സപ്തതി നിറവിൽ മലയാളത്തിന്‍റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ, ആശംസയുമായി മോളിവുഡ്
text_fieldsസപ്തതി നിറവിൽ മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ. കോവിഡ് സാഹചര്യത്തില്‍ വലിയ ആഘോഷങ്ങളില്ലാതെ കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിക്കുന്ന ജഗതിക്ക് മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ നിരവധി താരങ്ങൾ സമൂഹമാധ്യമത്തിലൂടെ ആശംസ അർപ്പിച്ചു.
ജഗതി ശ്രീകുമാറിന് ജന്മദിന ആശംസകള്‍ എന്ന് മമ്മൂട്ടിയും അമ്പിളിചേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ എന്ന് മോഹൻലാലും കുറിച്ചു. ജഗതി ആരോഗ്യം വീണ്ടെടുത്ത് സിനിമയില്‍ തിരിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് ഓരോ മലയാളികളും. സമൂഹ മാധ്യമങ്ങള്‍ നിറയെ ജഗതിയുടെ സിനിമയിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയ രസകരമായ വീഡിയോയും പോസ്റ്ററുകളുമായി ആരാധകരും ആശംസ അർപ്പിക്കുന്നുണ്ട്.
ജഗതി ശ്രീകുമാര്‍ 2012ല്‍ വാഹനാപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്നാണ് വിശ്രമ ജീവിതത്തിലേക്ക് മാറിയത്. ഒരു ചിത്രത്തിന്‍റെ ലൊക്കേഷനിലേക്ക് പോകും വഴി മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്ര വളവില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് അദ്ദേഹത്തിന് സാരമായി പരിക്കേറ്റത്.
പ്രമുഖ നാടകാചാര്യനായിരുന്ന ജഗതി എൻ.കെ ആചാരിയുടെയും പൊന്നമ്മാളിന്‍റെയും മൂത്തമകനായി 1951 ജനുവരി 5 നായിരുന്നു തിരുവനന്തപുരത്തെ ജഗതിയില്‍ ശ്രീകുമാര്‍ ജനിക്കുന്നത്. നാടകാചാര്യനായിരുന്ന അച്ഛന്‍റെ നാടകങ്ങളിലൂടെയായിരുന്നു ജഗതി കലാലോകത്തേക്ക് എത്തുന്നത്.
1973 ലാണ് താരം സിനിമയിലേക്ക് എത്തുന്നത്. കന്യാകുമാരി എന്ന ചിത്രത്തിലായിരുന്നു ആദ്യമായി അഭിനയിച്ചത്. 1500 ഓളം സിനിമകളില്‍ അഭിനയിച്ച ജഗതിക്ക് മികച്ച ഹാസ്യ താരത്തിനുള്ള 2011ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.