ബി.ജെ.പിയെ ക്ലച്ചുപിടിക്കാൻ അനുവദിക്കാതെ മലപ്പുറം; സീറ്റുകളിൽ ഇടിവ്
text_fieldsമലപ്പുറം: വമ്പിച്ച പ്രചാരണവും അവകാശ വാദങ്ങളുമായി തെരഞ്ഞെടുപ്പ് ഗോദയിൽ മുൻനിരയിലുണ്ടായിരുന്ന ബി.ജെ.പിക്ക് മലപ്പുറം ജില്ലയിൽ കഴിഞ്ഞതവണത്തേക്കാൾ സീറ്റുകൾ കുറഞ്ഞു. 2015ൽ ആകെ 38 സീറ്റുകൾ ഉണ്ടായിരുന്നുവെങ്കിൽ ഇത്തവണയത് 33 ആയി. പഞ്ചായത്തുകളിൽ 17 സീറ്റുള്ളത് 15ഉം നഗരസഭയിൽ 21ൽനിന്ന് 18ഉം ആയിക്കുറഞ്ഞു.
താനൂർ നഗരസഭയിലാണ് ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിച്ചത്, ഏഴ്. എന്നാൽ കഴിഞ്ഞതവണ ഇവിടെ 10 സീറ്റുകൾ പാർട്ടിക്കുണ്ടായിരുന്നു. നിലമ്പൂർ നഗരസഭയിൽ അക്കൗണ്ട് തുറക്കാനായതാണ് പാർട്ടിക്കുണ്ടായ ആശ്വാസം.
നരേന്ദ്ര മോദിയുടെ ആരാധികയെന്ന് സ്വയം പ്രഖ്യാപിച്ച് വണ്ടൂരിൽ ടി.പി. സുൽഫത്ത് എന്ന യുവതി രംഗത്തെത്തിയതിനെല്ലാം ബി.ജെ.പി വൻപ്രചാരണമാണ് നൽകിയത്. വണ്ടൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ ജനവിധി തേടിയ ഇവർക്ക് ആകെ ലഭിച്ചത് 56 വോട്ടാണ്. മുത്തലാഖ് ബിൽ പോലുള്ള വിഷയങ്ങളിൽ മുസ്ലിം സ്ത്രീകൾ ബി.ജെ.പിക്ക് അനുകൂലമായി ചിന്തിക്കുമെന്ന് സുൽഫത്ത് അവകാശപ്പെട്ടിരുന്നുവെങ്കിലും അതൊന്നും ഉണ്ടായില്ലെന്ന് കണക്കുകൾ പറയുന്നു. കൂടാതെ പൊന്മുണ്ടം പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ആയിഷ ഹുസൈനായിരുന്നു ബി.ജെ.പി സ്ഥാനാർഥി. 55 വോട്ടുകൾ മാത്രം നേടി നാലാം സ്ഥാനത്തായി ഇവർ. ബി.ജെ.പിക്കായി രണ്ട് മുസ്ലിം സ്ത്രീകൾ മലപ്പുറത്ത് ജനവിധി തേടുന്നത് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു.
ആയിഷയും മോദിയുടെയും വാജ്പേയിയുടെയും ആരാധികയാണ്. ഇവരുടെ ഭർത്താവ് ഹുസൈൻ വരിക്കോട്ടിൽ ന്യൂനപക്ഷ മോർച്ച ജില്ല കമ്മിറ്റി അംഗമാണ്. മലപ്പുറം ജില്ല പഞ്ചായത്തിലെ എടരിക്കോട് ഡിവിഷനിൽനിന്ന് ഇദ്ദേഹവും ബി.ജെ.പിക്കായി ജനവിധി തേടിയിരുന്നു. എന്നാൽ, 3152 വോട്ടുമായി നാലാംസ്ഥാനത്ത് തൃപ്തിപ്പെടേണ്ടി വന്നു.
