മലപ്പുറത്ത് ജൂണിൽ മാത്രം 1761 മഞ്ഞപ്പിത്തക്കേസുകൾ
text_fieldsമലപ്പുറം: ജില്ലയിലെ വള്ളിക്കുന്ന്, ചേലേമ്പ്ര, കുഴിമണ്ണ, പള്ളിക്കൽ ഗ്രാമപഞ്ചായത്തുകളിൽ ഉണ്ടായ മഞ്ഞപ്പിത്ത രോഗബാധയെ തുടർന്ന് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയിൽ ജൂണിൽ മാത്രം 1761 മഞ്ഞപ്പിത്തക്കേസുകൾ റിപ്പോർട്ട് ചെയ്തതായി ഡി.എം.ഒ ഡോ. ആർ. രേണുക അറിയിച്ചു. ഇതിൽ 154 എണ്ണം സ്ഥിരീകരിച്ചതും 1607 എണ്ണം സംശയാസ്പദവുമായ കേസുകളുമാണ്.
ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് അത്താണിക്കൽ -245, കുഴിമണ്ണ -91, മൂന്നിയൂർ -85, ചേലേമ്പ്ര -53, കൊണ്ടോട്ടി -51, തിരൂരങ്ങാടി -48, പരപ്പനങ്ങാടി -48, നന്നമ്പ്ര -30 എന്നിവിടങ്ങളിലാണ്. ഈ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ഇതര വകുപ്പുകളുടെയും സഹകരണത്തോടെ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കിയതായി ഡി.എം.ഒ അറിയിച്ചു.
പ്രദേശത്തെ കിണറുകൾ മൂന്നു ദിവസത്തിലൊരിക്കൽ ക്ലോറിനേറ്റ് ചെയ്തു വെള്ളം ശുചിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സന്നദ്ധ, ആരോഗ്യ പ്രവർത്തകർ വീടുകൾ കയറി ആരോഗ്യ ബോധവൽക്കരണം നടത്തുന്നു. പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മൈക്ക് പ്രചരണവും നടത്തുന്നുണ്ട്.
ഷിഗല്ല സ്ഥിരീകരിച്ചത് മൂന്നു സാമ്പിളുകളിൽ
പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ വെണ്ണായൂർ എ.എം.എൽ.പി സ്കൂൾ വിദ്യാർഥികളിൽ നിന്ന് ശേഖരിച്ച മൂന്നു സാമ്പിളുകൾ ഷിഗല്ലയാണെന്ന് പരിശോധന ഫലം ലഭിച്ചിട്ടുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു. സ്കൂളിലും പരിസര പ്രദേശങ്ങളിലും ആവശ്യമായ ജാഗ്രത നിർദ്ദേശം ആരോഗ്യവകുപ്പ് നൽകി. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവശ്രദ്ധ പുലർത്തണമെന്ന് ഡി.എം.ഒ അറിയിച്ചു.
വയറിളക്ക രോഗങ്ങളുടെ ഒരു പ്രധാന കാരണമാണ് ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ. കൂടുതലും കുട്ടികളെയാണ് ഇത് ബാധിക്കുന്നത്. ഒരാളിൽനിന്നും മറ്റൊരാളിലേക്ക് ഈ രോഗം പകരുന്നത് മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ്. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കും. മഞ്ഞപ്പിത്തം, ഷിഗല്ല തുടങ്ങിയ ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇത്തരം രോഗങ്ങൾക്കും ഭക്ഷ്യ വിഷബാധകൾക്കുമെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.