മൂന്നു കോർപറേഷനുകൾക്ക് ഐ.എ.എസ് സെക്രട്ടറിമാർ; മലപ്പുറം കലക്ടറെ മാറ്റി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നു കോർപറേഷനുകളിലെ സെക്രട്ടറിമാരായി ഐ.എ.എസുകാരെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നരസിംഹുഗാരി ടി. എല്‍. റെഡ്ഡി (തിരുവനന്തപുരം), ഹരിത വി. കുമാര്‍ (കൊച്ചി), ജോഷി മൃണ്മയി ശശാങ്ക് (കോഴിക്കോട്) എന്നിവരെയാണ് സെക്രട്ടറിമാരായി നിയമിച്ചത്.
മലപ്പുറം ജില്ലാ കലക്ടർ സ്ഥാനത്ത് നിന്നും എ. ഷൈനമോള്‍ ഐ.എ.എസിനെ മാറ്റി. കേരള വാട്ടര്‍ അതോറിറ്റി ഡയറക്ടറായാണ് ഷൈനമോളുടെ പുതിയ നിയമനം. അമിത് മീണ ഐ.എ.എസാണ് പുതിയ മലപ്പുറം കലക്ടർ.
ആറന്മുള വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയതുള്‍പ്പെടെ ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും റദ്ദാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
സ്റ്റാറ്റ്യൂട്ടറി കമീഷനുകളില്‍ അംഗങ്ങളായി നിയമിതരാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് തീയതി മുതല്‍ വിരമിക്കല്‍ ആനുകൂല്യം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2006 ജനുവരി ഒന്നിനോ അതിനു ശേഷമോ നിയമിതരായവര്‍ക്കാണ് ഇതിന് അര്‍ഹതയുളളത്. മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കുന്നതല്ല. കാലാകാലങ്ങളില്‍ പ്രഖ്യാപിക്കുന്ന ക്ഷാമാശ്വാസം, മിനിമം പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍ എന്നിവ ഇവര്‍ക്ക് ബാധകമല്ല. 2 മുതല്‍ 3 വര്‍ഷത്തിനകം സേവന കാലാവധിയുളളവര്‍ക്ക് 7,000 രൂപയും, 3 മുതല്‍ 4 വര്‍ഷത്തിനകം സേവന കാലാവധിയുളളവര്‍ക്ക് 8,000 രൂപയും, 4 മുതല്‍ 5 വര്‍ഷത്തിനകം സേവന കാലാവധിയുളളവര്‍ക്ക് 9,000 രൂപയും, 5 മുതല്‍ 6 വര്‍ഷത്തിനകം സേവന കാലാവധിയുളളവര്‍ക്ക് 10,000 രൂപയും നല്‍കും.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ പുതിയ ഐ.ടി.ഐ സ്ഥാപിക്കാനും ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, മെക്കാനിക്കല്‍ അഗ്രിക്കള്‍ച്ചറല്‍ മെഷീനറി എന്നീ രണ്ടു ട്രേഡുകള്‍ ആരംഭിക്കും. ഇതിനായി 8 പുതിയ തസ്തികകള്‍ സൃഷ്ടിക്കും.
പ്രശസ്ത സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍റെ ചികിത്സാ ചിലവു സര്‍ക്കാര്‍ വഹിക്കും.
1994 നവംബര്‍ 25ന് കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് 22 വര്‍ഷമായി ചികിത്സയില്‍ കഴിയുന്ന പുഷ്പന് 5 ലക്ഷം രൂപയും വീല്‍ചെയറും പ്രതിമാസം 8000 രൂപ പെന്‍ഷനും നല്‍കും.
ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി മേഖലാടിസ്ഥാനത്തില്‍ യോഗങ്ങള്‍ ചേരും. സംസ്ഥാന മിഷനുകളില്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ അസോസിയേഷന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെ ചേംമ്പര്‍, മേയേഴ്‌സ് കൗൺസില്‍ എന്നിവയുടെ ഓരോ പ്രതിനിധികളെയും ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്‍റുമാരില്‍ നിന്നും ഓരോരുത്തരെ വീതവും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമീഷനില്‍ നിലവിലുള്ള അംഗത്തിന്‍റെ ഒഴിവിലേക്ക് മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫിയെ നിയമിക്കും.
മത-ധര്‍മ സ്ഥാപനങ്ങള്‍ക്ക് നല്‍കിവരുന്ന തിരുപ്പൂവാരം തുക മൂന്നിരട്ടിയായി വര്‍ധിപ്പിക്കും. ഓരോ അഞ്ചു വര്‍ഷം കഴിയുന്തോറും പുതുക്കിയ തുകയുടെ 25 ശതമാനം വര്‍ധിപ്പിക്കാനും തീരുമാനിച്ചു.
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡവലപ്‌മെന്‍റിനെ (SIRD) കിലയുമായി സംയോജിപ്പിക്കും
തുറമുഖ വകുപ്പ് ഡയറക്ടറായി പട്ടീല്‍ അജിത് ഭഗവത്‌റാവു ഐ.എ.എസിനെയും സര്‍വെ ആൻഡ് ലാന്‍റ് റെക്കോര്‍ഡ്‌സ് വകുപ്പ് ഡയറക്ടറായി കെ. ഗോപാലകൃഷ്ണന്‍ ഐ.എ.എസിനെയും നിയമിച്ചു.
തിരുവനന്തപുരം ജില്ലാ ഗവ. പ്ലീഡറായി അര്‍.ടി. ദേവകുമാറിനെ നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.