സിനിമ രംഗത്തെ മോശം അനുഭവങ്ങൾ തുറന്നു പറഞ്ഞ് കൂടുതൽ വനിതകള്‍
text_fieldsതിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് വന്‍ കോലാഹലം സൃഷ്ടിച്ചിരിക്കെ സിനിമ രംഗത്തെ കൂടുതല്‍ വനിതകള്‍ പീഡന വിവരങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്ത്. നടിമാരായ രേവതി സമ്പത്ത്, സോണിയ മൽഹാർ, ദിവ്യ ഗോപിനാഥ്, കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫ് എന്നിവരുൾപ്പെടെയുള്ളവരാണ് അതിക്രമങ്ങൾ വെളിപ്പെടുത്തിയത്. നടൻ സിദ്ദീഖ് ലൈംഗികമായി പീഡിപ്പിച്ചെന്ന രേവതി സമ്പത്തിന്റെ പരാതിയാണ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നുള്ള രാജിയിൽ കലാശിച്ചത്. പിന്നാലെ നടൻ റിയാസ്ഖാൻ മോശമായി പെരുമാറിയെന്നും സിദ്ദീഖിനെ സിനിമയിൽനിന്ന് വിലക്കണമെന്നും രേവതി സമ്പത്ത് ആവശ്യപ്പെട്ടിരുന്നു.
2013ൽ യുവതാരത്തിൽനിന്ന് നേരിട്ട മോശം അനുഭവത്തെക്കുറിച്ചാണ് സോണിയ മൽഹാർ തുറന്നുപറഞ്ഞത്. നടൻ അലൻസിയറിൽനിന്നുണ്ടായ വളരെ മോശം അനുഭവം ദിവ്യ ഗോപിനാഥും കൊല്ലം എം.എൽ.എ കൂടിയായ മുകേഷിനെതിരെ മീ ടൂ ആരോപണം ആവർത്തിച്ച് ടെസ് ജോസഫും രംഗത്തെത്തി.
സിദ്ദീഖിനെതിരായ യുവതിയുടെ ആരോപണം
സിനിമയിൽ അവസരത്തിന് ക്ഷണിച്ച് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽവെച്ച് ലൈംഗികമായി ഉപദ്രവിച്ചു. ‘മോളേ...’ എന്നുവിളിച്ചാണ് സമീപിച്ചത്. അവിടെ പോയപ്പോഴാണ് എന്നെ ലൈംഗികമായി ഉപദ്രവിച്ചത്. അതൊരു കെണിയായിരുന്നു. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്ന് രക്ഷപ്പെട്ടതാണ്. സിദ്ദിഖ് നമ്പര്‍വണ്‍ ക്രിമിനലാണ്. ഇപ്പോള്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. ഇയാള്‍ കാരണം എനിക്ക് നഷ്ടപ്പെട്ടത് എന്റെ സ്വപ്നങ്ങളാണ്, എന്റെ മാനസികാരോഗ്യമാണ്. സഹായം ചോദിച്ച് ഞാന്‍ മുട്ടിയ വാതിലുകളൊന്നും തുറന്നില്ല. എനിക്ക് എന്റെ അമ്മയും അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് മാത്രമല്ല, എന്റെ പല സുഹൃത്തുക്കള്‍ക്കും അയാളില്‍നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. 2019ല്‍തന്നെ പൊതുസമൂഹത്തിന് മുന്നില്‍ ഞാന്‍ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട് - യുവതി പറയുന്നു.
മുകേഷിനെതിരെ മീ ടൂവുമായി ടെസ് ജോസഫ്
നടനും സി.പി.എം എം.എല്‍.എയുമായ മുകേഷിനെതിരെ വീണ്ടും മീ ടൂ ആരോപണവുമായി കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ്. നിയമം അധികാരമുള്ളവർക്ക് വേണ്ടിയാണെന്നും സ്ഥിതി മെച്ചപ്പെടുമെന്ന് ഏങ്ങനെ കരുതാനാകും എന്നും ടെസ് ജോസഫ് സമൂഹമാധ്യമത്തിലൂടെ ചോദിക്കുന്നു. പലതവണ മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ട് മുകേഷ് ഫോണിലൂടെ നിര്‍ബന്ധിച്ചതായി നടി ആരോപിച്ചു. 2018ല്‍ നടി ഇതേ ആരോപണം ഉന്നയിച്ചെങ്കിലും അതു വേറെ മുകേഷ് കുമാര്‍ ആകാമെന്നായിരുന്നു നടന് മുകേഷിന്റെ അന്നത്തെ പ്രതികരണം. പ്രമുഖ ടി.വി പ്രോഗ്രാം കാസ്റ്റിങ് ഡയറക്ടറായിരുന്നു ടെസ്. അതേ പ്രോഗ്രാമിന്റെ അവതാരകനായിരുന്നു മുകേഷ്. പ്രോഗ്രാമിന്റെ അടുത്ത ഷെഡ്യൂളിൽ അവതാരകന്റെ മുറിയുടെ തൊട്ടടുത്താണ് ടെസിന് മുറിയൊരുക്കിയത്. അതോടെ അവിടന്ന് രക്ഷപ്പെടുകയായിരുന്നു എന്നാണ് അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തക കൂടിയായ ടെസ് നടന് മുകേഷിന്റെ ചിത്രം ഉൾപ്പെടെ പങ്കുവെച്ചാണ് കുറിപ്പിട്ടിരിക്കുന്നത്.
