എൽ.ഡി.എഫ് പ്രചാരണ ഏകോപനം: ചുമതല ഇ.പി. ജയരാജന്
text_fieldsമലപ്പുറം: എൽ.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഉൗർജം പകരാനുള്ള ചുമതല ഇനി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്. നേരത്തെ സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറികൂടിയായ എളമരം കരീമിനായിരുന്നു ചുമതല. ആരോഗ്യപരമായ കാരണങ്ങളാൽ കരീമിന് പ്രവർത്തനങ്ങൾക്ക് എത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ചുമതല ഇ.പി. ജയരാജന് നൽകുന്നതെന്നാണ് പാർട്ടി നേതാക്കളുടെ വിശദീകരണം.
പ്രചാരണത്തിലെ മാന്ദ്യം സംബന്ധിച്ച് പരക്കെ ആക്ഷേപം ഉയർന്നിരുന്നു. ആദ്യഘട്ട പ്രചാരണത്തിന് മുതിർന്ന നേതാക്കൾ എത്താതിരുന്നത് സംബന്ധിച്ച് എൽ.ഡി.എഫ് യോഗത്തിലും വിമർശനം ഉയർന്നു. മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദൻ പ്രചാരണത്തിന് എത്തുമെന്ന് തുടക്കത്തിൽ നേതാക്കൾ പറഞ്ഞിരുന്നതെങ്കിലും നേതാക്കളുടെ പ്രോഗ്രാം ഷെഡ്യൂൾ തയ്യാറാക്കി പുറത്തുവിട്ടപ്പോൾ അതിൽ വി.എസ് ഒഴിെക മറ്റ് നേതാക്കളെല്ലാമുണ്ടായിരുന്നു. ഇത് വിവാദമായപ്പോൾ വി.എസ് പ്രചാരണത്തിന് എത്തുമെന്ന് വിശദീകരിച്ച് പാർട്ടി നേതാക്കൾ വീണ്ടും രംഗത്തെത്തി. ഏപ്രിൽ എട്ട്, ഒമ്പത് തീയതികളിൽ വി.എസ് എത്തുമെന്നാണ് ഇപ്പോൾ പറയുന്നത്.
പ്രചാരണത്തിലുണ്ടായ ഇത്തരം ആശയക്കുഴപ്പങ്ങളും ഏകോപനമില്ലായ്മയും പരിഹരിച്ച് അവസാനഘട്ട പ്രചാരണ പരിപാടികളിൽ മേൽക്കൈ നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഇ.പി. ജയരാജന് ചുമതല നൽകിയിരിക്കുന്നത്. അദ്ദേഹം തിങ്കളാഴ്ച ജില്ലയിൽ പ്രചാരണത്തിന് ഇറങ്ങി. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നതുവരെ താൻ മണ്ഡലത്തിലുണ്ടാകുമെന്ന് ഇ.പി. ജയരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.