മലപ്പുറം ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർഥി ചിത്രം രണ്ട് ദിവസത്തിനകം
text_fieldsമലപ്പുറം: മലപ്പുറം ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിന് വിജ്ഞാപനമായി. ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ല കലക്ടര്‍ അമിത് മീണ കലക്ടറേറ്റിലെ നോട്ടീസ് ബോര്‍ഡില്‍ വിജ്ഞാപനം പതിച്ചു. നാമനിർദേശപത്രിക നല്‍കാനുള്ള ആദ്യദിനമായ വ്യാഴാഴ്ച ആരും പത്രിക നൽകാനെത്തിയില്ല. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ പത്രിക സ്വീകരിക്കും. അവസാന തീയതി മാര്‍ച്ച് 23. സൂക്ഷ്മ പരിശോധന 24ന് നടക്കും. 27വരെ പിന്‍വലിക്കാന്‍ അവസരമുണ്ടാകും.
അതിനിടെ, സ്ഥാനാർഥി പ്രഖ്യാപനം നടത്തിയ യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിക്കുവേണ്ടി പ്രവർത്തകർ പ്രചാരണം തുടങ്ങി. ഫ്ലക്സ് ബോർഡുകളും ബാനറുകളും പോസ്റ്ററുകളും അണിനിരന്നു. സ്ഥാനാർഥികളെ തീരുമാനിക്കാത്തതിനാൽ മറ്റ് പാർട്ടികൾ രംഗത്ത് ഇറങ്ങിയിട്ടില്ല. രണ്ട് ദിവസത്തിനകം പൂർണചിത്രം തെളിയും. സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് വെള്ളിയാഴ്ച യോഗം ചേർന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയെ തീരുമാനിക്കും. ശനിയാഴ്ച മലപ്പുറത്ത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പെങ്കടുക്കുന്ന ജില്ല കമ്മിറ്റി യോഗത്തിൽ പ്രഖ്യാപനമുണ്ടാകും. ശക്തമായ മത്സരം കാഴ്ചവെക്കാൻ കഴിവുള്ളയാളെ സ്ഥാനാർഥിയാക്കണമെന്ന അഭിപ്രായമാണ് ജില്ല കമ്മിറ്റിക്കുള്ളത്.
മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി എൻ. ശ്രീപ്രകാശിനെ നിർത്താനാണ് സാധ്യത. കഴിഞ്ഞദിവസം ചേർന്ന ജില്ല കമ്മിറ്റി ശ്രീപ്രകാശിെൻറ പേരാണ് സംസ്ഥാന കമ്മിറ്റിയോട് ശിപാർശ ചെയ്തത്. സ്ഥാനാർഥിയെ ജില്ലയിൽനിന്നുതന്നെ കണ്ടെത്താൻ സംസ്ഥാന കമ്മിറ്റി നേരത്തേ നിർദേശിച്ചിരുന്നു. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇ. അഹമ്മദിനെതിരെ മത്സരിച്ച ശ്രീപ്രകാശ് 64,705 വോട്ട് നേടിയിരുന്നു.
വെൽഫെയർ പാർട്ടി, എസ്.ഡി.പി.െഎ, പി.ഡി.പി തുടങ്ങിയ കക്ഷികൾ മത്സരത്തിനിറങ്ങുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല. ചെറുകക്ഷികളെ യോജിപ്പിച്ച് പൊതുസമ്മതസ്ഥാനാർഥിയെ നിർത്തുന്നത് സംബന്ധിച്ചാണ് എസ്.ഡി.പി.െഎ ചർച്ച നടത്തുന്നത്. ഇത് നടന്നില്ലെങ്കിൽ സ്വന്തം സ്ഥാനാർഥിയെതന്നെ മത്സരിപ്പിച്ചേക്കും. വെൽഫെയർ പാർട്ടിയും പി.ഡി.പിയും മത്സരരംഗത്തുണ്ടാകുന്നത് സംബന്ധിച്ച് രണ്ട് ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.