പൊന്നാനി-പട്ടാമ്പി അതിർത്തികൾ അടക്കുന്നു; പരിശോധന കർശനം
text_fieldsപൊന്നാനി: പട്ടാമ്പിയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ പൊന്നാനിയിൽനിന്ന് പട്ടാമ്പിയിലേക്കുള്ള എല്ലാ അതിർത്തികളും അടക്കാൻ സ്പീക്കർ പി. ശ്രീരാമകൃഷണൻ വിളിച്ചുചേർത്ത ഓൺലൈൻ യോഗത്തിൽ തീരുമാനം. ലോക്ഡൗൺ കാലാവധി 23ന് തീരുന്നതിനു മുമ്പ് തുടർ നടപടികൾക്കായി മാർഗനിർദേശം തയാറാക്കാൻ ജില്ല ദുരന്ത നിവാരണ സമിതിക്ക് സ്പീക്കർ നിർദേശം നൽകി. വെളിയങ്കോട് കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പാലങ്ങൾ അടച്ചത് പുനഃപരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തഹസിൽദാറെ ചുമതലപ്പെടുത്തി.
കടൽക്ഷോഭത്തിൽ വീടുകളിൽ വെള്ളം കയറി താമസയോഗ്യമല്ലാത്തവരെ സുരക്ഷിതമായി മാറ്റിപാർപ്പിക്കാനും എല്ലാ സൗകര്യമൊരുക്കാനും തീരുമാനമായി. ക്വാറൻറീനിൽ കഴിയുന്നവരുണ്ടെങ്കിൽ പ്രത്യേകം ഷെൽട്ടറുകൾ ഒരുക്കണമെന്നും സ്പീക്കർ നിർദേശിച്ചു. താലൂക്കിലെ എല്ലാ പഞ്ചായത്തുകളും നഗരസഭയിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ ഒരുക്കാനും തീരുമാനിച്ചു. ആവശ്യമായ സജ്ജീകരണങ്ങളും ജീവനക്കാരെയും ഉറപ്പുവരുത്തും. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ അക്ഷയ സെൻററുകൾ തുറക്കുന്ന കാര്യം പരിഗണിക്കാനും സ്പീക്കർ നിർദേശിച്ചിട്ടുണ്ട്.
യോഗത്തിൽ കലക്ടർ ഗോപാലകൃഷ്ണൻ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന, ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം, ഡിവൈ.എസ്.പി സുരേഷ് ബാബു, നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എം. ആറ്റുണ്ണി തങ്ങൾ, തഹസിൽദാർ വിജയൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാർ, താലൂക്ക് സിവിൽ സപ്ലൈസ് ഓഫിസർ, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, പി.എച്ച്.സി ഓഫിസർമാർ ർ പങ്കെടുത്തു.
അതിർത്തിയിൽ പരിശോധന കർശനം
എടപ്പാൾ: പട്ടാമ്പി മത്സ്യമാർക്കറ്റിൽ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പാലക്കാട്-മലപ്പുറം ജില്ല അതിർത്തിയിൽ പരിശോധന കർശനമാക്കി. പട്ടാമ്പിയിൽനിന്നാണ് വട്ടംകുളം, എടപ്പാൾ പഞ്ചായത്തുകളിലേക്ക് മീനുകൾ എത്തുന്നത്.
പൊന്നാനി താലൂക്കിൽ കർശന നിയന്ത്രണമാണെങ്കിലും പലയിടത്തും അനധികൃത മീൻ വിൽപന നടന്നിരുന്നു. ഇതിനു പുറമെ നിയന്ത്രണം നിലനിൽക്കെ ജില്ല അതിർത്തി പ്രദേശങ്ങളിൽ പോയി നിരവധി പേർ മീൻ വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.
തിങ്കളാഴ്ച കോവിഡ് അവലോകനവുമായി സ്പീക്കർ വിളിച്ചുചേർത്ത യോഗത്തിൽ ജില്ല അതിർത്തി റോഡുകൾ അടക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പട്ടാമ്പിയിൽ കോവിഡ് സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളി ജൂലൈ 14ന് എടപ്പാളിലെ ഭാര്യവീട്ടിൽ വന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെയുള്ള 10 പേർ നിലവിൽ നിരീക്ഷണത്തിലാണ്. ഇത്തരത്തിൽ ബന്ധമുണ്ടായിട്ടുള്ളവർ ഉടൻ അധികൃതരുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.