മലപ്പുറത്ത് കേസുകൂട്ടൽ പദ്ധതിയോ?
text_fieldsമലപ്പുറം: മലപ്പുറത്ത് പൊലീസ് രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ‘പരിധിവിട്ട’ വർധന. ജില്ലയിൽ അനാവശ്യമായി കേസുകൾ പെരുപ്പിച്ച് കാണിക്കുന്നെന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ. 2016 മുതൽ 2019 വരെ ശരാശരി 12,500 കേസുകൾ മാത്രം രജിസ്റ്റർ ചെയ്തിരുന്ന മലപ്പുറത്ത് 2023ൽ 39,482 കേസുകളാണ് എടുത്തത്. എല്ലാ ജില്ലകളിലും കേസുകളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടെങ്കിലും മലപ്പുറത്തെപ്പോലെ ‘ഞെട്ടിപ്പിക്കുന്ന’ വളർച്ചയില്ല. വിവിധ പരാതികളിൽ എടുക്കുന്ന കേസുകളിൽ വലിയ മാറ്റമില്ലെങ്കിലും പൊലീസ് സ്വമേധയാ എടുക്കുന്ന കേസുകളാണ് (സൂമോട്ടോ കേസ്) കുത്തനെ കൂടിയതെന്നാണ് ഗൗരവതരം.
2019ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞവർഷം 26,840 കേസുകളാണ് പൊലീസ് എടുത്തത്. 2019ൽ 3953 സൂമോട്ടോ കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയത്. ആ സ്ഥാനത്താണ് 2023ൽ സുമോട്ടോ കേസുകളിൽ 28,908 എണ്ണത്തിെൻറ വ്യത്യാസം വന്നത്. 2020ൽ കോവിഡ് കേസുകളാണ് കൂടുതലും രജിസ്റ്റർ ചെയ്തത്.
എന്നാൽ, 2021 ഫെബ്രുവരിയിൽ എസ്. സുജിത് ദാസ് ജില്ല പൊലീസ് മേധാവിയായി ചുമതലയേറ്റതിനു പിന്നാലെയാണ് കേസുകൾ കുത്തനെ കൂടിയതെന്ന് കണക്കുകളിൽ വ്യക്തമാണ്. 2023 നവംബറിൽ ചുമതലയേറ്റ എസ്. ശശിധരനും കേസുകളുടെ എണ്ണം കുറയരുതെന്ന വാശിയുള്ളതായി വിമർശനമുണ്ട്. പിഴ നൽകി പോകാവുന്ന ചെറിയ കേസുകൾ പോലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ഒരു കേസിൽ പിടിക്കപ്പെടുന്ന പത്തുപേരെ രണ്ടു വീതം ആളുകളാക്കി അഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്ന പതിവുമുണ്ട്.
എണ്ണം തികക്കാൻ വിദ്യകൾ പലത്
ഉദ്യോഗസ്ഥസമ്മർദം മൂലം കേസുകളുടെ എണ്ണം കൂട്ടാൻ പല പൊടിക്കൈകളും പ്രയോഗിക്കേണ്ട നിർബന്ധിതാവസ്ഥയിലാണെന്ന ആക്ഷേപമുണ്ട്. പൊതുസ്ഥലത്ത് സിഗരറ്റ് വലിച്ച കേസുകൾ പോലും എൻ.ഡി.പി.എസ് ആക്ട് പ്രകാരം മയക്കുമരുന്ന് കേസുകളാക്കി രജിസ്റ്റർ ചെയ്യുകയാണ്. ഇത്തരത്തിൽ നിരവധി പരാതികളാണ് വിവിധ സ്റ്റേഷനുകൾ വഴി രജിസ്റ്റർ ചെയ്തത്. രണ്ടുപേർ പൊതുസ്ഥലത്ത് ഒരുമിച്ച് മദ്യപിച്ചാൽ രണ്ട് എഫ്.ഐ.ആർ രജിസ്റ്റർചെയ്ത സംഭവങ്ങളും നിരവധിയാണ്. പൊലീസ് അനാവശ്യമായി കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് മന്ത്രി വി. അബ്ദുറഹ്മാനും പി.വി. അൻവറും ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.