എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധം; ബിൽ പാസാക്കി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധമാക്കി മലയാള ഭാഷ (നിർബന്ധിത ഭാഷ) ബിൽ നിയമസഭ പാസാക്കി. ശീർഷകത്തിൽ ‘നിർബന്ധിത’ എന്ന വാക്ക് ഒഴിവാക്കി ‘മലയാള ഭാഷാ പഠന നിയമം’ എന്നാണ് പേര്. എന്നാൽ, മലയാള ഭാഷ നിർബന്ധമായി പഠിപ്പിക്കുന്നതിന് പീഠികയിൽ വ്യവസ്ഥ ചെയ്തു.
നിയമം അനുസരിച്ച് ഇനി ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടി മലയാളം അറിയാതെ എസ്.എസ്.എൽ.സി പാസാകില്ല. ഒന്നുമുതൽ 10 വരെ ക്ലാസുകളിൽ മലയാളം നിർബന്ധമാവും. ഒന്നാംക്ലാസുമുതൽ ക്രമാനുഗതമായി മലയാളം പഠിപ്പിക്കും. ഭാഷാ ന്യൂനപക്ഷ സ്കൂളുകളിൽ നിലവിൽ മൂന്നു ഭാഷകൾ പഠിപ്പിക്കുന്നുണ്ട്. അതോടൊപ്പം മലയാളം കൂടി പഠിപ്പിക്കണം.
അവർക്കുവേണ്ടി സാധാരണ മലയാളം പാഠപുസ്തകത്തിനു പകരം എസ്.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ പ്രത്യേക പാഠപുസ്തകം തയാറാക്കും. ഓറിയൻറൽ സ്കൂളിൽ അഞ്ചാംക്ലാസ് മുതൽ മലയാളം പഠിപ്പിക്കണം. മലയാളം പഠിപ്പിക്കാൻ അധ്യാപകരില്ലെങ്കിൽ പുതിയ തസ്തിക സൃഷ്ടിച്ച് അധ്യാപകരെ നിയമിക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾക്ക് നിരാക്ഷേപ പത്രം നൽകുമ്പോൾ മലയാളം പഠിപ്പിക്കണമെന്ന സർക്കാർ വ്യവസ്ഥവെക്കും. അവിടെ നിലവിൽ എട്ടാംക്ലാസ് വരെ ത്രിഭാഷാ പഠനമാണ്.
ഒമ്പതാംക്ലാസിലേക്ക് മറ്റൊരു മലയാളം പുസ്തകം തയാറാക്കും. നിയമത്തിെൻറ ശീർഷകത്തിൽനിന്ന് ഒഴിവാക്കിയ ‘നിർബന്ധം’ എന്ന പദം പീഠികയിൽനിന്ന് ഒഴിവാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. കേവലം മലയാളം പഠിക്കുക മാത്രമല്ല സംസ്കാരത്തെ തൊട്ടറിയുന്നതിന് സഹായകമാണ് നിയമമെന്നും മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. കെ.സി. ജോസഫ്, കെ. കൃഷ്ണൻകുട്ടി, ഇ.പി. ജയരാജൻ, ഷാഫി പറമ്പിൽ, കെ.വി. അബ്ദുൽ ഖാദർ, ഒ. രാജഗോപാൽ, എൻ.എ നെല്ലിക്കുന്ന്, എ. പ്രദീപ്കുമാർ, എസ്.ശർമ, ഡോ.എൻ. ജയരാജ്, മുല്ലക്കര രത്നാകരൻ, എ.പി. അനിൽകുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.