പൊന്നാനി താലൂക്കിൽ 50 വീടുകൾ കടലെടുത്തു; അടുക്കളകൾ മുങ്ങിയതോടെ ഭക്ഷണം പാകം ചെയ്യാനാവുന്നില്ല
text_fieldsപൊന്നാനി: രണ്ടാൾ പൊക്കത്തിലെത്തിയ കനത്ത തിരമാലകൾ പൊന്നാനിയിൽ സർവനാശം വിതച്ചു. കടലോരത്തെ വീടുകൾക്കൊപ്പം എത്തിയ തിരമാലയിൽ തീരത്തെ കുടിലുകളും തീരപ്രദേശവും വെള്ളത്തിൽ മുങ്ങി. ശക്തമായ കടലാക്രമണത്തിൽ പൊന്നാനി അഴീക്കൽ ലൈറ്റ് ഹൗസ് മുതൽ തൃശൂർ ജില്ലാതിർത്തിയായ കാപ്പിരിക്കാട് വരെ 20ഓളം വീടുകൾ പൂർണമായും മുപ്പതോളം ഭാഗികമായും തകർന്നു.
പൊന്നാനി ലൈറ്റ് ഹൗസ്, മരക്കടവ്, അലിയാർ പള്ളി, എം.ഇ.എസിന് പിൻവശം, മുറിഞ്ഞഴി, ചുവന്ന റോഡ്, മൈലാഞ്ചിക്കാട്, അബൂഹുറൈറ പള്ളി പരിസരം, പുതുപൊന്നാനി മുനമ്പം, വെളിയങ്കോട് പത്തുമുറി, തണ്ണിത്തുറ, അജ്മീർ നഗർ എന്നിവിടങ്ങളിലെല്ലാം ശക്തമായ കടലാക്രമണമാണ് ഉണ്ടായത്. പൊന്നാനി വില്ലേജ് പരിധിയിലാണ് കൂടുതൽ നാശനഷ്ടം.
പുളിക്കൽ അബു, ചക്കെൻറ മറിയ, കൊണ്ടാടൻ തൊടുകവീട്ടിൽ അബ്ദുൽ ഖാദർ, മദാറിെൻറ സിദ്ദീഖ്, ഹസ്സൻ പുരക്കൽ ഇല്യാസ്, ചാലിൽ ഹസ്സൻ, മെയ്തീനകത്ത് മെയ്തീൻ, ആല്യമിൻറകത്ത് ഗഫൂർ, മരക്ക വളപ്പിൽ ഇസ്മായിൽ, ചെട്ടിെൻറ ജമീല തുടങ്ങിയവരുടെ 50ഓളം വീടുകളാണ് പൂർണമായും ഭാഗികമായും തകർന്നത്.
മൂന്നുദിവസമായി ശക്തമായ കടലാക്രമണമുള്ള പ്രദേശത്ത് തിങ്കളാഴ്ച രാവിലെയാണ് കൂറ്റൻ തിരമാലകൾ ആഞ്ഞടിച്ചത്. കടലോരത്തെ നൂറുകണക്കിന് വീടുകളിലേക്ക് കടൽവെള്ളം ഇരച്ചുകയറി. അടുക്കളയും മറ്റും വെള്ളത്തിൽ മുങ്ങിയതോടെ ഭക്ഷണം പാകം ചെയ്യാനാവാത്ത സ്ഥിതിയിലാണ്. കിണറുകളിലേക്ക് ഉപ്പുവെള്ളം കയറി കുടിവെള്ളവും മുടങ്ങി. 200 മീറ്ററോളം കര ഭാഗത്തേക്കാണ് തിരമാലകൾ ഇരച്ചെത്തിയത്. ഇതോടെ തീരദേശ റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി.
പലയിടത്തും അരക്കൊപ്പം ചളിവെള്ളമാണ് കെട്ടിനിൽക്കുന്നത്. കടലാക്രമണ ബാധിത പ്രദേശങ്ങൾ പൊന്നാനി നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ്കുഞ്ഞി, വില്ലേജ് ഓഫിസർമാർ എന്നിവർ സന്ദർശിച്ചു. തീരദേശത്ത് ക്വാറൻറീനിൽ കഴിയുന്നവരെ പൊന്നാനി എം.ഐ ഹയർ സെക്കൻഡറി സ്കൂളിലേക്കും മറ്റുള്ളവരെ എം.ഇ.എസ് ഹയർ സെക്കൻഡറിയിലെ താൽക്കാലിക ക്യാമ്പിലേക്കും മാറ്റിപ്പാർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.