ട്രഷറികളിലേക്ക് പണം അനുവദിക്കുന്നതിലും മലപ്പുറത്തോട് വിവേചനം
text_fieldsമലപ്പുറം: ശമ്പള, പെൻഷൻ വിതരണത്തിനായി ട്രഷറികൾക്ക് പണം അനുവദിക്കുന്നതിൽ മലപ്പുറം ജില്ലയോട് കടുത്ത വിവേചനം. വെള്ളിയാഴ്ചത്തെ ഇടപാടുകൾക്ക് 9.81 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും 2.92 കോടി മാത്രമാണ് അനുവദിച്ചത്. ശനിയാഴ്ച 9.52 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും 4.31 കോടി ലഭിച്ചു. ട്രഷറിയെ ആശ്രയിക്കുന്ന 35,000ത്തോളം സർക്കാർ ജീവനക്കാരും 30,000ത്തോളം പെൻഷൻകാരും ജില്ലയിൽ ഉണ്ടായിരിക്കെയാണ് ഈ അവഗണന. അതേസമയം, മലപ്പുറത്തെ അപേക്ഷിച്ച് ട്രഷറി ഇടപാടുകാരുടെ എണ്ണം കുറഞ്ഞ കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യഥാക്രമം 9.89 കോടി, 7.78 കോടി, 12.08 കോടി രൂപ എന്നിങ്ങനെയാണ് വെള്ളിയാഴ്ച ലഭിച്ചത്.
എല്ലാ ജില്ലകളിലും ആവശ്യപ്പെട്ടതിെൻറ 70–80 ശതമാനം തുക ലഭിച്ചപ്പോൾ ജില്ലക്ക് ആവശ്യപ്പെട്ടതിെൻറ 29 ശതമാനം തുക മാത്രമാണ് വെള്ളിയാഴ്ച ലഭിച്ചത്. ജില്ല ട്രഷറിയും 18 സബ് ട്രഷറികളുമാണ് മലപ്പുറത്തുള്ളത്.
ആഴ്ചയിൽ പിൻവലിക്കാനുള്ള തുകയുടെ പരിധി 24,000 ആണെങ്കിലും പെൻഷൻകാർക്കും ജീവനക്കാർക്കും 2,000 മുതൽ 10,000 രൂപ വരെ മാത്രമാണ് ലഭിക്കുന്നത്. ട്രഷറികളിലേക്ക് പണം ലഭ്യമാക്കുന്ന സ്റ്റേറ്റ് ബാങ്ക് ശാഖകളിൽ മതിയായ പണം എത്താത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. നോട്ട് പ്രതിസന്ധിയുടെ ആദ്യ നാൾ മുതൽ ബാങ്കുകൾക്ക് കറൻസി അനുവദിക്കുന്ന കാര്യത്തിൽ റിസർവ് ബാങ്ക് ജില്ലയോട് കടുത്ത വിവേചനം കാണിക്കുന്നുണ്ട്.
ബാങ്ക് ഇടപാടുകാരുടെ എണ്ണത്തിൽ മറ്റു ജില്ലകളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് മലപ്പുറം. എന്നാൽ, ഇതിന് ആനുപാതികമായ പുതിയ കറൻസികൾ ജില്ലയിലെ പൊതുമേഖലബാങ്കുകൾക്ക് കറൻസി ചെസ്റ്റുകളിൽനിന്ന് ലഭിക്കുന്നില്ല. ജില്ല ലീഡ് ബാങ്ക് ഇക്കാര്യം റിസർവ് ബാങ്കിനെ പലതവണ ബോധ്യപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല.
തീരെ പണം ലഭിക്കാത്ത ട്രഷറികളും ജില്ലയിലുണ്ട്. ആദ്യ ശമ്പള ദിനത്തിൽ വേങ്ങര സബ് ട്രഷറിക്ക് പണം ലഭിച്ചതേയില്ല. വെള്ളിയാഴ്ച സംസ്ഥാനത്ത് ഒട്ടും പണം കിട്ടാത്ത രണ്ട് സബ് ട്രഷറികളും ജില്ലയിലാണ് –കരുവാരകുണ്ടും പെരിന്തൽമണ്ണയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.