കീഴുപറമ്പ് സംഭവം: രണ്ടുപേർ അറസ്റ്റിൽ
text_fieldsകീഴുപറമ്പ് (മലപ്പുറം): അരീക്കോട് കീഴുപറമ്പ് കല്ലായിയിൽ മോഷ്ടാക്കളെന്നാരോപിച്ച് യുവാക്കളെ മർദിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കീഴുപറമ്പ് വാലില്ലാപ്പുഴ പുല്ലഞ്ചേരി അസ്കർ ബാബു (32), ചെറുവാടി തെനങ്ങാപറമ്പിൽ അബ്ദുൽ റഷീദ് (35) എന്നിവരെയാണ് അരീക്കോട് എസ്.ഐ കെ. സിനോദ് അറസ്റ്റ് ചെയ്തത്. പൊലീസുകാരെ പരിക്കേൽപിച്ച കേസിലാണ് അറസ്റ്റ്. സംഭവത്തിൽ പൊലീസ് അന്വേഷണം ഉൗർജിതമാക്കി.
ബുധനാഴ്ച രാത്രി 11നാണ് എടവണ്ണപ്പാറ എടശേരിക്കടവിലെ മുബഷിർ (30), സൈഫുദ്ദീൻ (25) എന്നിവരെ ഒരു കൂട്ടമാളുകൾ മർദിച്ചത്. പരിേക്കറ്റ ഇരുവരും മുക്കത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരുടെ ഇൻറിമേഷൻ റിപ്പോർട്ട് എത്തിയശേഷമേ അവരുടെ പരാതിയിൽ അന്വേഷണമുണ്ടാവൂ എന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ നൂറോളം പേർക്കെതിെര കേസെടുത്തിട്ടുണ്ട്.
മുക്കം, കീഴുപറമ്പ് ഭാഗങ്ങളിൽ തുടർച്ചയായി നടന്നുവരുന്ന മോഷണങ്ങളിൽ പ്രതികളെ പിടിക്കാൻ പൊലീസിന് കഴിയാതായതോടെ പ്രദേശവാസികൾ പല സ്ഥലങ്ങളിലായി കാവലിരിക്കുന്നുണ്ട്. എടവണ്ണപ്പാറ സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച കാറിെൻറ നമ്പർ മോഷ്ടാക്കളുടെ കാർ നമ്പറാണെന്ന വ്യാജേന വാട്സ്ആപ്പിലും ഫേസ്ബുക്കിലും പ്രചരിച്ചിരുന്നു. മർദനമേറ്റവരിൽ ഒരാളുടെ സഹോദരിയുടെ പേരിലുള്ളതാണ് കാറ്. ഇക്കാര്യം അന്വേഷിക്കാനാണ് യുവാക്കൾ എത്തിയതെന്നു പറയുന്നു.
മലപ്പുറം-കോഴിക്കോട് ജില്ല അതിർത്തി പ്രദേശമായ കീഴുപറമ്പ് കല്ലായിയിൽ ലോറി വിലങ്ങിട്ട് കാർ തടഞ്ഞ് ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധ മറുപടിയാണ് ഇരുവരും നൽകിയത്. ഉത്സവത്തിന് പോവുകയാണെന്ന് പറഞ്ഞെങ്കിലും ഉത്സവം എവിടെയെന്ന് കൃത്യമായി പറയാനായില്ല. മോഷ്ടാക്കളെ വാഹനമടക്കം നാട്ടുകാർ പിടികൂടിയെന്ന വിവരം പരന്നതോടെ ജനങ്ങൾ തടിച്ചുകൂടി. പൊലീസിന് വിട്ടുനൽകിയാൽ മോഷണക്കേസിൽ ഒതുങ്ങുമെന്നും ജാമ്യത്തിലിറങ്ങാൻ താമസമുണ്ടാവില്ലെന്നും പറഞ്ഞാണ് മർദിച്ചത്. സ്ഥലത്തെത്തിയ അരീക്കോട് സ്റ്റേഷനിലെ പൊലീസുകാർക്കും പരിക്കേറ്റു.
മോഷണക്കേസുകളിൽ പ്രതികളെ പിടികൂടിയില്ലെങ്കിലും അന്വേഷണവുമായി രംഗത്തുണ്ടെന്ന് വരുത്താനോ രാത്രിപരിശോധന നടത്താനോ പൊലീസ് ശ്രമിച്ചില്ലെന്നും സംഭവങ്ങൾക്ക് പൊലീസുകാർ കൂടി ഉത്തരവാദികളാണെന്നും പ്രദേശത്തുകാർ പറയുന്നു. അതേസമയം, യുവാക്കളെ മർദിച്ചവരെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കാൻ പൊലീസിനുമേൽ സമ്മർദമുള്ളതായി സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.