താനൂർ - 7, എടപ്പാൾ - 2, അങ്ങാടിപ്പുറം -1, പരപ്പനങ്ങാടി - 3, നിലമ്പൂർ - 1, വട്ടംകുളം - 2, കോട്ടക്കൽ - 2, പൊന്നാനി -3, നന്നംമുക്ക് -1, തലക്കാട് - 1, ചേലേമ്പ്ര - 3, തിരൂർ - 1, ഒഴൂർ 1, ചെറുകാവ് 1, മൂർക്കനാട് - 1, വാഴയൂർ-1, വളാഞ്ചേരി 1, നന്നമ്പ്ര -1 എന്നിങ്ങനെയാണ് ജില്ലയിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എക്ക് ലഭിച്ച സീറ്റുകൾ.
സംസ്ഥാനത്തെ മറ്റു ജില്ലകളിൽ ബി.ജെ.പിക്ക് നേരിയ തോതിൽ സീറ്റുകൾ കൂടിയപ്പോഴാണ് മലപ്പുറത്തെ വോട്ടർമാർ പാർട്ടിയോട് വിമുഖത കാണിച്ചത്. സംസ്ഥാനത്ത് 2015ൽ 933 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ വിജയിച്ച ബി.ജെ.പി ഇക്കുറി 1182ലാണ് ജയിച്ചത്. കഴിഞ്ഞ തവണത്തെ 21 ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ ഇക്കുറി 37 ആയി. മുനിസിപ്പാലിറ്റികളിൽ 236ൽ നിന്ന് 320ലെത്തി. കോർപറേഷനുകളിൽ 51ൽനിന്ന് 59 എത്താനേ ആയുള്ളൂ. വോട്ടിങ് ശതമാനം 13ൽന്ന് 17ലധികമായി വർധിച്ചതായാണ് നേതൃത്വത്തിെൻറ അവകാശവാദം.
അതേസമയം, മലപ്പുറം ജില്ലയിൽ ബി.ജെ.പിക്കെതിരെ രാഷ്ട്രീയവും വർഗീയവുമായ വോട്ട് മറിക്കൽ നടത്തിയെന്ന് ജില്ല പ്രസിഡൻറ് രവി തേലത്ത് കുറ്റപ്പെടുത്തുന്നു. ബി.ജെ.പി വിജയിക്കുമെന്ന് ഉറപ്പുള്ള സ്ഥലങ്ങളിൽ നേരത്തെ തന്നെ പരസ്യമായും രഹസ്യമായും രാഷ്ട്രീയ സഖ്യം ഇടതു - വലതുപാർട്ടികൾ ഉണ്ടാക്കി. മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ വാർഡുകളിലെല്ലാം അവസാന ദിവസങ്ങളിൽ വർഗീയ സംഘടനകൾ കൂടി ഇവരോടൊപ്പം ഗൂഢാലോചനയിൽ പങ്കുചേർന്നിട്ടുണ്ട്.
ബി.ജെ.പിയെ പരാജയപ്പെടുത്തേണ്ടത് ഈ രാഷ്ട്രീയ പാർട്ടികൾക്കും മത തീവ്ര -വർഗീയ സംഘടനകൾക്കും ഒരുപോലെ ആവശ്യമായിരുന്നു. മതന്യൂനപക്ഷങ്ങൾ വ്യാപകമായി ബി.ജെ.പി.യോട് അടുത്തുവരുന്നതും മുസ്ലിം സ്ത്രീകൾ തന്നെ സ്ഥാനാർഥികളായി രംഗത്തുവന്നതും ഇവരെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.
അഴിമതിയും വർഗീയതയും സന്ധിചേർന്ന് ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുകയാണ് ഉണ്ടായത്. എന്നിട്ടും ജില്ലയിൽ കൂടുതൽ വോട്ടുനേടി നല്ലപോലെ ജനപിന്തുണയാർജിക്കാനും പുതിയ തദ്ദേശ സ്ഥാപനങ്ങളിൽ അക്കൗണ്ട് തുടങ്ങാനും സാധിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.