സലാം ചൊല്ലി കലക്ടറെത്തി; പ്രകൃതി സൗഹൃദ നോമ്പു കാലത്തിന് പ്രതിജ്ഞയെടുത്ത് വിശ്വാസികൾ
text_fieldsമലപ്പുറം: കോട്ടപ്പടി മസ്ജിദുൽ ഫത്ഹിൽ റമദാനിലെ ആദ്യ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനായി സംഗമിച്ചവർക്കിടയിലേക്ക് ഒരതിഥിയെത്തി. നോമ്പുകാലം പ്ലാസ്റ്റിക് രഹിതമാക്കണമെന്ന ജില്ല ഭരണകൂടത്തിെൻറ തീരുമാനം നടപ്പാക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്യാനായിരുന്നു ജില്ല കലക്ടർ അമിത് മീണയുടെ വരവ്. ‘അസ്സലാമു അലൈക്കും’ എന്ന് അഭിസംബോധന ചെയ്ത് അദ്ദേഹം പ്രകൃതി സൗഹൃദ നോമ്പ് തുറയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചുതുടങ്ങി. വ്രതം മനസ്സിനെ മാത്രമല്ല ശരീരത്തെയും ചുറ്റുപാടുകളെയും ശുദ്ധീകരിക്കുന്നതാവണമെന്നതായിരുന്നു കലക്ടറുടെ പ്രസംഗത്തിെൻറ രത്നച്ചുരുക്കം.
നോമ്പെടുക്കുന്നവർക്കൊപ്പം ചെലവഴിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും ജില്ലയെ പ്ലാസ്റ്റിക് വിമുക്തമാക്കാൻ റമദാനിലും തുടർന്നും ആവുന്നതെല്ലാം ചെയ്യുമെന്ന് മതസംഘടനകൾ ഉറപ്പുനൽകിയതാണെന്നും അമിത് മീണ പറഞ്ഞു. വരും തലമുറക്ക് എന്ത് കഴിക്കാനും കുടിക്കാനും ശ്വസിക്കാനും നൽകണമെന്ന് തീരുമാനിക്കുന്നത് നമ്മളാണ്.
അവർക്ക് ശുദ്ധജലവും ഭക്ഷണവും വായുവും ബാക്കിവെക്കാമെന്ന് പ്രതിജ്ഞയെടുക്കണം. നാടും വീടും വൃത്തിയുള്ളതായി സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഇക്കാര്യത്തിൽ മലപ്പുറത്തെ ദേശീയതലത്തിൽതന്നെ ഒന്നാമതാക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു. ശുചിത്വമിഷൻ പ്രോഗ്രാം ഓഫിസർ ഒ. ജ്യോതിഷ് മുഖ്യപ്രഭാഷണം നടത്തി. വൃത്തിയുടെ പ്രാധാന്യം ഉണർത്തുന്ന പ്രവാചക വചനങ്ങൾ അറബിയിൽ ഉദ്ധരിച്ചാണ് അദ്ദേഹം സംസാരിച്ചത്.
മാലിന്യ സംസ്കരണത്തിന് മതസ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണമെന്നും ശുചിത്വമിഷൻ സബ്സിഡി നൽകുമെന്നും ജ്യോതിഷ് അറിയിച്ചു. ഖത്തീബും ജമാഅത്തെ ഇസ്ലാമി അസി. അമീറുമായ വി.ടി അബ്ദുല്ലക്കോയ തങ്ങൾ ആമുഖഭാഷണം നിർവഹിച്ചു. അസി. കലക്ടർ ശ്രീനിവാസ്, എൻ.കെ. സദറുദ്ദീൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.