‘മലപ്പുറം ജില്ല പ്രതിക്കൂട്ടിൽ’; ചോദ്യമുഖത്ത് നോക്കി ചിരിച്ച് തള്ളാൻ തുടങ്ങിയാൽ...
text_fieldsസി.പി.എം സെക്രട്ടറി എം.വി ഗോവിന്ദൻ പറയുന്നതിലെന്താണ് തെറ്റ്. മുഖ്യമന്ത്രി പിണറായി വിജയൻ ചിരിച്ചാലും കുറ്റം ചിരിച്ചില്ലെങ്കിലും കുറ്റം, മൗനം പാലിച്ചാലും കുറ്റം കണ്ണുരുട്ടിയാലും കുറ്റം. ഗോവിന്ദൻ നടത്തിയ വാർത്താ സമ്മേളനത്തിലെ ചിരിയും മാധ്യമങ്ങൾക്ക് ദഹിച്ചിട്ടില്ല. മുഖ്യമന്ത്രി ചിരിച്ചാൽ അതേറ്റു ചിരിക്കുകയല്ലാതെ പാർട്ടി സെക്രട്ടറിക്ക് എന്തു ചെയ്യാൻ കഴിയും.
ഈ മാസം നാലിന് പുറത്തിറങ്ങിയ ചില പത്രങ്ങൾ മുഖ്യ തലക്കെട്ടാക്കിയത് 'ഹഹഹ....' എന്നാണ്. വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾ മുഖ്യമന്ത്രി ചിരിച്ചു തള്ളിയതിനെ പരാമർശിച്ചാണത്രെ ഇങ്ങിനെയൊരു തലക്കെട്ട്. ഇത്തരമൊരു തലക്കെട്ടിൽ ഭൂമി മലയാളത്തിൽ ഏതെങ്കിലും പത്രം മുമ്പ് ഇറങ്ങിയിട്ടുണ്ടോ എന്ന് വാഷിങ്ടൺ ഡി.സിയിലെ 'ന്യൂസിയ'ത്തിൽ പോയി തപ്പിയാലും നിരാശയായിരിക്കും ഫലം. പത്രങ്ങളുടെ കാര്യമെടുത്താലും കഷ്ടം തന്നെയാണ്. കത്തിനിൽക്കുന്ന വിഷയങ്ങളുണ്ടായിട്ടും അതിനെ മുഖ്യമന്ത്രി ചിരി കൊണ്ട് നേരിട്ടാൽ... എന്തെങ്കിലും തലക്കെട്ടു കൊടുക്കേണ്ടേ? മുഖ്യവാർത്തയുടെ തലക്കെട്ടിനായുള്ള പരക്കം പാച്ചിൽ കാണണമെങ്കിൽ രാത്രി പത്രങ്ങളുടെ ന്യൂസ് ഡെസ്കുകളിൽ ചെന്നു നോക്കണം. സി.പി.എമ്മുക്കാർ ദേശാഭിമാനിയിൽ കയറി നോക്കിയാലും മതി.
മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹം നയിക്കുന്ന സർക്കാറിനെയും പൊലിപ്പിച്ചു കാണിക്കാൻ ‘പൊതുജന സമ്പർക്ക' (പി.ആർ) ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് കടലാസ്, കാഴ്ച, കുഴൽ മാധ്യമങ്ങളുടെ പുകിൽ. മുമ്പും ഇത്തരം പുകിലുകളുമായി ഇക്കൂട്ടർ രംഗത്തു വന്നിരുന്നു. അന്ന് മുഖ്യമന്ത്രി പറഞ്ഞത് ഈ ‘മാപ്ര’കളാരും ഓർക്കുന്നില്ലേ. മുഖ്യമന്ത്രിയുടെയും സർക്കാറിന്‍റെയും ‘ബോഡി ലാംഗേജ്’ മെച്ചപ്പെടുത്താൻ പി.ആർ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നായിരുന്നു അന്നും ഇവരുടെ സംശയം. അന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതാണ്. കഴിഞ്ഞ ദിവസവും അദ്ദേഹം നിലപാട് ആവർത്തിച്ചു. 'ഞാനെന്‍റെ നിലപാട് വ്യക്തമാക്കി, അതിലെന്താ നിങ്ങക്ക് സംശയം' എന്ന് മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോൾ മാപ്രകളുടെ ഉള്ളിലൊരു ആന്തലുണ്ടായില്ലേ. അതിലും നിർത്തിയില്ലെങ്കിൽ ‘കടക്ക് പുറത്ത്’ എന്നു പറയാനും അദ്ദേഹം കരുതിയിരിക്കണം. ഇത്തരം ‘അനിഷ്ട’ സംഭവങ്ങളുണ്ടായിട്ടും തലക്കെട്ട് ‘ഹഹഹ....'
