മലപ്പുറത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ഗൂഢനീക്കം
text_fieldsമലപ്പുറം: സിവില്‍ സ്റ്റേഷനകത്ത് കാറിലുണ്ടായ സ്ഫോടനം ഭീതി പരത്താന്‍ ആസൂത്രണം ചെയ്ത ഗൂഢപദ്ധതിയെന്ന് നിഗമനം. ആളപായമോ കാര്യമായ നാശനഷ്ടമോ വരുത്താതെ സംശയമുനകളിലൂടെ ആശങ്ക ജനിപ്പിക്കുകയാണ് സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്ഷ്യമെന്നാണ് പൊലീസിന്‍െറ പ്രാഥമിക നിഗമനം. ഗൂഢാലോചന തിരിച്ചറിഞ്ഞ ജില്ല ഭരണകൂടവും പൊലീസും ജില്ലയുടെ പ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി. കരിപ്പൂര്‍ വിമാനത്താവളം, വിവിധ റെയില്‍വേ സ്റ്റേഷനുകള്‍, പ്രധാന നഗരങ്ങള്‍, ആരാധന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ അടിയന്തരമായി പൊലീസിനെ വിന്യസിച്ചു. ആര്‍ക്കും എപ്പോഴും കയറിയിറങ്ങാവുന്ന സിവില്‍ സ്റ്റേഷനകത്തെ സുരക്ഷയും ശക്തമാക്കി.
മലപ്പുറത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനിടയാക്കുന്ന പ്രചാരണങ്ങള്‍ കേരളത്തിനകത്തും പുറത്തും ഏറെ നാളായി സംഘ്പരിവാര്‍ ശക്തികളുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.കുറച്ചുദിവസം മുമ്പ് സംഘ്പരിവാര്‍ സഹയാത്രികന്‍ ഡോ. എന്‍. ഗോപാലകൃഷ്ണന്‍ നടത്തിയ പ്രസ്താവനയാണ് ഇതില്‍ ഒടുവിലത്തേത്. പക്ഷേ, എത്ര പ്രകോപനമുണ്ടായ സാഹചര്യത്തിലും സമാധാനം കാത്തുസൂക്ഷിച്ച ചരിത്രമാണ് മലപ്പുറത്തിന്‍േറത്. ബാബരി മസ്ജിദ് ധ്വംസനത്തെ തുടര്‍ന്ന് രാജ്യത്തിന്‍െറ വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായപ്പോഴും മലപ്പുറം ശാന്തമായിരുന്നു. ’93ല്‍ താനൂരില്‍ ശോഭായാത്രക്കിടെ സ്ഫോടനമുണ്ടായത് ഏറെ ഭീതിപരത്തി.
ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സൂക്ഷിച്ച ബോംബാണ് പൊട്ടിയതെന്ന് വ്യക്തമാവുകയും വലിയൊരു ദുരന്തത്തില്‍നിന്ന് ജില്ല രക്ഷപ്പെടുകയും ചെയ്തു. ‘മലപ്പുറത്തെ ദൈവം രക്ഷിച്ചു’ എന്നാണ് അന്ന് ജില്ല പൊലീസ് സൂപ്രണ്ടായിരുന്ന ഉമ്മന്‍കോശി പ്രതികരിച്ചത്.
2002ല്‍ താനാളൂര്‍ ക്ഷേത്രത്തിലുണ്ടായ തീപിടിത്തവും 2007ല്‍ അങ്ങാടിപ്പുറം തളി ക്ഷേത്രത്തിന്‍െറ ഗോപുരവാതില്‍ അജ്ഞാതര്‍ കത്തിച്ച സംഭവവും നന്മമനസ്സുകളുടെ ആത്മാര്‍ഥ ഇടപെടലുകളിലൂടെ കെട്ടടങ്ങി. ഒരു ഭാഗത്ത് സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുമ്പോഴും പൊതുപ്രശ്നങ്ങളില്‍ വിവിധ രാഷ്ട്രീയ, മത വിഭാഗങ്ങള്‍ ഒരുമിച്ചുനിന്ന ചരിത്രമാണ് ജില്ലക്കുള്ളത്.
ഇതിന്‍െറ ഒടുവിലത്തെ ഉദാഹരണമാണ് ‘ഗെയില്‍’ വാതക പൈപ്പ്ലൈന്‍ പദ്ധതിക്കെതിരായ പ്രക്ഷോഭം. മുസ്ലിം ലീഗ്, സി.പി.എം, ബി.ജെ.പി, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ കക്ഷികളും വിവിധ മതസംഘടനകളും ഒരുമിച്ച് അണിനിരന്ന പ്രതിഷേധത്തിനാണ് മലപ്പുറം സിവില്‍സ്റ്റേഷന്‍ കവാടം സാക്ഷ്യം വഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.