ഉമ്മൻ ചാണ്ടി; ഭാരത് ജോഡോ യാത്രക്കിടെ കൈപിടിക്കാന്‍ ശ്രമിച്ചെങ്കിലും ഒറ്റക്ക് നടക്കാനാണ് അദ്ദേഹം ആഗ്രഹിച്ചതെന്ന് രാഹുൽ ഗാന്ധി
text_fieldsമലപ്പുറം: ഓർമകളിൽ ഒ.സി എന്ന പേരിൽ മലപ്പുറം ഡി.സി.സി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിലേക്ക് അവിചാരിതമായി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെത്തി. കോട്ടക്കൽ ആര്യവൈദ്യ ശാലയില്‍ ആയുര്‍വേദ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് രാഹുല്‍ മലപ്പുറത്ത് നടന്ന അനുസ്മരണ യോഗത്തിലേക്കെത്തിയത്. സമുദ്രത്തിൽനിന്നും തിരമാലകൾ ഉയർന്നുവന്നപോലെ ജനങ്ങളിൽ നിന്ന് ഉയർന്നു വന്ന നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഉമ്മൻ ചാണ്ടി തനിക്ക് രാഷ്ട്രീയ ജീവിതത്തിൽ വഴികാട്ടിയായിരുന്നു. കേരളത്തിലെ ജനങ്ങളെ മനസ്സിലാക്കിയത് ഉമ്മൻചാണ്ടിയിലൂടെയാണ്.
രോഗം ബുദ്ധിമുട്ടിക്കുന്ന വേളയില്‍ താന്‍ തടഞ്ഞിട്ടും ഭാരത് ജോഡോ യാത്രയില്‍ നടന്നു. എനിക്കറിയാമായിരുന്നു ഉമ്മന്‍ ചാണ്ടിജിക്ക് സുഖമില്ല എന്നതും അപകടകരമായ അസുഖമാണ് അദ്ദേഹത്തിനെന്നും. ആള്‍ക്കൂട്ടത്തിനിടയില്‍ ഇറങ്ങി നടക്കുമ്പോള്‍ ആരോഗ്യത്തിന് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹത്തോട് പറഞ്ഞു. എല്ലാം അദ്ദേഹം നിരസിച്ചു. ഭാരത് ജോഡോയില്‍ നടക്കുമെന്ന് അദ്ദേഹം തീര്‍ത്ത് പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം വന്നു, നടന്നു. കൈപിടിക്കാന്‍ ശ്രമിച്ചെങ്കിലും ഒറ്റയ്ക്ക് നടക്കാനാണ് അദ്ദേഹം ആഗ്രഹിച്ചതെന്നും രാഹുല്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയെ പോലുള്ള നേതാക്കളെ ആവശ്യമുള്ള നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. 20 വർഷമായി ഉമ്മൻചാണ്ടിയുമായി തനിക്ക് അടുത്ത ബന്ധമുണ്ട്. ആരെ കുറിച്ചും അദ്ദേഹം പരാതി പറഞ്ഞില്ല. അനുസ്മരണ പരിപാടിയിൽ വന്ന് ഉമ്മൻചാണ്ടിയെ കുറിച്ച് സംസാരിക്കാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നതായും രാഹുൽ കൂട്ടിചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.