വയോധികയെ പീഡിപ്പിക്കൽ: പിടിയിലായ നെടിയിരുപ്പ് സ്വദേശി നിരവധി കേസുകളിൽ പ്രതി
text_fieldsമുക്കം: ഓട്ടോ യാത്രക്കാരിയായ വയോധികയെ ക്രൂരമായ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ റിമാൻഡിലായ പ്രതി കൊണ്ടോട്ടി നെടിയിരുപ്പ് കാവുങ്ങൽ നമ്പില്ലത്ത് മുജീബ് റഹ്മാൻ (45) ഞെട്ടിപ്പിക്കുന്ന സമാന കുറ്റകൃത്യങ്ങൾ മുമ്പും ചെയ്തതായി ചോദ്യം ചെയ്യലിൽ വ്യക്തമായി. മുത്തേരിയിലെ ഹോട്ടൽ ജോലിക്കാരിയായ വയോധികയെ ആക്രമിക്കാൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കവർന്ന മൊബൈൽ ഫോണും കണ്ടെത്തി.
കണ്ണൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മുജീബ് റഹ്മാൻ നടത്തിയ മിക്ക കുറ്റകൃത്യങ്ങളിലും മുത്തേരിയിലെ വയോധികയോട് കാണിച്ച സമാനരീതികളാണ് പ്രയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. വാഹനങ്ങളിൽ സ്ത്രീകളെ കയറ്റി തലക്കടിച്ച് ബോധം കെടുത്തി പീഡിപ്പിച്ച് കവർച്ചക്കിരയാക്കി വിജനമായ സ്ഥലങ്ങളിൽ തള്ളുകയാണ് പതിവ്. വയോധികയുടെ മൈബൈൽ ഫോൺ സംഭവം നടന്ന സ്ഥലത്തെ റോഡിന് മറുവശത്തുള്ള പറമ്പിൽ നിന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കൃത്യം നടത്താനുപയോഗിച്ച ഓട്ടോറിക്ഷ കണ്ടെത്താതിരിക്കാൻ പ്രതി പലതവണ കള്ളം പറഞ്ഞെങ്കിലും കോഴിക്കോട് ചേവരമ്പലത്തും പരിസരപ്രദേശങ്ങളിലും അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ തൊണ്ടയാട് മേൽപാലത്തിനടിയിൽ നിന്നാണ് കണ്ടെത്തിയത്.
രണ്ടുവർഷം മുമ്പ് കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിലെ വീട്ടിൽ പുലർച്ചെ നാലുമണിക്ക് വാതിൽ എണ്ണയിൽ മുക്കിയ തിരിവെച്ച് കത്തിച്ച് അകത്തുകയറി കവർച്ച നടത്തുന്നതിനിടെ വീട്ടമ്മയെ കൊടുവാൾ കൊണ്ട് പരിക്കേൽപിച്ചത് താനാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ഡിസംബറിൽ തലശ്ശേരി എരഞ്ഞോളി പാലത്തിനടുത്തുള്ള ക്വാർട്ടേഴ്സിൽ നിർത്തിയിട്ടിരുന്ന കെ.എൽ58 എം 2884 നമ്പർ ഓട്ടോറിക്ഷ മോഷ്ടിക്കുകയും, ഇതേ ഓട്ടോയിൽ കോഴിക്കോട് ഫറോക്കിൽ സ്ത്രീയെ കയറ്റിക്കൊണ്ടുപോയി കഴുത്തിൽ കയർമുറുക്കി മാല പിടിച്ചുപറിക്കാൻ ശ്രമിക്കുകയും മൊബൈൽ ഫോണും 3000 രൂപയും മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷം മഞ്ചേരി കരുവമ്പ്രത്ത് സഹോദരെൻറ വീട്ടിലേക്കു പോകുന്നവഴി 68 വയസ്സുകാരിയുടെ ഏഴ് പവൻ വരുന്ന മാല പൊട്ടിച്ചു. പരപ്പനങ്ങാടിയിലുള്ള ജ്വല്ലറിക്കാരനെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്. ചേവരമ്പലത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി വ്യാജനമ്പർ േപ്ലറ്റുകളും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.