കുഞ്ഞാലിക്കുട്ടിക്ക് ജയം; ഭൂരിപക്ഷം 1,71,023
text_fieldsമലപ്പുറം: ഹരിത രാഷ്്ട്രീയത്തിന് തിളക്കമാർന്ന വിജയം സമ്മാനിച്ച് മുസ്ലിം ലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക്. മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. എം.ബി. ഫൈസലിനെ 1,71,023 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. കേരളത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി ഒരു സ്ഥാനാര്‍ഥി അഞ്ചുലക്ഷത്തിലേറെ (5,15,330) വോട്ട് നേടുകയെന്ന റെക്കോഡും കുഞ്ഞാലിക്കുട്ടി സ്വന്തമാക്കി. എന്നാൽ മുസ്ലീം ലീഗിെൻറ ദേശീയ അധ്യക്ഷനായിരുന്ന ഇ. അഹമ്മദ് കഴിഞ്ഞ തവണ നേടിയ 1,94, 739 വോട്ടിെൻറ ഭൂരിപക്ഷം മറികടക്കാനായില്ല. ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം പ്രചരിപ്പിച്ച് വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ച ബി.ജെ.പിക്ക് ജനവിധി തിരിച്ചടിയായി. 2014ൽ 64,705 വോട്ട് നേടിയ ബി.ജെ.പി സ്ഥാനാർഥി എൻ. ശ്രീപ്രകാശിന് ഇത്തവണ 970 വോട്ട് മാത്രമാണ് കൂടുതൽ ലഭിച്ചത്. 1,94,739 പുതിയ വോട്ടർമാരുണ്ടായിട്ടും ദേശീയ, സംസ്ഥാന നേതാക്കൾ പ്രചാരണം നടത്തിയിട്ടും ബി.ജെ.പി തന്ത്രങ്ങൾ ഏശിയില്ല.
ആകെ പോൾ ചെയ്ത 9,36,315 വോട്ടിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 5,15,330 വോട്ട് (55 ശതമാനം) ലഭിച്ചപ്പോൾ എം.ബി. ഫൈസലിന് 3,44,307 (36.7 ശതമാനം) വോട്ടും എൻ.ഡി.എ സ്ഥാനാർഥി എൻ. ശ്രീപ്രകാശിന് 65,675 (ഏഴ് ശതമാനം) വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇത് യഥാക്രമം 51.29, 28.47, 7.58 ശതമാനമായിരുന്നു. തെൻറ നിയമസഭ മണ്ഡലമായ വേങ്ങരയിലാണ് കുഞ്ഞാലിക്കുട്ടിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം (40,529). കുറവ് പെരിന്തൽമണ്ണ മണ്ഡലത്തിലും (8,537). മറ്റ് അഞ്ച് നിയമസഭ മണ്ഡലങ്ങളിലും യു.ഡി.എഫ് വ്യക്തമായ മേധാവിത്വം നേടി.
2014 ലോക്സഭ തെരഞ്ഞെടുപ്പിെല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും 2016ലെ നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ നില മെച്ചപ്പെടുത്താൻ യു.ഡി.എഫിന് സാധിച്ചു. 2014ൽ ഇ. അഹമ്മദിനെതിരെ മത്സരിച്ച പി.കെ. സൈനബക്ക് കിട്ടിയ വോട്ടിനെക്കാൾ 1,01,323 വോട്ടുകൾ ഇത്തവണ ഫൈസലിന് അധികം ലഭിച്ചപ്പോൾ, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ശക്തമായ പോരാട്ടം നടത്തിയ പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിലും വോട്ടുനില താഴോട്ടുപോയി. യു.ഡി.എഫിന് 2014നേക്കാൾ 77,607 വോട്ടുകളാണ് കൂടിയത്. വോെട്ടണ്ണലിെൻറ ആദ്യറൗണ്ടുകളിൽതന്നെ വ്യക്തമായ ലീഡ് നേടിയ കുഞ്ഞാലിക്കുട്ടി ഇ. അഹമ്മദിെൻറ റെക്കോഡ് ഭൂരിപക്ഷം മറികടക്കുമെന്ന പ്രതീതി സൃഷ്ടിച്ചു. കുഞ്ഞാലിക്കുട്ടിയുടെ നിയമസഭ മണ്ഡലമായ വേങ്ങര തന്നെയാണ് യു.ഡി.എഫിെൻറ അഭിമാനം കാത്തത്. 2014ലെ ഭൂരിപക്ഷം (42,632) മറികടക്കാനായില്ലെങ്കിലും തനിക്ക് നിയമസഭയിൽ ലഭിച്ച 38,057 വോട്ടിെൻറ ഭൂരിപക്ഷം മറികടന്നാണ് (40,529) കുഞ്ഞാലിക്കുട്ടിയെ സ്വന്തം മണ്ഡലം അനുഗ്രഹിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പോരാട്ടം നടന്ന മങ്കട മണ്ഡലത്തിൽ 1508 വോട്ടിെൻറ ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന യു.ഡി.എഫ് ഇപ്പോൾ ശക്തമായ തിരിച്ചുവരവ് നടത്തി. ഭൂരിപക്ഷം 19,262 ആയി. എന്നാൽ, 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിച്ച 23,461 വോട്ടിെൻറ അടുത്തെത്താൻ സാധിച്ചില്ല. മതേതരത്വത്തിെൻറ വിജയമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചപ്പോൾ വർഗീയ േവാട്ടുകൾ സമാഹരിച്ച് നേടിയ വിജയമെന്ന് എം.ബി. ഫൈസൽ പറഞ്ഞു.
അരിയല്ലൂർ ബൂത്തിലെ 657 വോട്ട് അസാധു
മലപ്പുറം: വള്ളിക്കുന്ന് നിയോജക മണ്ഡലം 115ാം നമ്പർ ബൂത്തിലെ വോട്ട് മുഴുവൻ അസാധുവായി. തകരാർമൂലം വോട്ടിങ് യന്ത്രം തുറക്കാനാവാതായതോടെയാണ് അരിയല്ലൂർ ഗവ. യു.പി സ്കൂളിലെ ബൂത്തിൽ പോൾ ചെയ്ത 657 വോട്ടും അസാധു കോളത്തിൽ ഇടംപിടിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്നതിനാൽ മുന്നണികളും സ്ഥാനാർഥികളും ഇത് വിഷയമാക്കിയിട്ടില്ല. അരിയല്ലൂർ സ്കൂളിലെ ബൂത്തിൽ ഓരോ സ്ഥാനാർഥിക്കും കിട്ടിയ വോട്ട് എത്രയെന്ന് അറിയാൻ ഇതുമൂലം പാർട്ടികൾക്കും പൊതുജനത്തിനും കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.