റാപ്പിഡ് ടെസ്റ്റിനൊരുങ്ങി കൊണ്ടോട്ടി നഗരസഭ
text_fieldsകൊണ്ടോട്ടി: കൊണ്ടോട്ടി മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളികള്‍ ഉള്‍പ്പെടെ നഗരസഭയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഊര്‍ജിത നടപടികളുമായി നഗരസഭ.
മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്കും മാര്‍ക്കറ്റിന് തൊട്ടടുത്ത് താമസിക്കുന്നവര്‍ക്കും റാപ്പിഡ് ടെസ്റ്റ് നടത്തണമെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എയും നഗരസഭയും ജില്ല ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നടപടി സ്വീകരിക്കാൻ ജില്ല ഭരണകൂടം വൈകിയാൽ നഗരസഭ സ്വന്തം ചെലവില്‍ റാപ്പിഡ് ടെസ്റ്റ് നടത്തും. ഇതിനായി സ്വകാര്യ ഏജന്‍സിയെ സമീപിക്കും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണിതെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.സി. ഷീബ പറഞ്ഞു. ഇതിനുള്ള അനുമതിക്കായി നഗരസഭ ഡി.എം.ഒയെ സമീപിച്ചിട്ടുണ്ട്.
രണ്ടു ദിവസത്തിനുള്ളില്‍ റാപ്പിഡ് ടെസ്റ്റ് നടത്താനുള്ള നടപടികള്‍ സ്വീകരിക്കും.
നിലവില്‍ മൂന്ന് സ്ഥലങ്ങളിലായി നഗരസഭയുടെ ക്വാറൻറീന് സൗകര്യമുണ്ട്. ഇത് വര്‍ധിപ്പിക്കും. നഗരസഭയിലെ ലോഡ്ജുകള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ സൗകര്യമൊരുക്കും. ഭക്ഷണമുള്‍പ്പെടയുള്ള എല്ലാ സൗകര്യവും നഗരസഭ ഒരുക്കും. നഗരസഭയുടെ തനത് ഫണ്ട് ഇതിനായി ഉപയോഗിക്കും. ആശാവര്‍ക്കാര്‍മാരുടെ നേതൃത്വത്തില്‍ ആരോഗ്യസര്‍വേയും നടത്തും.
രണ്ട് നഗരസഭ കൗണ്‍സിലര്‍മാർക്ക് കോവിഡ്; 150ഓളം പേരെ പരിശോധനക്ക് വിധേയമാക്കി
കൊണ്ടോട്ടി: ജില്ല മെഡിക്കല്‍ സംഘം വ്യാഴാഴ്ച കോവിഡ് ലക്ഷണമുള്ളവരെ കണ്ടെത്താൻ നഗരസഭയില്‍ ആൻറിജന്‍ അടക്കമുള്ള പരിശോധന നടത്തി. എയർപോര്‍ട്ട് ഗാര്‍ഡനില്‍ നടന്ന പരിശോധനയില്‍ 150ഓളം പേരെ പരിശോധനക്ക് വിധേയമാക്കി. നേരത്തെ രോഗം സ്ഥിരീകരിച്ച കൊണ്ടോട്ടി മത്സ്യമാര്‍ക്കറ്റിലെ എട്ടു പേരുമായി സമ്പര്‍ക്കമുണ്ടെന്ന് കണ്ടെത്തിയവരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇതുവരെ നഗരസഭയിലെ 16ഓളം പേര്‍ക്ക് പോസിറ്റിവായതായാണ് ഔദ്യോഗിക വിവരം.
നഗരസഭയിലെ രണ്ടു കൗണ്‍സിലര്‍മാര്‍ക്കാണ് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. നാലുപേരാണ് പരിശോധനക്ക് വിധേയമായിരുന്നത്. ഇതോടെ നഗരസഭ ഓഫിസ് കടുത്ത നിയന്ത്രണങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നത്. പോസിറ്റിവായ കൗണ്‍സിലര്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തിയ കൗണ്‍സിലര്‍മാരും ജീവനക്കാരും ക്വാറൻറീനിൽ പ്രവേശിച്ചു. കഴിഞ്ഞ 21ന് നടന്ന യോഗത്തിൽ പങ്കെടുത്ത കൗൺസിലർമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നഗരസഭ പരിധിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്നു.
ഒരാഴ്ച നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനാണ് തീരുമാനം. എല്ലായിടത്തും പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. നഗരസഭ ആരോഗ്യ വിഭാഗത്തിെൻറ നേതൃത്വത്തില്‍ അനൗണ്‍സ്മെൻറ് നടന്നുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.