മലങ്കര സഭാ തർക്കം; സർക്കാറിന് തലവേദനയായി വീണ്ടും പള്ളികളിലെ കോടതിവിധി നടത്തിപ്പ്
text_fieldsകൊച്ചി: പള്ളികളിലെ കോടതിവിധി നടത്തിപ്പുമായി ബന്ധപ്പെട്ട് യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ തർക്കവും സംഘർഷവും വീണ്ടും രൂക്ഷമാകുന്നു. ഇതിൽതന്നെ എറണാകുളം ജില്ലയിലെ പുളിന്താനം, മഴുവന്നൂർ പള്ളികളിലെ വിധി നടത്തിപ്പ് സർക്കാറിന് തലവേദനയാകുകയാണ്.
2017ലെ സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ച് ആറ് പള്ളികളിൽക്കൂടി പ്രവേശിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതിന് കോടതി അനുമതി നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ പുളിന്താനം, മഴുവന്നൂർ പള്ളികളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ഓർത്തഡോക്സ് വിഭാഗം എത്തിയതാണ് സംഘർഷമുണ്ടാകാൻ കാരണം.
ഈ ഇടവകകൾ യാക്കോബായ വിഭാഗത്തിന് വലിയ ഭൂരിപക്ഷമുള്ളതാണ്. ഓർത്തഡോക്സ് വിഭാഗം നാമമാത്രവുമാണ്. ഇതോടെ യാക്കോബായ വിശ്വാസികൾ പ്രശ്നത്തെ വൈകാരികമായെടുത്ത് പ്രതിഷേധം തീർക്കുകയായിരുന്നു. പ്രതിഷേധത്തിനൊടുവിൽ സംഘർഷം ഒഴിവാക്കാൻ പൊലീസ് പിൻവാങ്ങുകയായിരുന്നു.
എന്നാൽ, ഇവിടങ്ങളിൽ സർക്കാറിനെ എതിർകക്ഷിയാക്കി കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാനാണ് ഓർത്തഡോക്സ് പക്ഷത്തിന്റെ നീക്കം. ഇത് വീണ്ടും പ്രശ്നം രൂക്ഷമാക്കും. ഓർത്തഡോക്സ് സഭക്ക് അനുകൂലമായി 2017 ജൂലൈ മൂന്നിന് വന്ന സുപ്രീംകോടതി വിധിയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. മലങ്കരയിലെ 1064 പള്ളികളും ഓർത്തഡോക്സ് സഭയുടെ 1934 ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടണമെന്നായിരുന്നു കോടതി വിധി.
ഇതിന്റെ ചുവടുപിടിച്ച് യാക്കോബായ പക്ഷത്തിന്റെ നിയന്ത്രണത്തിലായിരുന്ന 69 പള്ളികളാണ് ഇതിനകം ഓർത്തഡോക്സ് സഭയുടെ കൈകളിലായത്. ഇതിന് പുറമെയാണ് പുതിയ പള്ളികളിന്മേലുള്ള അവകാശവാദം. മധ്യസ്ഥശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ ജസ്റ്റിസ് കെ.ടി. തോമസ് കമീഷൻ ശിപാർശ ചെയ്ത മലങ്കര ചർച്ച് ബില്ല് നടപ്പാക്കുന്നതിന് സർക്കാർ പ്രാഥമിക നടപടികൾ ആരംഭിച്ചിരുന്നു.
രണ്ട് മാസം മുമ്പ് ബില്ലിന്റെ കരട് മന്ത്രി പി. രാജീവ് ഇടത് മുന്നണി യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, തുടർനടപടിയൊന്നുമുണ്ടായിട്ടില്ല. സുപ്രീംകോടതി വിധിയോടെ നിയമവഴികളെല്ലാം അടഞ്ഞ യാക്കോബായ വിഭാഗം ബില്ലിനെ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാൽ, തങ്ങൾക്ക് അനുകൂലമായ സുപ്രീംകോടതി വിധിയെ ബില്ല് അസ്ഥിരപ്പെടുത്തുമെന്ന ആശങ്കയാണ് ഓർത്തഡോക്സ് വിഭാഗത്തിനുള്ളത്.
ബില്ല് നടപ്പാക്കിയാൽ ഓർത്തഡോക്സ് പക്ഷവും നടപ്പാക്കിയില്ലെങ്കിൽ യാക്കോബായ പക്ഷവും സർക്കാറിന് എതിരാവുന്ന സാഹചര്യമാണുള്ളത്. പള്ളികൾ കേന്ദ്രീകരിച്ച് വീണ്ടും സംഘർഷം രൂപപ്പെടുന്നത് ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുവരവെ സർക്കാറിന് തലവേദനയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.