മലപ്പുറവും പൊന്നാനിയും ഇളകില്ല; ഇൻഡ്യ മുന്നണി അധികാരത്തിൽ വരാനാണ് നോക്കേണ്ടത് -പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: മലപ്പുറം, പൊന്നാനി ലോക്സഭ മണ്ഡലങ്ങൾ ഇളകില്ലെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ലീഗ് സ്ഥാനാർഥികളുടെ മണ്ഡലങ്ങൾ വച്ചുമാറിയതിന് പ്രത്യേക കാരണങ്ങളില്ല. പല ഘടകങ്ങളും വിലയിരുത്തി നല്ലതെന്ന് തോന്നിയത് കൊണ്ടാണ് ഈ മാറ്റം തീരുമാനിച്ചതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഇ.ടി. മുഹമ്മദ് ബഷീറും അബ്ദുൽ സമദ് സമാദാനിയും പാർലമെന്‍റിൽ ഒഴിച്ചുകൂടാനാകാത്ത വ്യക്തികളാണ്. അതിനാലാണ് വീണ്ടും മത്സരിക്കാൻ അവസരം നൽകിയത്. പുതിയ ഒരാളെ പരീക്ഷിക്കേണ്ട സമയമല്ലല്ലോ എന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിക്ക് വൻ പ്രതീക്ഷയുണ്ട് സംസ്ഥാന അടിസ്ഥാനത്തിൽ നോക്കുമ്പോൾ ബി.ജെ.പിക്ക് വൻ സീറ്റ് നഷ്ടമുണ്ടാകും. ഇൻഡ്യ മുന്നണി പരസ്പരം മത്സരിക്കുന്നയിടത്ത് പോലും ജയിക്കുന്നത് ബി.ജെ.പിയല്ല. ട്രെൻഡ് ഉയരുന്ന ഘട്ടമാണ് വരാൻ പോകുന്നത്. അത് പ്രതിപക്ഷ സഖ്യത്തിന് അനുകൂലമാകും.
പൗരത്വ നിയമത്തിനെതിരെ കോൺഗ്രസ് ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കോൺഗ്രസ് വക്താവ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോൺഗ്രസ് ബി.ജെ.പിയെ തോൽപിക്കാൻ നോക്കുകയാണ്. എന്നാൽ, കേരളത്തിൽ സി.പി.എം കൈയും കാലുമിട്ട് അടിക്കുകയാണ്. പൗരത്വ വിഷയത്തിൽ യു.ഡി.എഫും പ്രതിഷേധ പരിപാടികൾ നടത്തുന്നുണ്ട്.
കോൺഗ്രസ് അധികാരത്തിലുള്ളപ്പോൾ മുസ് ലിം വിഭാഗത്തിന് എല്ലാ സംരക്ഷണവും നൽകിയിട്ടുണ്ട്. ഒരു കരിനിയമവും പാസാക്കിയിട്ടില്ല. ബി.ജെ.പി വർഗീയ പ്രചരണം നടത്തുന്ന രാജ്യത്ത് പോരായ്മകളുണ്ടെന്ന് തോന്നും. ന്യൂനപക്ഷ വിഭാഗങ്ങളെ സംരക്ഷിച്ച റെക്കോർഡ് കോൺഗ്രസിനുണ്ട്. അത് മാത്രം കോൺഗ്രസ് ചൂണ്ടിക്കാട്ടിയാൽ മതി.
എന്നാൽ, ഒന്നും ചെയ്യുന്നില്ലെന്ന ആരോപണമാണ് സി.പി.എം ഉന്നയിക്കുന്നത്. കോൺഗ്രസിനെ കുറ്റം പറയുക എന്നതാണ് ബി.ജെ.പി വേണ്ടത്. അഖിലേന്ത്യ സാന്നിധ്യമുള്ള കോൺഗ്രസിനെ ബി.ജെ.പിയെ നേരിടാൻ സാധിക്കൂ. ഇൻഡ്യ മുന്നണി അധികാരത്തിൽ വരാനാണ് നോക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
അഖിലേന്ത്യ തലത്തിൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ മുസ് ലിം പ്രാതിനിധ്യം നൽകുന്നത്. നൽകാത്തത് ബി.ജെ.പി മാത്രമാണ്. പ്രാതിനിധ്യം കൊടുക്കാത്ത രാഷ്ട്രീയമാണ് ബി.ജെ.പി പയറ്റുന്നത്. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെച്ചാണ് ബി.ജെ.പി നയം രൂപീകരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
കേരളത്തിൽ യു.ഡി.എഫ് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് വിലയിരുത്തൽ. 20 സീറ്റ് കിട്ടുമെന്നും ഒന്നോ രണ്ടോ സീറ്റുകൾ നഷ്ടമാകുമെന്നും സർവേകൾ പറയുന്നു. എന്തായാലും മികച്ച വിജയം യു.ഡി.എഫ് നേടും.
അധികാരത്തിന് മാറി നിൽക്കാൻ ലീഗിന് യാതൊരു പ്രയാസവുമില്ല. ലീഗിന്റെ സംഘടന സംവിധാനത്തിന് ക്ഷീണമുണ്ടായെന്ന് ഒരു രാഷ്ട്രീയ നിരീക്ഷകനും പറയുന്നില്ല. പാർട്ടിയുടെ ദേശീയ, സംസ്ഥാന തലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൊണ്ടാണ് സ്ഥാനാർഥിയാകാത്തതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.