മാലാപറമ്പ് കൊലപാതകത്തിന് രണ്ടുപതിറ്റാണ്ട്
text_fieldsപെരിന്തൽമണ്ണ: അങ്ങാടിപ്പുറം മാലാപറമ്പിൽ സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിന്റെ അന്വേഷണത്തിന് രണ്ടു പതിറ്റാണ്ട്. ഇതുവരെയും പ്രതികളിലേക്ക് എത്താത്തതിനാൽ അന്വേഷണം സി.ബി.ഐയെ ഏൽപിക്കണമെന്ന് ആന്റി ബ്ലേഡ് ആക്ഷൻ ഫോറം സെക്രട്ടറി പത്തത്ത് അബ്ദു വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
2004 ഡിസംബർ 28 നാണ് മാലാപറമ്പിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തുന്നത്. വാടക വീട്ടിൽ താമസിച്ചിരുന്ന സ്ത്രീയാണ്. കൊല്ലപ്പെട്ട സ്ത്രീയെ പൊലീസ് രേഖകൾ പ്രകാരം ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. പെരിന്തൽമണ്ണ മുൻ ഡിവൈ.എസ്.പിയാണ് ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ചത്. 2009 മാർച്ച് 20ന് അന്വേഷണം അവസാനിപ്പിച്ചു.
പിന്നീട് താൻ ഹൈകോടതിയെ സമീപിച്ചതോടെ 2021ൽ പുനരന്വേഷണത്തിന് ഉത്തരവായതായി പത്തത്ത് അബ്ദു പറഞ്ഞു. തുടർന്ന് കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അതുവരെ നടത്തിയ അന്വേഷണങ്ങളിൽ ലഭ്യമായ തെളിവുകളും അവക്ക് അനുബന്ധമായ രേഖകളും മൊഴികളുമുണ്ടായിട്ടും ക്രൈംബ്രാഞ്ച് അന്വേഷണവും എങ്ങുമെത്തിയില്ല. 2022 ലും 2024 ലും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി.
കേസന്വേഷണം അനന്തമായി നീണ്ടു പോയതോടെ കഴിഞ്ഞ ആഗസ്റ്റ് 27ന് കേസിലെ ദൃക്സാക്ഷിയാണെന്ന് പറയപ്പെടുന്നയാളെ ദുരൂഹ സാഹചര്യത്തിൽ കാണാതായത് സംബന്ധിച്ച് മലപ്പുറം എസ്.പിക്ക് പരാതി നൽകിയിരുന്നു. സ്പെഷൽ ബ്രാഞ്ചാണ് ഈ പരാതി അന്വേഷിച്ചത്. എസ്.പി ശശിധരൻ സ്ഥലം മാറിപ്പോയതോടെ ആ അന്വേഷണവും നിലച്ചു.
പുനരന്വേഷണത്തിന് ഹൈകോടതി ഉത്തരവ് ലഭിച്ച് രണ്ടര വർഷം കഴിഞ്ഞിട്ടും കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിയാനോ പ്രതികളെ പിടികൂടാനോ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും കേസ് സി.ബി.ഐയെ ഏൽപ്പിച്ച് വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും പത്തത്ത് അബ്ദു വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.