മലപ്പുറം ജില്ല വിഭജിക്കണമെന്ന്; എളുപ്പമല്ലെന്ന് മുഖ്യമന്ത്രി
text_fieldsഎന്നാല്‍ ഇത് പരിശോധിക്കേണ്ട കാര്യമാണെന്നും ജില്ല, താലൂക്കുകള്‍ എന്നിവ വിഭജിക്കൽ പെട്ടെന്ന് നടത്താന്‍ സാധിക്കുന്ന കാര്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരൂര്‍, തിരൂരങ്ങാടി താലൂക്ക് വിഭജിച്ച് താനൂര്‍ കേന്ദ്രമാക്കി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന് റിട്ട. പ്രഫസർ ബാബു അഭ്യഥിച്ചു. കായിക മേഖലക്ക് ജില്ലയില്‍ കൂടുതല്‍ ഫണ്ട് അനുവദിക്കണം. താനൂരില്‍ സ്പോര്‍ട്സ് അക്കാദമി, ഇന്‍ഡോര്‍, ഔട്ട് ഡോര്‍ സ്റ്റേഡിയങ്ങൾ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യമറുപടി തിരൂർ വെറ്റിലക്ക്
പ്രഭാതസദസ്സിൽ ആദ്യമറുപടി വെറ്റില സംബന്ധിച്ച്. വെറ്റിലയെയും കൃഷിയില്‍ ഉള്‍പ്പെടുത്തണമെന്ന് വെറ്റില കര്‍ഷകനായ അബ്ദുല്‍ ഹമീദാണ് ആവശ്യപ്പെട്ടത്. വെറ്റില കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിന്റേതെന്നും തിരൂര്‍ വെറ്റിലയ്ക്ക് ഭൗമസൂചികാ പദവി ലഭിച്ചത് സര്‍ക്കാറിന്റെ ഇടപെടലിനെ തുടര്‍ന്നാണെന്നും വിള ഇന്‍ഷൂറന്‍സിന്റെ പരിധിയില്‍ വെറ്റിലയെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതി ക്ഷോഭ സമയത്ത് വെറ്റിലയ്ക്കും നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. ഇന്‍ഷൂറന്‍സ് തുക ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി.
ഹോമിയോയെ കുറ്റം പറയരുത്
ഇവിടെ ഹോമിയോയെ ആരോ കുറ്റം പറയുന്നത് കേട്ടു. അത് ശരിയല്ല. ഹോമിയോ മരുന്നിന് അതിന്റെതായ പ്രയോജനമുണ്ട്. വിശദമായി അറിയണമെങ്കിൽ എന്റെ അടുത്ത് വന്നാൽ ഞാൻ പിന്നീട് പറഞ്ഞ് തരാം എന്തൊക്കെ രോഗങ്ങൾമാറ്റാൻ ഹോമിയോക്ക് കഴിയുമെന്ന്. പ്രഭാതസദസ്സിന് മറുപടി പറയവെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹോമിയോ പോലുള്ള ചികിത്സാ വിഭാഗങ്ങള്‍ അശാസ്ത്രീയമാണ്. അതിനെതിരെ വിദ്യാര്‍ഥികളില്‍ ശാസ്ത്രാവബോധം സൃഷ്ടിക്കുന്നതിനുള്ള പരിപാടികള്‍ നടപ്പാക്കണമെന്നും എനര്‍ജി കണ്‍സള്‍ട്ടന്റ് കെ. നാരായണന്‍ ഉന്നയിച്ച ആവശ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പൂരപ്പുഴയില്‍ റഗുലേറ്റര്‍: അടിയന്തിര നടപടികള്‍ സ്വീകരിക്കും
താനൂര്‍ മോര്യകാപ്പില്‍ ഉപ്പു വെള്ളം കയറി കൃഷി നശിക്കുകയാണെന്നും ഇത് തടയാന്‍ പൂരപ്പുഴയില്‍ റഗുലേറ്റര്‍ സ്ഥാപിക്കണമെന്നും താനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലിക ടീച്ചര്‍ അഭിപ്രായപ്പെട്ടു. കനോലികനാല്‍ മലിനമാണ്. അത് ശുചീകരിച്ച് ടൂറിസത്തിന് ഉപയോഗിക്കണം. താനൂര്‍ അംബേദ്കര്‍ എസ്.സി കോളനിയിലെ താമസക്കാര്‍ക്ക് പട്ടയം നല്‍കണം. ഇക്കാര്യമെല്ലാം പരിശോധിച്ച് അടിയന്തിര നടപടികള്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.
