മലയാള സാഹിത്യ ചരിത്രം: നഷ്ടം ഈടാക്കാൻ മന്ത്രിക്ക് കത്ത്
text_fieldsതൃശൂർ: 80 ലക്ഷം രൂപ വകയിരുത്തി 45 ലക്ഷത്തോളം ചെലവിട്ട് അബദ്ധ പഞ്ചാംഗമായി പകുതി പ്രസിദ്ധീകരിച്ച് നിർത്തിവെച്ച സാഹിത്യ അക്കാദമിയുടെ 'മലയാള സാഹിത്യ ചരിത്ര'ത്തിന്റെ നഷ്ടം തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക മന്ത്രിക്ക് കത്ത്.
അക്കാദമി മുൻ സെക്രട്ടറി സി.കെ. ആനന്ദൻപിള്ളയാണ് കത്ത് നൽകിയത്. പെരുമ്പടവം ശ്രീധരൻ പ്രസിഡന്റും ആർ. ഗോപാലകൃഷ്ണൻ സെക്രട്ടറിയുമായിരുന്ന കാലത്താണ് മലയാള സാഹിത്യ ചരിത്രം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. ചരിത്ര രചന അക്കാദമിയുടെ പ്രസിദ്ധീകരണ വിഭാഗം അറിഞ്ഞില്ലെന്നും എഴുത്തുകാരിൽ പലരും ചരിത്ര രചനക്ക് പ്രാപ്തരല്ലെന്നുമടക്കം ഗുരുതര ആക്ഷേപങ്ങൾ ഉയർന്നിരുന്നു.
ഒമ്പത് വാള്യങ്ങളിലായി സമ്പൂർണ സാഹിത്യ ചരിത്രം പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം. ഇതിനായി 80 ലക്ഷവും വകയിരുത്തി. എന്നാൽ ആദ്യ ആറ് വാള്യങ്ങൾ പ്രസിദ്ധീകരിച്ചത് പരിശോധിച്ചതിൽതന്നെ അബദ്ധങ്ങൾ കണ്ടെത്തി. ആറ് വാള്യങ്ങളുടെ ആറായിരം കോപ്പിയാണ് പ്രസിദ്ധീകരിച്ചത്. ആക്ഷേപമുയർന്നതോടെ പിന്നീട് വന്ന വൈശാഖൻ പ്രസിഡന്റും കെ.പി. മോഹനൻ സെക്രട്ടറിയുമായ കമ്മിറ്റി അച്ചടി നിർത്തിവെച്ചു.
സാഹിത്യ ചരിത്ര രചനയെക്കുറിച്ച് അന്വേഷിക്കാൻ കമീഷനെയും നിയോഗിച്ചു. ഗുരുതര പിഴവുകളുണ്ടെന്നും ലേഖനങ്ങൾ അപൂർണവും അവ്യക്തവുമാണെന്നും സമിതി റിപ്പോർട്ട് നൽകി. ഈ നിലയിൽ വിപണിയിൽ ഇറക്കാനാവില്ലെന്നും തെറ്റുകൾ തിരുത്തി പ്രസിദ്ധീകരിക്കാമെന്നും നിർദേശിച്ചു. ഇതോടെ ബാക്കി വാള്യങ്ങളുടെ അച്ചടി നിർത്തുകയും അച്ചടിച്ച കോപ്പികൾ അക്കാദമി ഗോഡൗണിന്റെ മൂലയിലേക്ക് മാറ്റുകയും ചെയ്തു.
വൻ സാമ്പത്തിക നഷ്ടം നേരിട്ടുവെന്നാണ് ധനകാര്യ വിഭാഗത്തിന്റെ കണ്ടെത്തൽ. നഷ്ടം ഈടാക്കാമെന്നും ശിപാർശ ചെയ്തു. എഴുത്തുകാർക്ക് എ ഫോർ പേപ്പർ ഒന്നിന് 500 രൂപ നിരക്കിലും എഡിറ്റർക്ക് വാള്യം ഒന്നിന് 50,000 രൂപയും ജനറൽ എഡിറ്റർക്ക് ആറ് ലക്ഷവുമാണ് വേതനം നിശ്ചയിച്ചിരുന്നത്. ഒരു ഭരണസമിതി എടുത്ത തീരുമാനം അടുത്ത കമ്മിറ്റി നിരാകരിക്കുന്നത് ശരിയല്ലാത്തതുകൊണ്ടാണ് മലയാള സാഹിത്യ ചരിത്രം എന്ന പദ്ധതി ഉപേക്ഷിക്കാതിരിക്കുന്നത് എന്നാണ് ഇത് സംബന്ധിച്ച് വൈശാഖൻ അഭിപ്രായപ്പെട്ടത്.
എന്നാൽ അന്വേഷണ സമിതി നിർദേശിച്ച തിരുത്തലുകൾക്കുള്ള നടപടികളിലേക്ക് വർഷങ്ങൾക്കിപ്പുറവും അക്കാദമി കടന്നിട്ടില്ല. നഷ്ടമുണ്ടാക്കിയെന്ന ധനകാര്യ വിഭാഗത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദികളിൽനിന്ന് അത് ഈടാക്കണമെന്നാണ് ആനന്ദൻപിള്ള മന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.