40 മണിക്കൂറിലേറെയായി ബാബു മലയിടുക്കിൽ; സൈന്യം തൊട്ടരികിലേക്ക്, മനമുരുകി നാട്...
text_fieldsപാലക്കാട്: ഭക്ഷണമോ വെള്ളമോ കിട്ടാതെ കൊടുംചൂടിൽ അവശനായി ബാബു കഴിയവെ, ആശങ്കയിൽ ഉരുകുകയാണ് മാതാവ് റഷീദയും സഹോദരൻ ഷാജിയും ബന്ധുക്കളും. രക്ഷാദൗത്യം പുരോഗമിക്കുകയാണ്, പ്രതീക്ഷയിൽ മലഞ്ചെരുവിൽ ഇരിക്കുകയാണ് മാതാവും ബന്ധുക്കളും. ഇന്നു പുലർച്ചയോടെ ദൗത്യസേന ബാബുവിനടുത്തെത്തി കഴിഞ്ഞു. ഇനിയുള്ള മണിക്കൂറുകൾ നിർണായകമാണ്. രണ്ടു സംഘമായാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. സൈന്യം ബാബുവുമായി സംസാരിച്ചു കഴിഞ്ഞു. ചെറാട് ഭാഗത്തുനിന്ന് നോക്കിയാൽ ബാബു കുടുങ്ങികിടക്കുന്ന കൂമ്പാച്ചി മലയുടെ എലിച്ചിരം ഭാഗം കാണാം. ആയിരമടിയോളം ഉയരത്തിൽ ചെങ്കുത്തായികിടക്കുന്ന എലിച്ചിരം ചെരുവിൽ ഒരു വിടവിലാണ് ബാബു കുടുങ്ങിക്കിടക്കുന്നത്. ഇവിടെനിന്ന് മുകളിലേക്ക് കയറാനോ താഴേക്ക് ഇറങ്ങാനോ കഴിയില്ല. മല തള്ളിനിൽക്കുന്ന ഭാഗമായതിനാൽ രക്ഷസംഘങ്ങൾക്ക് നെറുകെയിൽ എത്തിയാൽ ബാബു ഇരിക്കുന്ന സ്ഥലം എവിടെയെന്ന് പോലും കാണാൻ കഴിയില്ല. മലയുടെ ചെരുവിൽനിന്നാൽ ബാബു ഇരിക്കുന്ന സ്ഥലം കാണാം. എന്നാൽ അങ്ങോട്ട് ഇറങ്ങാനും കഴിയില്ല. രക്ഷസംഘങ്ങൾ കയർ കെട്ടി ഇതിന് ശ്രമിച്ചെങ്കിലും അപകടമായതിനാൽ ഉപേക്ഷിച്ചു. റഷീദയുടെ മൂത്ത മകനാണ് 24കാരനായ ബാബു. പത്രവിതരണക്കാരനായ ഇദ്ദേഹം മലമ്പുഴയിൽ ഒരു ഹോട്ടലിലും ജോലി ചെയ്യുന്നുണ്ട്. ട്രക്കിങ്ങിനാണ് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ച കൂമ്പാച്ചി മല കയറിയത്.
എങ്ങനെ കുടുങ്ങിയെന്ന് രക്ഷാദൗത്യത്തിൽ ഏർപ്പെട്ടവർക്കുപോലും പറയാൻ കഴിയുന്നില്ല
പാലക്കാട്: രക്ഷാപ്രവർത്തകർക്ക് ഒരുനിലക്കും എത്താൻ പറ്റാത്ത നിലയിലുള്ള ചെങ്കുത്തായ മലയിടുക്കിലാണ് യുവാവ് കുടുങ്ങിക്കിടക്കുന്നത്. മലമ്പുഴ ചെറാട് കൂമ്പാച്ചിമലയിലെ ഈ ദുർഘട മേഖലയിൽ യുവാവ് എങ്ങനെ കുടുങ്ങിയെന്ന് രക്ഷാദൗത്യത്തിൽ ഏർപ്പെട്ടവർക്കുപോലും പറയാൻ കഴിയുന്നില്ല. മലമുകളിൽനിന്ന് വഴിതെറ്റി താഴെക്കിറങ്ങാനുള്ള ശ്രമത്തിനിടെ, വഴുതിവീണ് പിന്നീട് അങ്ങോട്ടുമിങ്ങോട്ടും കയറാൻ കഴിയാത്തതാകാമെന്നാണ് കരുതുന്നത്.
മരങ്ങളോ പുല്ലുകളോ ഇല്ലാത്ത ഗുഹ പോലുള്ള ഇടുങ്ങിയ പാറക്കുള്ളിലാണ് യുവാവ് കുടുങ്ങിക്കിടക്കുന്നത്. വളരെ ഉയരത്തിൽനിന്ന് വീണതാകാൻ സാധ്യതയില്ലെന്ന് രക്ഷപ്രവർത്തകർ പറയുന്നു. തലയിലെ തൊപ്പി നഷ്ടമായിട്ടില്ല. മൊബൈൽ ഫോണിനും കേടില്ല.
കാലിന്റെ മുട്ടിലും തള്ളവിരിലും മുറിവേറ്റതിനപ്പുറം പരിക്കുകൾ ഇല്ലാത്തതിനാൽ വലിയ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് അനുമാനം. രണ്ട് മണിക്കൂറോളമെടുക്കും മലകയറി നെറുകയിലെത്താൻ. പത്രവിതരണക്കാരനായ ബാബു ഈ ജോലി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സുഹൃത്തുക്കളോടൊപ്പം മല കയറിയത്. മലയിൽ പോകുന്ന വിവരം വീട്ടിൽ പറഞ്ഞിരുന്നില്ലെന്ന് റഷീദ പറയുന്നു. വെറുതെ വിനോദത്തിന് കയറിയതാണെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ പുറപ്പെട്ട ആദ്യ രക്ഷസംഘം മലയുടെ ഒരു വശത്തുനിന്ന് യുവാവ് ബഹളം വെക്കുന്ന ശബ്ദം കേട്ടിരുന്നു. ഷർട്ട് ഊരി ഉയർത്തിക്കാണിക്കുകയും ചെയ്തിരുന്നു.
തുടർന്ന് എൻ.ഡി.ആർ.എഫ് അടക്കം മൂന്ന് സംഘങ്ങൾ കൂമ്പാച്ചിമലയിലെത്തി. എന്നാൽ, ആർക്കും യുവാവ് നിൽക്കുന്ന സ്ഥലത്തേക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. ഫയർഫോഴ്സ്, വനംവകുപ്പ്, പൊലീസ് സേനകളും സിവിൽ ഡിഫൻസ് വളന്റിയർമാരും നാട്ടുകാരും ഐ.ആർ.ഡബ്ല്യൂ ഉൾപ്പെടെ സന്നദ്ധ സംഘങ്ങളും രക്ഷദൗത്യവുമായി മലവാരത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.