അപരവത്കരിക്കുമ്പോഴും കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ മലപ്പുറം നാലാമത്
text_fieldsതിരുവനന്തപുരം: കുറ്റകൃത്യങ്ങളുടെ എണ്ണത്തിന്റെ പേരിൽ മലപ്പുറം ജില്ലയെ അപരവത്കരിക്കുമ്പോഴും സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകളിൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ജില്ല നാലാമത്. കൂടിയ ജനസംഖ്യ, ഏക പൊലീസ് ജില്ല, സമീപ ജില്ലക്കാരുൾപ്പെടെ വന്നുപോകുന്ന കരിപ്പൂർ വിമാനത്താവളം തുടങ്ങി നിരവധി കാരണമുണ്ടെങ്കിലും ന്യൂനപക്ഷ സാന്ദ്രതയുടെ പേരിലാണ് മലപ്പുറത്തിനെതിരായ വിമർശനം.
റവന്യൂ ജില്ലതലത്തിൽ ഈ വർഷം ആഗസ്റ്റ് 31വരെ സംസ്ഥാനത്ത് എറ്റവും കൂടുതൽ എഫ്.ഐ.ആർ തിരുവനന്തപുരത്താണ്; 50,627. രണ്ടാമതുള്ള എറണാകുളം ജില്ലയിൽ 45,211ഉം മൂന്നാമതുള്ള കൊല്ലം ജില്ലയിൽ 35,211ഉം നാലാമതുള്ള മലപ്പുറം ജില്ലയിൽ 32,651 എഫ്.ഐ.ആറുമാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ, പൊലീസ് ജില്ല തിരിച്ച് നോക്കുമ്പോൾ കൂടുതൽ കേസ് മലപ്പുറത്താണ്. 14 റവന്യൂ ജില്ലയുള്ള തലസ്ഥാനത്ത് 20 പൊലീസ് ജില്ലയുണ്ടെന്നതാണ് ഈ വ്യത്യാസത്തിന് കാരണം.
ഈ വസ്തുത മറുച്ചുവെച്ചാണ് വിവിധ കേന്ദ്രങ്ങളിൽനിന്ന് മലപ്പുറത്തിനെതിരായ പ്രചാരണം.
തിരുവനന്തപുരം, എറണാകുളം, കൊല്ലം, കോഴിക്കോട് ജില്ലകളിൽ സിറ്റി, റൂറൽ എന്നിങ്ങനെ രണ്ട് പൊലീസ് ജില്ലകൾ വീതമുണ്ട്. സ്വാഭാവികമായും കേസുകളുടെ എണ്ണത്തിലും ഈ മാറ്റം പ്രതിഫലിക്കും. വനിത, കോസ്റ്റൽ, സൈബർ പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടെ മലപ്പുറം ജില്ലയിലെ 37 പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഒരുമിച്ചാണ് കണക്കാക്കുക. രണ്ട് പൊലീസ് ജില്ലകളും കുറഞ്ഞ ജനസംഖ്യയുമുള്ള ജില്ലകളെ അപേക്ഷിച്ച് ഇത് കുറവാണ്. 2011 സെൻസസ് പ്രകാരം മലപ്പുറത്തെ ജനസംഖ്യാ നിരക്ക് 41,10,950 ആണ്. ഇതിന്റെ പകുതി പേർ മാത്രമുള്ള കോട്ടയം (19,79,384) ജില്ലയിൽ ഈ വർഷം ആദ്യ എട്ടു മാസം 28,091 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുപോലെ, തിരുവനന്തപുരം റൂറൽ (27,711), ആലപ്പുഴ (27,631), എറണാകുളം റൂറൽ (26,977), പാലക്കാട് (22,300) ജില്ലകളിലും കേസുകളുടെ എണ്ണം കുറയാനുള്ള കാരണമിതായിരിക്കെയാണ് മറ്റു പ്രചാരണങ്ങൾ.
ജനസംഖ്യാനുപാതത്തിൽ മലപ്പുറം റവന്യൂ ജില്ലയിൽ ഒരു പൊലീസ് ജില്ലകൂടി വേണമെന്നത് എറെനാളായുള്ള ആവശ്യമാണ്. പരാതികളുമായി സ്റ്റേഷനുകളിൽ എത്തുന്നവരുടെ എണ്ണം കൂടി. സൈബർ, ഗതാഗത, മയക്കുമരുന്ന്, നിയമ ലംഘനങ്ങൾ വർധിച്ചു. സംസ്ഥാനത്താകമാനം എന്നപോലെ മാത്രമേ മലപ്പുറത്തും ഉണ്ടായിട്ടുള്ളൂ എന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു. ഇതോടൊപ്പം പൊലീസിങ്ങിലും ആനുപാതിക വർധന ഉണ്ടായി. കേസുകൾ വർധിപ്പിക്കാൻ പൊലീസ് സ്റ്റേഷനുകൾക്ക് ടാർഗറ്റ് നൽകുന്നതും അദ്ദേഹം ഓർമിപ്പിച്ചു. കേസ് വർധിച്ചു എന്ന കാരണത്താൽ ആ ജില്ലക്കാരിൽ കൂടുതൽ കുറ്റവാളികളെന്ന് പറയാനാവില്ലെന്ന് മുതിർന്ന ന്യായാധിപൻ ചൂണ്ടിക്കാട്ടി.
അതേസമയം, സുജിത് ദാസ് ജില്ല പൊലീസ് മേധാവിയായിരുന്ന കാലത്താണ് മലപ്പുറത്ത് കൂടുതൽ കേസ് ഉണ്ടാക്കി അവമതിക്കാനുള്ള ശ്രമം തുടങ്ങിയതെന്നാണ് മുസ്ലിം ലീഗ് ഉൾപ്പെടെ കക്ഷികളുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.