ഉപരിപഠനത്തിന് ആവശ്യമായ സീറ്റുകളില്ലാതെ മലപ്പുറം ജില്ല
text_fieldsമലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ല മികച്ച നേട്ടം ആവർത്തിക്കുമ്പോഴും ഇക്കുറിയും ഉപരിപഠനത്തിന് ആവശ്യമായ സീറ്റുകളില്ലാതെ മലപ്പുറം. ജില്ലയിൽ ഇക്കുറി 77,691 പേരാണ് ഉപരിപഠനത്തിന് അർഹത നേടിയത്.
സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലയിൽ കഴിഞ്ഞ വർഷം സർക്കാർ കൂടുതലായി അനുവദിച്ച സീറ്റുകൾ എടുത്താലും നിരവധി വിദ്യാർഥികൾക്ക് ഇക്കുറി തുടർപഠനം പ്രതിസന്ധിയിലാകും. കൂടാതെ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷഫലംകൂടി വരുന്നതോടെ അവസരം കുറയുന്നവരുടെ എണ്ണം കൂടും.
85 സർക്കാർ, 88 എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലായി മെറിറ്റ് ക്വോട്ടയിൽ ജില്ലക്ക് അനുവദിച്ചത് 41,950 സീറ്റാണ്. സർക്കാർ, എയ്ഡഡ് വി.എച്ച്.എസ്.ഇകളിൽ 2790 ഉം ഐ.ടി.ഐകളിൽ 1124 ഉം പോളിടെക്നിക്കുകളിൽ 1364 സീറ്റും ലഭ്യമാണ്. അൺ എയ്ഡഡ് മേഖലയിൽ 11,275 സീറ്റുമുണ്ട്. നിലവിൽ പ്ലസ് വണ്ണിന് സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡിലായി 53,225 സീറ്റാണ് ലഭ്യമായിട്ടുള്ളത്.
ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്നിക് കോഴ്സുകൾക്കായി ജില്ലയിൽ അനുവദിച്ച മെറിറ്റ് സീറ്റുകളുടെ എണ്ണം 47,224 ആണ്. അൺ എയ്ഡഡിൽ പഠിക്കണമെങ്കിൽ സാമ്പത്തിക ചെലവുവരും. കഴിഞ്ഞ വർഷം 30 ശതമാനം മാർജിനൽ വർധനക്കും 31 താൽക്കാലിക ബാച്ചുകളും അനുവദിച്ച ശേഷവും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗങ്ങളിലായി 61,666 പേർക്കാണ് പ്രവേശനം ലഭിച്ചത്. 2021ൽ 75,554 പേരായിരുന്നു ഉപരിപഠനത്തിന് അവസരം നേടിയത്. ഇഷ്ടമുള്ള വിഷയങ്ങളും ആഗ്രഹിച്ച സ്കൂളും ലഭിക്കാതെ പണം മുടക്കിയോ ഓപൺ സ്കൂളിനോ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇക്കുറിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.