മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായി അറിയില്ല; വിനയന്റെ പ്രതികരണം മാധ്യമശ്രദ്ധക്കായി -ഗണേഷ് കുമാർ
text_fieldsതിരുവനന്തപുരം: മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായി അറിയില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. എതെങ്കിലും നടനെ ഒതുക്കിയതായി തനിക്ക് അറിയില്ലെന്നും ഗണേഷ് കുമാർ പ്രതികരിച്ചു.
ഒരു നടനേയും സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മ ഒതുക്കിയതായി അറിയില്ല. ഞാനാണ് അന്നും ഇന്നും ആത്മയുടെ പ്രസിഡന്റ്. ടെലിവിഷനില്‍ അഭിനയിക്കുന്നവരെ വിലക്കാനാകില്ല. ചാനലുകളാണ് സീരിയലിന്റെ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്. സീരിയലുകളില്‍ ആളുകളെ കാസ്റ്റ് ചെയ്യുന്നത് ചാനലിലെ ഉദ്യോഗസ്ഥന്മാരാണ്. സംവിധായകനെ പോലും തീരുമാനിക്കുന്നത് അവരാണെന്നും അദ്ദേഹം പറഞ്ഞു.
വിനയന് ഇഷ്ടമില്ലാത്തവരെ അദ്ദേഹം ടാർഗറ്റ് ചെയ്യും. മാധ്യമശ്രദ്ധ ലഭിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഗണേഷ് കുമാർ ആരോപിച്ചു. നേരത്തെ 15 പേരടങ്ങുന്ന പവർ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് മലയാള സിനിമയെന്ന പരാമർശം ഹേമ കമ്മിറ്റി റിപ്പോർട്ടിലുണ്ടായിരുന്നു.
ഇതിന് പിന്നാലെ തിലകനെ വിലക്കിയതിൽ ഉൾപ്പടെ ഈ പവർ ഗ്രൂപ്പിന് പങ്കുണ്ടെന്ന ആരോപണവുമായി സംവിധായകൻ വിനയൻ രംഗത്തെത്തിയിരുന്നു. ഗണേഷ് കുമാറിനെതിരെയും വിനയൻ പരോക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.