പ്രവാസികളുടെ യാത്രാദുരിതം കേന്ദ്രം പരിഹരിക്കണം
പ്രവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നും വിമാനകമ്പനികള്‍ പ്രവാസികളെ ചൂഷണം ചെയ്യുകയാണെന്നും പ്രവാസിയായ മടപ്പാട് അബൂബക്കര്‍ . കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ ആരംഭിക്കുന്ന കാര്യത്തില്‍ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് പരിമിതിയുണ്ടെന്നും കേന്ദ്രസര്‍ക്കാറിന്റെ ഫലപ്രദമായ ഇടപെടല്‍ ആവശ്യമാണെന്നും നിര്‍ഭാഗ്യവശാല്‍ അത് ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.
നവപ്രതിഭാ ഗവേഷണ കേന്ദ്രം
ഗവേഷണ ത്വരയുള്ള വിദ്യാര്‍ഥികളെ ചെറുപ്പത്തില്‍ തന്നെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ ഓരോ ജില്ലയിലും നവപ്രതിഭാ ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്ന് കോഴിക്കോട് ഫാറൂഖ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ മുഹമ്മദ് സലീം ആവശ്യപ്പെട്ടു. പൊതുവിഭ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസ മേഖലകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദുർമന്ത്രവാദത്തിനെതിരെ നിയമം വേണം
ദുർമന്ത്രവാദത്തിനെതിരെ നിയമനിർമാണം നേരത്തെ പറഞ്ഞുകേട്ടെങ്കിലും നടപ്പായില്ലെന്ന് എനര്‍ജി കണ്‍സള്‍ട്ടന്റ് കെ. നാരായണന്‍. മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ അതിനെതിരെ അനാവശ്യമായി സ്റ്റോപ്പ് മെമ്മോ നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദുര്‍മന്ത്രവാദത്തിനെതിരെ ഫലപ്രദമായ നിയമം നാടിന്റെ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ മൊബൈല്‍ ടവര്‍ വരുമ്പോള്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ അനാവശ്യമായി സ്റ്റോപ്പ് മെമ്മോ കൊടുക്കുന്നു എന്നത് ശരിയല്ലെന്നും കഴിയാവുന്നത്ര അനുമതി നല്‍കാറുണ്ടെന്നും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.
പ്രഭാതയോഗം ഇടക്കിടക്ക് വേണം
സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നു എന്നത് നല്ല കാര്യമാണെന്നും ഇത്തരം പ്രഭാത യോഗങ്ങള്‍ മാതൃകാപരമാണെന്നും ക്ഷണിതാവായി പങ്കെടുത്ത അഡ്വ. നന്ദകുമാര്‍ പറഞ്ഞു. സര്‍ക്കാറിനെ കൂടുതല്‍ ജനകീയമാക്കാനായി മൂന്നു മാസത്തിലൊരിക്കലെന്ന രീതിയില്‍ പ്രാദേശിക തലത്തില്‍ പ്രഭാഗയോഗങ്ങള്‍ സംഘടിപ്പിക്കണം. കോര്‍ട്ട് ഫീ ആക്ട് ഭേദഗതി വരുത്തണമെന്നും ഇതു വഴി സര്‍ക്കാറിന് കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടുങ്ങിയ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന തിരൂര്‍ കോടതി മലയാളം സര്‍വ്വകലാശാലയ്ക്ക് സമീപത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഇക്കാര്യങ്ങള്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹെല്‍ത്ത് ടൂറിസം കൂടുതല്‍ പദ്ധതികള്‍ വേണം
ഹെല്‍ത്ത് ടൂറിസത്തെ മാര്‍ക്കറ്റ് ചെയ്യുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് ഡോ. അരുണ്‍ രാജന്‍ അഭിപ്രായപ്പെട്ടു. ആയുര്‍വേദ രംഗത്ത് കൂടുതല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ആരംഭിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഹെല്‍ത്ത് ടൂറിസം രംഗത്ത് സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാവുമെന്നും ഹെല്‍ത്ത് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ സ്വീകരിക്കുന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.