പുതിയ കാലത്ത് പി.ആർ ന്യൂസും ഇന്‍റർവ്യൂവുമൊക്കെ മാധ്യമങ്ങൾക്ക് അപരിചിതമാണോ. അതേക്കുറിച്ചൊക്കെ മുഖ്യമന്ത്രിയോട് ചോദിച്ച് കുഴങ്ങേണ്ട കാര്യമുണ്ടോ. പത്രങ്ങളിലും ചാനലുകളിലും മറ്റും പരസ്യദാതാക്കളെ ‘കൊഴുപ്പി’ക്കാനുള്ള സർക്കസ് നടക്കാറില്ലേ. പരസ്യം തരുന്ന പ്രമുഖനെ വാഴ്ത്തിപ്പാടാൻ, ബന്ധപ്പെട്ട സ്ഥാപനത്തിന്റെ പി.ആർ വിഭാഗത്തിൽ നിന്നോ, അല്ലെങ്കിൽ അവർ ചുമതലപ്പെടുത്തുന്ന പി.ആർ ഏജൻസിയിൽനിന്നോ, അതുമല്ലെങ്കിൽ മാധ്യമങ്ങളുടെ പരസ്യ വിഭാഗങ്ങളിൽനിന്നു തന്നെയോ ആവശ്യം വരാറുണ്ട്. ഈ ആസുര കാലത്ത് പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുേമ്പാൾ അത്തരം ആവശ്യങ്ങൾക്ക് മാധ്യമങ്ങളുടെ എഡിറ്റോറിയൽ വിഭാഗങ്ങൾ വഴങ്ങാറുമുണ്ട്. അതിനായി ബിസിനസ്/വ്യവസായ പ്രമുഖനുമായൊരു ഇന്‍റർവ്യൂ നടത്താൻ എഡിറ്റോറിയൽ വിഭാഗത്തിൽനിന്ന് പ്രതിനിധിയെ വിട്ടുകൊടുക്കും. സ്ഥാപനത്തിന്റെ/വ്യക്തിയുടെ ‘ബാക് ഗ്രൗണ്ട്' പഠിക്കാനുള്ള മെറ്റീരിയലൊക്കെ നേരത്തെ കൈമാറും. ഇന്‍റർവ്യൂ നടക്കുേമ്പാൾ പി.ആർ ഏജൻസിയുടെയോ, മാധ്യമ സ്ഥാപനത്തിലെ പരസ്യ വിഭാഗത്തിന്‍റെയോ പ്രതിനിധി കൂടെയുണ്ടാവും, കാര്യങ്ങൾ ഭംഗിയായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താൻ, അല്ലെങ്കിൽ പ്രമുഖനെ ബോധ്യപ്പെടുത്താൻ. അലോസരപ്പെടുത്തുന്ന ചോദ്യങ്ങളുണ്ടാവില്ല. പറയുന്നത് അപ്പടി പകർത്തും. ഇന്‍റർവ്യൂ പുറത്തുവിടും മുമ്പ് പ്രമുഖനെയോ, പ്രമുഖന്‍റെ പി.ആർ പ്രതിനിധിയെയോ കാണിക്കണം. തിരുത്തലുകളും കൂട്ടിച്ചേർക്കലുകളുമുണ്ടെങ്കിൽ അതും നടത്തിക്കൊടുക്കണം. എന്നാലേ ഇന്‍റർവ്യൂ പ്രസിദ്ധീകരിക്കപ്പെടൂ, തുടർന്ന് പരസ്യങ്ങളും. ഇനി ഒരു മാധ്യമത്തിന് മുഖ്യമന്ത്രിയുടെയോ മറ്റാരുടെയോ ഇന്‍റർവ്യൂ വേണമെന്ന് തോന്നിയാലോ, അതിന് പുറപ്പെടുന്നത് എഡിറ്റോറിയൽ പ്രതിനിധിയായിരിക്കും. ചോദ്യങ്ങളുണ്ടായിരിക്കും. ഇന്‍റർവ്യൂ പ്രസിദ്ധീകരിക്കുേമ്പാൾ പുറത്തുനിന്നുളള ഒരാളുടെ തിരുത്തോ കൂട്ടിച്ചേർക്കലോ അനുവദിക്കുകയുമില്ല.
