പി.വി അൻവറിന് സുരക്ഷ ഒരുക്കാൻ നിർദേശം; വസതിയിൽ പൊലീസ് പിക്കറ്റ് പോസ്റ്റ് സ്ഥാപിക്കും
text_fieldsനിലമ്പൂർ: നിലമ്പൂർ എം.എൽ.എ പി.വി അൻവറിന്‍റെ വസതിക്ക് സുരക്ഷ ഒരുക്കാൻ മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ ഉത്തരവ്. സുരക്ഷയുടെ ഭാഗമായി വസതിക്ക് സമീപം പൊലീസ് പിക്കറ്റ് പോസ്റ്റ് സ്ഥാപിക്കും. മുതിർന്ന ഉദ്യോഗസ്ഥനും മൂന്ന് സിവിൽ പൊലീസുകാരും അടങ്ങുന്ന സംഘത്തിനാണ് ചുമതല.
24 മണിക്കൂറും പൊലീസ് സംഘം സ്ഥലത്ത് ഉണ്ടാകണമെന്നാണ് ഉത്തരവിൽ നിർദേശിച്ചിട്ടുള്ളത്. അൻവറിനെതിരെ സി.പി.എം പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യവും പ്രകടനവും വസതിക്ക് മുമ്പിൽ ഫ്ലക്സ് ബോർഡ് സ്ഥാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സുരക്ഷ നൽകാൻ പൊലീസ് നടപടി സ്വീകരിച്ചത്. അതേസമയം, പൊലീസ് സംരക്ഷണം ശക്തിപ്പെടുത്തുന്നതിൽ സർക്കാറിനോട് നന്ദിയുണ്ടെന്ന് പി.വി. അൻവർ പ്രതികരിച്ചു.
സെപ്റ്റംബർ 12നാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് അന്‍വര്‍ കത്ത് നല്‍കിയത്. വീടിനും സ്വത്തിനും സംരക്ഷണം വേണമെന്നാണ് ആവശ്യം. തന്നെ കൊലപ്പെടുത്താനും വീട്ടുകാരെ അപായപ്പെടുത്താനും സാധ്യതയുണ്ടെന്നും കത്തില്‍ പറയുന്നു.
തനിക്കെതിരെ ഭീഷണിക്കത്ത് വന്നെന്നും ജീവഭയം ഉണ്ടെന്നും കാണിച്ചാണ് അന്‍വര്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. ഭീഷണിക്കത്തിന്റെ പകര്‍പ്പും നല്‍കിയിട്ടുണ്ട്. ഡി.ജി.പിയുമായി പി.വി. അന്‍വര്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് എം.എല്‍.എയുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ കത്ത് നല്‍കിയത്.
എ.ഡി.ജി.പി അജിത് കുമാർ അടക്കം സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സമര്‍പ്പിച്ച പരാതിയില്‍ ഡി.ജി.പിക്ക് തെളിവുകള്‍ കൈമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.