ഹയർ സെക്കൻഡറികളിൽ അനധ്യാപകർ വേണം
ഹയര്‍സെക്കൻഡറി സ്കൂളുകളില്‍ അനധ്യാപക തസ്തികള്‍ സൃഷ്ടിക്കണമെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകയും ഹയര്‍സെക്കന്ററി പ്രിന്‍സിപ്പലുമായ ബെന്‍ഷ മുഖ്യമന്ത്രിയോഭ്യര്‍ഥിച്ചു. വലിയ പ്രയാസത്തിലാണ് സ്കൂൾ നടത്തിപ്പ്. ശുചീകരണത്തിനും മറ്റും അധ്യാപകർ തന്നെ ഇറങ്ങേണ്ട സാഹചര്യമാണ്. ഇക്കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.
കാര്‍ഷിക രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടണമെന്ന് കാര്‍ഷിക അവാര്‍ഡ് ജേതാവ് അബ്ദുല്‍ലത്തീഫ് അഭ്യര്‍ഥിച്ചു. പ്രവാസികള്‍ക്കായി വിദേശത്തും പി.എസ്.സി പരീക്ഷാ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന് പ്രവാസിയായ പി.ടി നാരായണന്‍ അഭ്യര്‍ഥിച്ചു. അത് പ്രായോഗികമല്ലെന്നും സംസ്ഥാനത്ത് നൈപുണി പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൂടുതല്‍ വിപുലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളം സർവകലാശാലയ്ക്ക് സ്വന്തമായി കെട്ടിടം അനുവദിക്കണമെന്നും സർവകലാശാലയെ മികവിന്റെ കേന്ദ്രമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്നും സര്‍വ്വകലാശാലയിലെ ഗവേഷകനായ വി. പി അനീഷ് അഭ്യര്‍ഥിച്ചു. ഗവേഷകർക്കുള്ള സർക്കാർ ഗ്രാന്റ് മുടങ്ങിയതുമായി ബസപ്പെട്ട പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
തിരൂർ ഗൾഫ് മാർക്കറ്റിലെ വ്യാപാരികളെ ശത്രുക്കളായി കാണരുത്
ഗൾഫ് മാർക്കറ്റിലെ വ്യാപാരികളെ ട്രേഡ് യൂണിയനും ജി.എസ്.ടി അധികൃതരും ശത്രുക്കളെപ്പോലെയാണ് കാണുന്നതെന്നും വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കാതെ അധികാരികള്‍ ബുദ്ധിമുട്ടിക്കുകയാണെന്നും ഗള്‍ഫ് മാര്‍ക്കറ്റ് അസോസിയേഷന്‍ പ്രതിനിധി ഇബ്നുൽ വഫ പറഞ്ഞു. നിയമവും ചട്ടവും പാലിച്ച് പ്രവര്‍ത്തിക്കുന്ന കച്ചവടക്കാരെ സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുന്നില്ലെന്നും ആരെയും ശത്രുക്കളെ പോലെ കാണാതെ ഒരുമിച്ച് മുന്നോട്ടു പോവുകയാണ് എല്ലാവരും വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആശുപത്രികളില്‍ രക്തബാങ്ക് ആരംഭിക്കുന്നതിനുള്ള അനുമതിക്കായുള്ള കാലതാമസം ഒഴിവാക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകനായ ഡോ.കെ.കെ. ഗോപിനാഥൻ അഭിപ്രായപ്പെട്ടു. പാരാമെഡിക്കൽ സേവനങ്ങൾ ആരംഭിക്കുന്നതിന് ആശുപത്രിയുടേതല്ലാത്ത സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി പ്രവാസികള്‍ക്ക് പ്രത്യേക പരിഗണനയും സൗകര്യങ്ങളും സംസ്ഥാനത്തുണ്ടെന്ന് പ്രവാസി ബിസിനസുകാരനായി സമീര്‍ ഹാജിക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.