മലപ്പുറം താലൂക്ക് ആവശ്യം നിയമസഭയിൽ, അനുകൂല നടപടിക്ക് സാധ്യത തെളിയുന്നു
text_fieldsമലപ്പുറം: ജില്ല ആസ്ഥാനം കേന്ദ്രീകരിച്ച് പുതിയ താലൂക്ക് രൂപവത്കരിക്കണമെന്ന ആവശ്യത്തിൽ അനുകൂല നടപടികൾക്ക് സാധ്യത തെളിയുന്നു. മലപ്പുറം എം.എൽ.എ പി. ഉബൈദുല്ല വിഷയം സബ് മിഷനായി നിയമസഭയിൽ ഉന്നയിച്ചു. പുതിയ താലൂക്ക് രൂപവത്കരിക്കുന്നത് റവന്യൂ ഭരണം കാര്യക്ഷമമാക്കാനും സർക്കാർ സേവനങ്ങൾ വേഗത്തിൽ ജനങ്ങളിലെത്തിക്കാനും വളരെയേറെ സഹായകമാവുമെന്ന് കലക്ടർ റിപ്പോർട്ട് ചെയ്തതായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ മറുപടി നൽകി.
വിഷയം പഠിക്കാൻ നിയോഗിച്ച സംഘത്തിെൻറ റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് തുടർ നടപടി സ്വീകരിക്കും. 2020 സെപ്റ്റംബർ 28ന് 'വേണം, മലപ്പുറം ആസ്ഥാനമായി പുതിയ താലൂക്ക്' തലക്കെട്ടിൽ 'മാധ്യമം' പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു ഉബൈദുല്ലയുടെ സബ് മിഷൻ.
സംസ്ഥാനത്ത് പുതിയ താലൂക്കുകൾ രൂപവത്കരിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും മലപ്പുറം ആസ്ഥാനമായി താലൂക്ക് വേണമെന്ന ആവശ്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. കലക്ടർമാരുടെ റിപ്പോർട്ട് ലഭ്യമായതിെൻറ അടിസ്ഥാനത്തിൽ താലൂക്ക് പുനഃസംഘടന സംബന്ധിച്ച് ലാൻഡ് റവന്യൂ കമീഷണറേറ്റ് തലത്തിൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഭൂമി, വില്ലേജ്, താലൂക്ക്, വോട്ടർമാർ, പോളിങ് ബൂത്ത്, ജനസംഖ്യ നിരക്ക് തുടങ്ങിയ വിവരങ്ങളും സ്കെച്ചും ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.
2011ലെ സെന്‍സസ് പ്രകാരം മലപ്പുറം നഗരവും ഔട്ട് ഗ്രോത്ത് പ്രദേശങ്ങളായ പെരിന്തൽമണ്ണ, തിരൂർ, തിരൂരങ്ങാടി താലൂക്കുകളിൽ ഉൾപ്പെടുന്ന സമീപ വില്ലേജുകളും കൂട്ടിച്ചേര്‍ത്ത് മലപ്പുറം താലൂക്ക് രൂപവത്കരിക്കേണ്ടത് അനിവാര്യമാണെന്ന് ഉബൈദുല്ല ചൂണ്ടിക്കാട്ടി.
മലപ്പുറത്തിെൻറ തൊട്ടടുത്ത പഞ്ചായത്തുകളായ കോഡൂരും കൂട്ടിലങ്ങാടിയും പെരിന്തൽമണ്ണ താലൂക്കിലും ഊരകം തിരൂരങ്ങാടിയിലുമാണ്. മലപ്പുറം നഗരസഭയുമായി അതിർത്തി പങ്കിടുന്ന പൊന്മള പഞ്ചായത്ത് തിരൂർ താലൂക്കിലാണെങ്കിൽ തിരൂരങ്ങാടിയുടെ ഭാഗമാണ് ഒതുക്കുങ്ങൽ. ഇവക്കൊപ്പം പെരിന്തൽമണ്ണ താലൂക്കിലെ മങ്കട, കുറുവ, മക്കരപ്പറമ്പ്, ഏറനാട്ടെ പൂക്കോട്ടൂർ, ആനക്കയം, കൊണ്ടോട്ടിയിലെ മൊറയൂർ പഞ്ചായത്തുകളും തിരൂർ താലൂക്കിൽപെടുന്ന കോട്ടക്കൽ നഗരസഭയും ഉൾപ്പെടുത്തി മലപ്പുറം താലൂക്ക് രൂപവത്കരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
താലൂക്കുകളുടെ സംസ്ഥാന ശരാശരിയേക്കാൾ (4.34 ലക്ഷം) ജനസംഖ്യ നിർദിഷ്ട മലപ്പുറം താലൂക്കിൽ (5,08,221) 2011 സെന്‍സസ് പ്രകാരം ഉണ്ട്. 2020ല്‍ ഇത് അഞ്ചര ലക്ഷം പിന്നിട്ടു.
താലൂക്ക് അടിസ്ഥാനമാക്കി അതിര്‍ത്തികള്‍ രൂപവത്കരിച്ച റീജനൽ ട്രാൻസ്പോർട്ട് പോലെയുള്ള സർക്കാർ സ്ഥാപനങ്ങളുടെ സേവനം ലഭിക്കുന്നതിലും മലപ്പുറം താലൂക്കിെൻറ അഭാവം ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. കഴിഞ്ഞ വർഷം ആർ.ടി.ഒ പരിധി പുനർനിർണയിച്ചതോടെ ഈ പ്രശ്നത്തിന് പരിഹാരമായി.
ഇ. ചന്ദ്രശേഖരൻ (റവന്യൂ മന്ത്രി)
''മലപ്പുറം ആസ്ഥാനമായി പുതിയ താലൂക്ക് രൂപവത്കരിക്കുന്നത് റവന്യൂ ഭരണം കാര്യക്ഷമമാക്കാനും സർക്കാർ സേവനങ്ങൾ വേഗത്തിൽ ജനങ്ങളിലെത്തിക്കാനും വളരെയേറെ സഹായകമാവുമെന്ന് ജില്ല കലക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിഷയം പഠിക്കാൻ നിയോഗിച്ച സംഘത്തിെൻറ റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് തുടർനടപടി സ്വീകരിക്കും''
പി. ഉബൈദുല്ല (മലപ്പുറം എം.എൽ.എ)
''കേരളത്തിൽ താലൂക്ക് ആസ്ഥാനമില്ലാത്ത ഏക ജില്ല ഭരണസിരാകേന്ദ്രമാണ് മലപ്പുറം. മഞ്ചേരി ആസ്ഥാനമായ ഏറനാട് താലൂക്കിലാണ് മലപ്പുറം. തഹസില്‍ദാറുടെ കാര്യാലയം ജില്ല ആസ്ഥാനത്തുനിന്ന് 12 കി.മീ. അകെലെയായതിനാൽ അടിയന്തര ഘട്ടങ്ങളിൽ വകുപ്പുതല ഏകോപനത്തിന് ബുദ്ധിമുട്ടനുഭവപ്പെടുന്നുമുണ്ട്. ജനങ്ങൾക്ക് 25 കി.മീ. യാത്ര ചെയ്യേണ്ട സാഹചര്യമാണ്. പ്രയാസങ്ങൾ കണക്കിലെടുത്ത് മലപ്പുറം ആസ്ഥാനമായി പുതിയ താലൂക്ക് രൂപവത്കരിക്കണം''
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.