഡ് വെൽഫെയർ അസോസിയേഷൻ സമര പ്രഖ്യാപന കൺവെൻഷൻ നടത്തി. പാസഞ്ചർ ട്രെയിനുകളുടെ സമയമാറ്റം മൂലം യാത്രക്കാർക്ക് നേരിട്ട പ്രയാസങ്ങൾ പരിഹരിക്കണമെന്നും കൺവെൻഷൻ അവശ്യപ്പെട്ടു.
ഷൊര്‍ണൂര്‍ - കോഴിക്കോട് റൂട്ടിൽ നിർത്തലാക്കിയ 06495, 06496 ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്നും 16608, 06455 ട്രെയിനുകളുടെ സമയം പൂർവസ്ഥിതിയിലേക്ക് മാറ്റണം. ദൈനം ദിനം ആയിരക്കണക്കിന് സാധാരണ യാത്രക്കാരും വിദ്യാര്‍ഥികളും ആശ്രയിക്കുന്ന 06495, 06496 വണ്ടികള്‍ നിർത്തലാക്കുകയും 16608, 06455 വണ്ടികളുടെ സമയമാറ്റം വരുത്തുകയും ചെയ്തത് മൂലം വൈകീട്ട് വീട്ടിലെത്തിച്ചേരാൻ വിദ്യാര്‍ഥികളും സ്ത്രീ യാത്രക്കാരും ഉൾപ്പെടെ നെട്ടോട്ടമോടുകയാണ്.
വന്ദേ ഭാരത് ഉൾപ്പെടെ ദീർഘദൂര വണ്ടികള്‍ക്ക് കടന്നു പോവാന്‍ സൗകര്യമൊരുക്കുമ്പോൾ പതിറ്റാണ്ടുകളായി സ്ഥിരം ട്രെയ്ന്‍ യാത്ര ചെയ്യുന്ന സാധാരണക്കാരെ അവഗണിക്കുന്ന രീതി ശരിയല്ല. വൈകിട്ട് 05.45ന് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടുന്ന 06455 ട്രെയിന്‍ രാത്രി 08.40ലേക്ക് മാറ്റിയത് കൊണ്ട് ഒരാള്‍ക്കും പ്രയോജനമില്ല. ഈ വണ്ടി പഴയ സമയത്ത് പുനഃസ്ഥാപിക്കുകയും കണ്ണൂരിലേക്ക് നീട്ടുകയും വേണം. സാധാരണക്കാരുടെയും ഗ്രാമീണരുടെയും യാത്രാക്ലേശം പരിഹരിക്കാന്‍ പകൽ സമയങ്ങളില്‍ മെമു സർവീസ് ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മേൽ ആവശ്യങ്ങള്‍ ഉന്നയിച്ച് മലബാര്‍ ട്രെയിന്‍ യാത്രാ സംരക്ഷണ ദിനം ആചരിക്കാനും നോട്ടീസ് പ്രചാരണം, ഇ മെയില്‍ കാമ്പയിൻ, യാത്രാ സംരക്ഷണ സംഗമം എന്നിവ നടത്താനും യോഗം തീരുമാനിച്ചു. സെക്രട്ടറി എം. ഫിറോസ് സ്വാഗതം പറഞ്ഞു. കെ രഘുനാഥ് ഉദ്ഘാടനം ചെയ്തു. പി.പി അബ്ദുള്‍ റഹ്മാന്‍ വള്ളിക്കുന്ന് അധ്യക്ഷത വഹിച്ചു. കെ. അഷ്റഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പി.പി രാമനാഥൻ കോഴിക്കോട്, ഹാരിസ് കോയ ഫറോക്ക്, പിസത്യൻ കോഴിക്കോട്, കെ. വിനോദ് ചന്ദ്രൻ, പി. അബൂബക്കര്‍ പരപ്പനങ്ങാടി, കാർത്തികേയൻ അരിയല്ലൂര്‍, ജി. രാമകൃഷ്ണന്‍ തിരൂർ, മുഹമ്മദ് ഹനീഫ കടലുണ്ടി നഗരം, ടി. മുനീര്‍ കുറ്റിപ്പുറം, ഷാരോണ്‍ മുഹ്സിൻ എരമംഗലം, അബ്ദുല്‍ മജീദ് പി.പി, സനീഷ് പി, രതീഷ് കോഴിക്കോട്, ഷെജിൽ ബാബു, പ്രമോദ് കുമാര്‍, വി. രാജീവ്, പ്രകാശൻ, അബ്ദുല്‍ റഷീദ് വി തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.