മാധ്യമങ്ങളുടെ ‘പരസ്യ ദാതാവായ’ സർക്കാരിന്‍റെ നായകൻ മുഖ്യമന്ത്രിയുടെ ഇന്‍റർവ്യൂവിലും മേൽപറഞ്ഞ നടപടിക്രമങ്ങളുണ്ടായി എന്ന് മാധ്യമ പ്രവർത്തകർ ഉറപ്പിച്ചാൽ തന്നെയും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പിന്നെ ചാനലുകളിലെ അന്തി, മോന്തി ചർച്ചകളിൽ വെളിച്ചപ്പെടുന്ന സഖാക്കളും സമ്മതിക്കില്ല. താനോ തന്‍റെ സർക്കാറോ ഒരു പി.ആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് അവർ ആണയിട്ടുകൊണ്ടേയിരിക്കും. മുഖ്യമന്ത്രിക്ക് മാധ്യമങ്ങളോടെന്തെങ്കിലും പറയണമെങ്കിൽ എന്തിനാണ് ഒരു പി.ആർ ഏജൻസി. മുഖ്യമന്ത്രിയുടെ വീട്ടിലെ അടിച്ചുതെളിക്കാരി വിളിച്ചു പറഞ്ഞാൽ പോലും മാധ്യമങ്ങൾ ചൂട്ടുമായി പറഞ്ഞ സ്ഥലത്ത് ഓടിയെത്തില്ലേ? ഈയൊരു ചോദ്യത്തിന്‍റെ കാര്യത്തിൽ പാർട്ടിക്കാരും മാധ്യമക്കാരും ഒന്നാണ്. പക്ഷെ ഇതങ്ങനെയല്ല. ചോദ്യങ്ങളുടെ ശല്യമില്ലാതെ മുഖ്യമന്ത്രിക്ക് എന്തോ പറയാനുണ്ട്. അതും രാജ്യ തലസ്ഥാനത്തുവെച്ച് ഒരു ദേശീയ മാധ്യമത്തോട്. അതിന്‍റെയൊരു ഗുണഫലം മുഖ്യമന്ത്രി നേരത്തെ കണ്ടിരിക്കുമല്ലോ.
സെപ്തംബർ 30നാണ് വിവാദ പരാമർശങ്ങളോടെ മുഖ്യമന്ത്രിയുടെ ഇന്‍റർവ്യൂ ‘ദി ഹിന്ദു’ പ്രസിദ്ധീകരിക്കുന്നത്. ‘മലപ്പുറം ജില്ലയിൽനിന്ന് കേരള പൊലീസ് 150 കിലോ സ്വർണവും 123 കോടിയുടെ ഹവാലപ്പണവും പിടികൂടിയിട്ടുണ്ട്. ഈ പണമത്രയും കേരളത്തിലേക്ക് വരുന്നത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു വേണ്ടിയാണ്. ആർ.എസ്.എസിനോട് സി.പി.എമ്മിന് മൃദുസമീപനമെന്നത് സ്വർണവും ഹവാലയും പിടികൂടിയ ഞങ്ങളുടെ സർക്കാറിനെതിരായ പ്രതികരണം മാത്രമാണ്'-എന്നതായിരുന്നു ഇന്‍റർവ്യുവിലെ പരാമർശം. പരാമർശം വിവാദമായപ്പോൾ ഇന്‍റർവ്യൂ പ്രസിദ്ധീകരിച്ച് ഒന്നര ദിവസം കഴിഞ്ഞ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി, മുഖ്യമന്ത്രി പറയാത്ത കാര്യങ്ങൾ പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് ‘ദി ഹിന്ദു’ പത്രാധിപർക്ക് കത്തെഴുതി. മുഖ്യമന്ത്രിയുടെ ഇന്‍റർവ്യൂ ഏർപ്പാടാക്കാമെന്ന് പറഞ്ഞ് ’കെയ്സൻ’ എന്ന പി.ആർ ഏജൻസിയാണ് തങ്ങളെ സമീപിച്ചതെന്നും ഇന്‍റർവ്യൂ സമയത്ത് ഏജൻസിയുടെ രണ്ട് പ്രതിനിധികൾ സന്നിഹിതരായിരുന്നുവെന്നും അതിലൊരാൾ പിന്നീട് അയച്ചുതന്ന, മുഖ്യമന്ത്രി പറയാത്ത കാര്യം ഇന്‍റർവ്യൂവിന്‍റെ ഭാഗമാക്കിയത് വീഴ്ചയാണെന്നും അതിൽ ഖേദിക്കുന്നുവെന്നും പത്രം മറുപടി നൽകി. ഇതിൽ പത്രം ഖേദം പ്രകടിപ്പിച്ചത് കേരളത്തിലെ മാധ്യമങ്ങൾ ചെയ്യാത്ത 'മാന്യമായ' നടപടിയായും ഇന്‍റർവ്യൂ തരപ്പെടുത്താൻ പി.ആർ ഏജൻസി സമീപിച്ചുവെന്ന പത്രത്തിന്‍റെ വെളിപ്പെടുത്തൽ 'പച്ചക്കള്ള'വുമായും പിണറായി, ഗോവിന്ദനാദി സഖാക്കൾക്ക് അനുഭവപ്പെട്ടത് സ്വാഭാവികം മാത്രം.
