മലപ്പുറം ജില്ല ബാങ്ക് ലയനം: നിയമനടപടിയിൽ പങ്കുചേർന്ന് റിസർവ് ബാങ്ക്; സർക്കാറിന് തിരിച്ചടി
text_fieldsമലപ്പുറം: മലപ്പുറം ജില്ല സഹകരണ ബാങ്കിനെ (എം.ഡി.സി) നിര്‍ബന്ധിതമായി കേരള ബാങ്കില്‍ ലയിപ്പിച്ചതിനെതിരെ ഹൈകോടതി ഡിവിഷന് ബെഞ്ചില്‍ അപ്പീലുമായി റിസർവ് ബാങ്ക് തന്നെ നേരിട്ടെത്തിയത് സംസ്ഥാന സര്‍ക്കാറിന് തിരിച്ചടിയായി. സഹകരണ രജിസ്ട്രാറുടെ നടപടി ശരിവെച്ച ഹൈകോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് റിസർവ് ബാങ്ക്, ഡിവിഷന് ബെഞ്ചില്‍ അപ്പീൽ നൽകിയത്.
സിംഗിൾ ബെഞ്ച് വിധിക്കെതിരെ മലപ്പുറം ജില്ല ബാങ്ക് മുൻ ഭരണസമിതി നല്കിയ അപ്പീൽ ഹരജിയില്‍ സംസ്ഥാന സര്‍ക്കാറും, റിസർവ് ബാങ്കും എതിര് കക്ഷികളാണ്. ഇതിൽ വാദംകേൾക്കാനിരിക്കെയാണ് സർക്കാറിനെയും കേരള ബാങ്കിനേയും എതിർകക്ഷികളാക്കി റിസർവ് ബാങ്ക് കൂടി അപ്പീൽ ഫയൽ ചെയ്തത്.
1949ലെ ബാങ്കിങ് റെഗുലേഷന് ആക്ട് സെക്ഷന്‍ 44(എ), 56 പ്രകാരം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ മലപ്പുറം ജില്ല ബാങ്ക് ജനറല്‍ബോഡി ലയന പ്രമേയം പാസാക്കിയിട്ടില്ല. 2023 ജനുവരി 12ന് ഒരു ഉത്തരവിലൂടെ ഓഹരി ഉടമകള്‍ക്ക് ഒരു നോട്ടീസ് മാത്രം നല്‍കിയാണ് എം.ഡി.സിയെ കേരള ബാങ്കിലേക്ക് സഹകരണ രജിസ്ട്രാര്‍ ലയിപ്പിച്ചത്.
ഇതിനായി 2021ല്‍ സംസ്ഥാന സർക്കാർ കൊണ്ടുവന്ന സഹകരണ നിയമത്തിലെ 74-എച്ച് ഭേദഗതി ഇതേ നിയമത്തിലെ നിക്ഷേപക സുരക്ഷ ഉറപ്പാക്കുന്ന 74-എ വകുപ്പിനും ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന കേന്ദ്ര നിയമമായ ഡി.ഐ.സി.ജി.സി ആക്ട് 1961 സെക്ഷന്‍ 2 (ജി.ജി) എന്നിവക്ക് എതിരാണെന്നാണ് റിസർവ് ബാങ്ക് വാദം. അതിനാൽ ലയനം നിയമപരമായി നിലനിൽക്കില്ലെന്നും റദ്ദാക്കണമെന്നും ആര്.ബി.ഐ ഹരജിയിൽ ചൂണ്ടിക്കാട്ടി.
ലയനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജില്ല ബാങ്ക് മുൻ പ്രസിഡന്റും എം.എൽ.എയുമായ അഡ്വ. യു.എ. ലത്തീഫ്, മുൻ വൈസ് പ്രസിഡന്റ് പി.ടി. അജയ മോഹന്‍ എന്നിവരും മലപ്പുറം ജില്ലയിലെ ഏതാനും പ്രാഥമിക സംഘങ്ങളുമാണ് കഴിഞ്ഞ നവംബറില്‍ ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്. ആര്.ബി.ഐ കൂടി ഹരജി നൽകിയത് കേസിന്റെ ഗൗരവം വര്‍ധിക്കും.
മുൻ നിർദേശത്തിൽ നിന്ന് വ്യത്യസ്തമായി ആർ.ബി.ഐയുടെ മുൻകൂർ അനുമതി ഇല്ലാതെയാണ് മലപ്പുറം ജില്ല ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചതെന്നും റിസർവ് ബാങ്ക് ഹരജിയിൽ പറയുന്നു. കേസ് ജനുവരി 11ന് ഡിവിഷൻ ബെഞ്ച് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.