രക്തത്തിനും കടുത്തക്ഷാമം; കോവിഡ് കാലത്ത് ക്യാമ്പുകൾക്ക് പരിമിതി
text_fieldsപെരിന്തൽമണ്ണ: കൂടിച്ചേരാനും ക്യാമ്പ് നടത്താനുമുള്ള തടസ്സങ്ങൾ കാരണം ജില്ലയുടെ പ്രധാന ബ്ലഡ് സ്റ്റോറേജ് കേന്ദ്രമായ പെരിന്തൽമണ്ണയിൽ ഐ.എം.എയുടെ നിയന്ത്രണത്തിലെ രക്തബാങ്കിലും പ്രതിസന്ധി.
ആശുപത്രിനഗരമായ പെരിന്തൽമണ്ണക്ക് പുറമെ മഞ്ചേരി, നിലമ്പൂർ, മലപ്പുറം പോലുള്ള നഗരങ്ങളിലേക്കും രക്തം കൊടുക്കുന്നത് ഇവിടെനിന്നായതിനാൽ രക്തത്തിന് ദൗർലഭ്യമുണ്ട്. എല്ലാ രക്തഗ്രൂപ്പുകളുടെയും 25 യൂനിറ്റ് മുതൽ മുകളിലോട്ടാണ് ഇവിടെ സൂക്ഷിക്കാൻ സൗകര്യം. പരമാവധി 35 ദിവസം രക്തം സൂക്ഷിക്കാമെങ്കിലും രണ്ടു ദിവസത്തിലധികം ഇവിടെ വെക്കേണ്ടിവരാറില്ലെന്നും അതിനുമുമ്പേ ആവശ്യക്കാരെത്തുകയാണെന്നും ജില്ല ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന രക്തബാങ്ക് അധികൃതർ പറയുന്നു.
ശസ്ത്രക്രിയ, പ്രസവം, വാഹനാപകട കേസുകൾ തുടങ്ങിയവക്ക് വിവിധ ആശുപത്രികളിൽനിന്ന് നിർദേശിക്കുന്ന രക്തം സംബന്ധിച്ച ആവശ്യങ്ങൾ ഇവിടെയാണെത്തുന്നത്. എത്രപേരെത്തിയാലും കൊടുക്കാനുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ക്യാമ്പുകൾ നടത്തി രക്തമെടുക്കാൻ ബുദ്ധിമുട്ടാണ്. സന്നദ്ധ, യുവജന സംഘടനകളാണ് രക്തബാങ്കിലെത്തി ക്യാമ്പ് നടത്താറുള്ളത്. 40 പേരുള്ള ഒരു സംഘത്തെയാണ് ഒരു ക്യാമ്പായി പരിഗണിക്കുക. വ്യക്തികൾ എത്തിയും രക്തം നൽകാറുണ്ട്.
ഒരു ദിവസം 120 പേരുടെ വരെ രക്തം ഇവിടെ എടുത്തിട്ടുണ്ട്. നിലമ്പൂർ, മലപ്പുറം, കുറ്റിപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ ഇതേ രക്തബാങ്കിെൻറ സ്റ്റോറേജ് കേന്ദ്രങ്ങളുണ്ട്.
മുമ്പ് ഡെങ്കിപ്പനി സീസണിലാണ് രക്തത്തിന് ആവശ്യക്കാർ ഏറിയിരുന്നത്. പ്ലാസ്മയും പ്ലേറ്റ്ലെറ്റുമടക്കം ഘടകങ്ങൾ മതിയായിരുന്നു. കോവിഡ് വ്യാപനത്തിന് മുമ്പ് വിവിധ സംഘടനകളുടെയും കൂട്ടായ്മയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്ന രക്തദാന ക്യാമ്പുകളിലൂടെയും മറ്റും ആവശ്യമായ രക്തം ലഭിച്ചിരുന്നെങ്കിലും ഇപ്പോൾ ക്യാമ്പുകൾ നടത്താൻ സാധിക്കാത്ത സ്ഥിതിയാണ്. നെഗറ്റിവ് ഗ്രൂപ്പുകൾക്കാണ് കടുത്ത ക്ഷാമം. കണ്ടെയിൻമെൻറ് സോണുകളിൽനിന്നെത്തുന്നവരുടെ രക്തം ഇപ്പോൾ സ്വീകരിക്കില്ല. നിലവിലെ പ്രതിസന്ധി മറികടക്കനായി രക്തം ദാനംചെയ്യാൻ താൽപര്യമുള്ളവരെ തേടുകയാണ് ബ്ലഡ് ബാങ്ക് അധികൃതർ. സംഘടനകൾക്ക് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്താം. ഫോൺ: 9447628102, 04933 226505.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.