കാര്യങ്ങൾ പിന്നീട് മുഖ്യമന്ത്രി വിശദീകരിക്കുകയും ചെയ്തപ്പോൾ സംഗതി ക്ലിയറായി. പാർട്ടിയുടെ അടുപ്പക്കാരനായ സി.പി.എം മുൻ എം.എൽ.എ ടി.കെ ദേവകുമാറിന്‍റെ മകൻ സുബ്രഹ്മണ്യൻ ഹിന്ദു പത്രം ഒരഭിമുഖം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തന്നെ അറിയിച്ചു. സമ്മതിക്കുകയും ചെയ്തു. ഒറ്റപ്പാലത്തുകാരിയാണ് അഭിമുഖത്തിന് വന്നത്. അഭിമുഖം നടക്കുന്നതിനിടയിൽ ഒരാൾ കയറിവന്നു. ലേഖികയുടെ സുഹൃത്താണെന്നാണ് കരുതിയത്. പിന്നീടറിഞ്ഞു, അയാൾ ഒരു പി.ആർ ഏജൻസിയുടെ പ്രതിനിധിയാണെന്ന്- മുഖ്യമന്ത്രിയുടെ വിശദീകരണമിങ്ങനെ.
സുബ്രഹ്മണ്യൻ കെയ്സൻ എന്ന പി.ആർ ഏജൻസിയുടെ പ്രതിനിധിയാണെന്നും ഇന്‍റർവ്യുവിന് ഇടക്ക് കയറി വന്നത് ഏജൻസിയുടെ സ്ഥാപകനും സി.ഇ.ഒയുമായ വിനീത് ഹാണ്ടയാണെന്നുമുള്ള ‘പച്ചക്കള്ളം' പിന്നീട് മാധ്യമങ്ങൾ കണ്ടെത്തി. ഏതെങ്കിലും ഒരു ജില്ലയെ മോശമായി ചിത്രീകരിക്കുന്നത് തന്‍റ രീതിയല്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിട്ടും ചോദ്യങ്ങളുമായി മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും പിറകെയാണ് മാധ്യമങ്ങൾ. പി.ആർ ഏജൻസിനെ ആര് ചുമതലപ്പെടുത്തി, അവർക്ക് എത്ര കൊടുത്തു, ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി കള്ളക്കടത്തു സ്വർണം, ഹാവാലപ്പണം ഒഴുകുന്ന ജില്ലയായി ചിത്രീകരിക്കുന്ന ഭാഗം മുഖ്യമന്ത്രിയുടെ അഭിമുഖത്തോടൊപ്പം കൊടുക്കാൻ ആര് നിർദേശിച്ചു, പാർട്ടിയുടെ അടുപ്പക്കാരന് അതിനുള്ള ധൈര്യമുണ്ടാവുമോ, മുഖ്യമന്ത്രിയെയും മുന്നണിയെയും സർക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്ന പരാമർശം എഴുതിക്കൊടുത്ത സുബ്രഹ്മണ്യനും മുഖ്യമന്ത്രി പറയാത്തത് പ്രസിദ്ധീകരിച്ച പത്രത്തിനുമെതിരെ നടപടിയുണ്ടാവുമോ....,??? ചോദ്യങ്ങൾ എത്രവേണമെങ്കിലും ചോദിച്ചോളൂ.. എല്ലാറ്റിനും ഒരൊറ്റ മറുപടി മാത്രം- മുഖ്യമന്ത്രിയോ, പാർട്ടിയോ, മുന്നണിയോ ഒരു പി.ആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ല. ഹഹഹ.....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.