മലയാളം അക്ഷരമാല ഒന്ന്, രണ്ട് ക്ലാസ് പാഠപുസ്തകത്തിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല പുതിയ അധ്യയന വർഷത്തിൽതന്നെ ഉൾപ്പെടുത്തും. ഒന്ന്, രണ്ട് ക്ലാസുകളിലെ കേരള പാഠാവലി (മലയാളം)യിൽ അക്ഷരമാല ഉൾപ്പെടുത്താനാണ് ധാരണ. പാഠപുസ്തകങ്ങളുടെ ഒന്നാം വാല്യം അച്ചടി ഏറക്കുറെ പൂർത്തിയാവുകയും വിതരണം ആരംഭിക്കുകയും ചെയ്തതിനാൽ ഒക്ടോബറിൽ വിതരണം ചെയ്യേണ്ട രണ്ടാം വാല്യത്തിൽ അക്ഷരമാല ഉൾപ്പെടുത്തുന്നതാണ് പരിശോധിക്കുന്നത്. രണ്ടാം വാല്യം അച്ചടി ഇതുവരെ ആരംഭിച്ചിട്ടില്ലാത്തതിനാൽ പുതിയ പേജ് ചേർത്തായിരിക്കും അക്ഷരമാല ഉൾപ്പെടുത്തുക. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു പാഠപുസ്തക അച്ചടി ചുമതലയുള്ള കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി (കെ.ബി.പി.എസ്) അധികൃതരുമായി പ്രാഥമിക ചർച്ച നടത്തി.
പുതിയ അധ്യയന വർഷത്തിൽതന്നെ പാഠപുസ്തകത്തിൽ അക്ഷരമാല ഉൾപ്പെടുത്താൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ ലിപി പരിഷ്കരണത്തിനായുള്ള വിദഗ്ധ സമിതി നിർദേശിച്ചിരുന്നു. നേരത്തേ 2012 വരെ രണ്ടാം ക്ലാസിലെ കേരള പാഠാവലിയിലായിരുന്നു അക്ഷരമാല ഉൾപ്പെടുത്തിയിരുന്നത്. പിന്നീട് പാഠപുസ്തകം പരിഷ്കരിച്ചതോടെയാണ് അക്ഷരമാല അപ്രത്യക്ഷമായത്. നേരിട്ട് അക്ഷരം പഠിപ്പിക്കുന്നതിനു പകരം പദങ്ങളിലൂടെ അക്ഷരം പരിചയപ്പെടുത്തുന്ന സമീപനമായതിനാൽ ഒന്നാം ക്ലാസിൽ അക്ഷരമാല ഉൾപ്പെടുത്തിയിരുന്നില്ല.
പുതിയ സാഹചര്യത്തിൽ ഒന്നിലും രണ്ടിലും അക്ഷരമാല ഉൾപ്പെടുത്തുന്നതാണ് പരിഗണനയിൽ. അതേസമയം, വിദഗ്ധസമിതി ശിപാർശ ചെയ്തത് പ്രകാരമുള്ള ലിപി പരിഷ്കരണത്തിനും സർക്കാർ അനുമതിയായിട്ടുണ്ട്. ഭാഗികമായി പഴയ ലിപി തിരികെ വരുന്നതാണ് വിദഗ്ധ സമിതി ശിപാർശ ചെയ്തത്. ഇതിനനുസൃതമായി സ്കൂൾ പാഠപുസ്തകത്തിലും മാറ്റത്തിന് വിദഗ്ധ സമിതി നിർദേശിച്ചിരുന്നു. എന്നാൽ, പാഠപുസ്തക പരിഷ്കരണ നടപടികൾ തുടങ്ങിയ സാഹചര്യത്തിൽ പുതിയ പാഠപുസ്തകത്തിൽ പരിഷ്കരിച്ച ലിപി വിന്യാസം കൊണ്ടുവരാമെന്ന ആലോചനയിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.