മലപ്പുറം ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പി സ്ഥാനാർഥിയായി എ.പി. അബ്ദുല്ലക്കുട്ടി പരിഗണനയിൽ
text_fieldsമലപ്പുറം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടിയെ പരിഗണിക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നതിെൻറ ഭാഗമായാണ് മലപ്പും എം.പി പി.കെ. കുഞ്ഞാലിക്കുട്ടി സ്ഥാനം രാജിവെച്ചത്. ഈ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ആറിന് തന്നെയാണ് ഉപതെരഞ്ഞെടുപ്പ്. മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ മലപ്പുറത്ത് ന്യൂപക്ഷത്തിൽനിന്നുള്ള ഒരു സ്ഥാനാർഥിയെ നിർത്തി മത്സരം കടുപ്പിക്കാനാണ് പാർട്ടി തീരുമാനം. ജയ സാധ്യത കൽപിക്കുന്നില്ലെങ്കിലും കടുത്ത മത്സര കാഴ്ചവെക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം. കഴിഞ്ഞ തവണ പാലക്കാട് മേഖല പ്രസിഡൻറ് വി. ഉണ്ണികൃഷ്ണൻ മാസ്റ്ററായിരുന്നു എൻ.ഡി.എ സ്ഥാനാർഥി. 82,332 വോട്ടുകളാണ് ലഭിച്ചത്.
സി.പി.എമ്മിലും കോൺഗ്രസിലും പ്രവൃത്തിച്ച് നിരവധി തവണ ജനപ്രതിനിധിയായ എ.പി. അബ്ദുല്ലക്കുട്ടിയെ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയതിെൻറ പേരിലാണ് ഇരു പാർട്ടികളും പുറത്താക്കിയത്. 2019ലാണ് ബി.ജെ.പിയിൽ ചേർന്നത്. ബി.ജെ.പി വേദികളിൽ സജീവമായ അദ്ദേഹം സി.പി.എമ്മിനെയും കോൺഗ്രസിനെയും നിശിതമായി വിമർശിച്ച് നിരവധി തവണ രംഗത്ത് എത്തിയിരുന്നു. 2020ൽ അദ്ദേഹത്തെ ബി.ജെ.പിയുടെ ദേശീയ വൈസ്പ്രസിഡൻറായി നിയമിച്ചു.
നിയമ സഭ തെരഞ്ഞെടുപ്പിൽ തവനൂർ, വള്ളിക്കുന്ന് എന്നീ മണ്ഡലങ്ങളാണ് ബി.ജെ.പി വിജയ പ്രതീക്ഷ പുലർത്തുന്നത്. ഇവിടേക്ക് സംസ്ഥാന നേതാക്കൾ മത്സരത്തിന് എത്താനാണ് സാധ്യത. മലപ്പുറം നഗരസഭ മുൻ ചെയർമാൻ സാധു റസാഖിനെ മലപ്പുറത്തോ വേങ്ങരയിലോ മത്സരിപ്പിക്കാൻ സാധ്യതയുണ്ട്. മലപ്പുറം പൊന്നാനി സ്വദേശിയായ മെട്രോമാൻ ഇ. ശ്രീധരൻ ജില്ലയുടെ പുറത്ത് മത്സരിക്കാനാണ് സാധ്യത. അദ്ദേഹത്തിന് പൊന്നാനിയിൽ മത്സരിക്കാനാണ് താത്പര്യമെങ്കിലും വിജയപ്രതീക്ഷയുള്ള മറ്റുമണ്ഡലങ്ങളാണ് പാർട്ടി പരിഗണിക്കുന്നത്. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ മത്സരിക്കാനും സാധ്യതയുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.