വലത്തോട്ട് ചാഞ്ഞ് പച്ചക്കോട്ട
text_fieldsതദ്ദേശ സ്ഥാപനങ്ങളിലെല്ലാം മുസ്ലിം ലീഗിെൻറ പിൻബലത്തിൽ യു.ഡി.എഫിന് വൻ ഭൂരിപക്ഷമുള്ള ജില്ലയാണ് മലപ്പുറം. ലീഗ് കോട്ടയിൽ ഇക്കുറിയും അട്ടിമറി സാധ്യതകളില്ല. ജില്ല പഞ്ചായത്തിൽ ഏതാനും സീറ്റുകൾ വർധിപ്പിക്കാമെന്നതിൽ കവിഞ്ഞ പ്രതീക്ഷയൊന്നും ഇടതു ക്യാമ്പും വെച്ചുപുലർത്തുന്നില്ല. നഗരസഭകളിലും പഞ്ചായത്തിലുമുള്ള യു.ഡി.എഫ് ഭൂരിപക്ഷത്തിനും ഇടിവു തട്ടാനിടയില്ല. യു.ഡി.എഫിലുണ്ടായ വിള്ളൽ മുതലെടുത്ത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേടിയ നഗരസഭകളും പഞ്ചായത്തുകളും തിരിച്ചുപിടിക്കാനാവുമെന്നാണ് ലീഗ് പ്രതീക്ഷ. താഴേ തട്ടിൽ യു.ഡി.എഫ് സംവിധാനം കൂടുതൽ ശക്തമാണ്. കഴിഞ്ഞ തവണ നഷ്ടമായവകൂടി ഇത്തവണ യു.ഡി.എഫ് ഭരണത്തിലേക്ക് മാറാൻ ഇത് വഴിവെക്കും. വെൽെഫയർ പാർട്ടിയുടെ പിന്തുണയും നേട്ടമാവും.
2019ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ രണ്ട് എം.പിമാരും റെേക്കാഡ് ഭൂരിപക്ഷത്തിൽ ജയിച്ചത് യു.ഡി.എഫ് ക്യാമ്പിൽ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. 16 നിയമസഭ മണ്ഡലങ്ങളിലും യു.ഡി.എഫിനാണ് മേൽക്കൈ. ഇടതു സർക്കാർ വിരുദ്ധ വികാരവും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് അവർ കരുതുന്നു.
സർവ സന്നാഹങ്ങളുമായാണ് ഇടതു ക്യാമ്പ് പ്രചാരണം നടത്തിയത്. ഭരണനേട്ടങ്ങൾ കാണിച്ച് കൂടുതൽ നഗരസഭകളിലും പഞ്ചായത്തുകളിലും ഭരണം പിടിക്കുകയാണ് ലക്ഷ്യം. യു.ഡി.എഫ് സംവിധാനത്തിൽ ചിലയിടങ്ങളിലെങ്കിലും വിള്ളലുകളുള്ളതിനാൽ അതിൽനിന്ന് മുതലെടുക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. വിമതശല്യം കൂടുതൽ യു.ഡി.എഫ് പക്ഷത്താണ്. അത് ഇടതിന് നേട്ടമാവുമോ എന്ന് കണ്ടറിയണം. എൻ.ഡി.എ ഇത്തവണ ശക്തമായ പ്രചാരണം നടത്തിയിട്ടുണ്ട്. താനൂർ നഗരസഭയിൽ പ്രതിപക്ഷമാണവർ. കൂടുതൽ പഞ്ചായത്തുകളിലും നഗരസഭകളിലും അക്കൗണ്ട് തുറക്കുക, സീറ്റുകൾ വർധിപ്പിക്കുക എന്നതാണ് മിനിമം അജണ്ട. അന്തിമ വിശകലനത്തിൽ യു.ഡി.എഫിന് തന്നെയാണ് ജില്ലയിൽ മേൽക്കൈ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.