മാറാതെ, മറിയാതെ യു.ഡി.എഫിനൊപ്പം മലപ്പുറം
text_fieldsമലപ്പുറം: ത്രിതല തദ്ദേശ സ്ഥാപനങ്ങളിലെല്ലാം യു.ഡി.എഫിന് വൻ ഭൂരിപക്ഷമുള്ള മലപ്പുറം ജില്ല ഇക്കുറിയും ഹരിത രാഷ്ട്രീയത്തോടൊപ്പം തന്നെ നിലയുറപ്പിച്ചു. മറിമായങ്ങളൊന്നും സംഭവിച്ചില്ല. ജില്ല പഞ്ചായത്തിലും നഗരസഭയിലും ബ്ലോക്കിലും വലിയ മാറ്റങ്ങളില്ല. എൽ.ഡി.എഫ് കൈവശംവെച്ചിരുന്ന ഗ്രാമപഞ്ചായത്തുകളിൽ ഒരു ഡസനിലേറെ യു.ഡി.എഫ് തിരിച്ചുപിടിച്ചു.
ജില്ല പഞ്ചായത്തിലും നഗരസഭയിലും ബ്ലോക്കിലും മുസ്ലിം ലീഗ് നില മെച്ചപ്പെടുത്തി. കഴിഞ്ഞതവണ ലീഗിന് നഷ്ടമായ തിരൂർ നഗരസഭ ഇത്തവണ തിരിച്ചുപിടിച്ചു. പൊന്നാനി, പെരിന്തൽമണ്ണ നഗരസഭകൾ ഇടത് നിലനിർത്തി. എന്നാൽ, കോൺഗ്രസ് കുത്തകയായിരുന്ന നിലമ്പൂർ നഗരസഭ പിടിക്കാനായത് എൽ.ഡി.എഫിന് നേട്ടമാണ്. കോൺഗ്രസിെൻറ കൈവശമുണ്ടായിരുന്ന ഏക നഗരസഭയാണിത്. താഴേത്തട്ടിൽ യു.ഡി.എഫ് സംവിധാനം ഇത്തവണ കൂടുതൽ ശക്തമായിരുന്നു.
കഴിഞ്ഞതവണ യു.ഡി.എഫിലുണ്ടായ വിള്ളൽ മുതലെടുത്ത് ഇടതുപക്ഷം ഭരണത്തിലേറിയ നഗരസഭകളും പഞ്ചായത്തുകളും തിരിച്ചുപിടിക്കാൻ ലീഗിനായി. വെൽഫെയർ പാർട്ടിയുമായുണ്ടാക്കിയ നീക്കുപോക്കുകളും ചിലയിടങ്ങളിൽ നേട്ടമായി. കൂടുതൽ നഗരസഭകളിലും പഞ്ചായത്തുകളിലും ഭരണംപിടിക്കുകയെന്ന ഇടതുതന്ത്രം ഫലിച്ചില്ല. യു.ഡി.എഫ് സംവിധാനത്തിലുള്ള വിള്ളൽ മുതലെടുക്കാമെന്ന കണക്കുകൂട്ടലും തെറ്റി. എൻ.ഡി.എ ഇത്തവണ കൂടുതൽ ശക്തമായ പ്രചാരണം നടത്തിയിരുന്നെങ്കിലും ജില്ലയിൽ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. സീറ്റുകളും കുറഞ്ഞു. നിലമ്പൂർ, വളാഞ്ചേരി നഗരസഭകളിൽ അക്കൗണ്ട് തുറക്കാനായെന്നതാണ് ആശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.