റിയാസ്ഖാനെതിരെ രേവതി സമ്പത്ത്
നടൻ റിയാസ് ഖാൻ ഫോണിൽ വിളിച്ച് മോശമായി സംസാരിച്ചുവെന്നാണ് രേവതി സമ്പത്തിന്റെ വെളിപ്പെടുത്തൽ. ‘സെക്സ് ചെയ്യാൻ ഇഷ്ടമാണോ, ഇഷ്ടപ്പെട്ട പൊസിഷൻ ഏതാണ്’ എന്ന തരത്തിൽ അശ്ലീലം നിറഞ്ഞ രീതിയിൽ സംസാരിച്ചു. തുടർന്ന് ‘ഒമ്പതു ദിവസം കൊച്ചിയിലുണ്ട്. നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽ സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ പരിചയപ്പെടുത്തിത്തരണം’ എന്നാണ് റിയാസ് ഖാൻ പറഞ്ഞത്. ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായത്. സിദ്ദീഖിന്റെ രാജി അർഹിക്കുന്നതാണ്. മലയാള സിനിമയിലെ കൊടും ക്രിമിനലാണയാൾ. സിനിമയിൽനിന്ന് വിലക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
യുവനടൻ കയറിപ്പിടിച്ചു –സോണിയ മൽഹാർ
തൊടുപുഴയിലെ സിനിമ സെറ്റിന്റെ മേക്കപ് റൂമിനടുത്ത് വെച്ച് യുവനടന് കടന്നുപിടിച്ചതായി നടി സോണിയ മല്‍ഹാര്‍. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിരുന്ന 2013ലാണ് ദുരനുഭവം ഉണ്ടായത്. ഏറെ ആരാധിച്ച ആളിൽനിന്ന് ഇതുണ്ടായപ്പോൾ പേടിച്ചുപോയി. അയാളെ തള്ളിമാറ്റി. താന്‍ കരഞ്ഞപ്പോള്‍ അയാൾ മാപ്പു പറഞ്ഞു. സംഭവം തന്നെ മാനസികമായി തകര്‍ത്തു. പിന്നീട് ഇയാളില്‍നിന്ന് മോശമായി ഒന്നുമുണ്ടായില്ല.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതുകൊണ്ടാണ് ഇപ്പോള്‍ പ്രതികരിച്ചത്. നടന്റെ കുടുംബത്തെയോര്‍ത്ത് പേരു പറയുന്നില്ല. ഇനി അയാൾ ആരോടും അങ്ങനെ ചെയ്യരുതെന്നും നിലവിൽ കേസുമായി പോകാൻ ചിന്തിക്കുന്നില്ലെന്നും സോണിയ മല്‍ഹാര്‍ പറഞ്ഞു.
‘പവർ ഗ്രൂപ് ശക്തർ’
കൊച്ചി: താൻ വിചാരിച്ചതിനേക്കാൾ ശക്തരാണ് മലയാള സിനിമയിലെ പവർ ഗ്രൂപ്പെന്ന് സംവിധായകൻ ജോഷി ജോസഫ്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ രാജിയെത്തുടർന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രഞ്ജിത്തിന്റെയും സിദ്ദിഖിന്റെയും രാജിയോടെ വ്യവസ്ഥിതിയാകെ മാറുമെന്ന് കരുതുന്നില്ല. ഡബ്ല്യു.സി.സിയുടെ പ്രവർത്തനം സിനിമ മേഖലയിലാകെ മാറ്റമുണ്ടാക്കിയിട്ടുണ്ട്.
പവർ ഗ്രൂപ്: അന്വേഷണം വേണം –ഫെഫ്ക
കൊച്ചി: സിനിമയിലെ പവർ ഗ്രൂപ്പിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ഫെഫ്ക. ലൈംഗികാതിക്രമത്തെക്കുറിച്ച് ഹേമ കമ്മിറ്റിയില്‍ സ്ത്രീകള്‍ നടത്തിയ തുറന്നുപറച്ചില്‍ ഞെട്ടിക്കുന്നതാണെന്നും ഫെഫ്കയിലെ 21 യൂനിയനുകള്‍ക്ക് ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് അയച്ച കത്തിൽ വ്യക്തമാക്കി. പതിനഞ്ചംഗ പവർ ഗ്രൂപ്പിനെക്കുറിച്ചറിയില്ല. വ്യത്യസ്ത ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്നവരാണ് സിനിമ സംഘടനകളെന്നും ഇവയെ ആകെ നിയന്ത്രിക്കുന്ന പവര്ഗ്രൂപ് സാധ്യമല്ലെങ്കിലും റിപ്പോര്‍ട്ടിലെ പരാമര്‍ശത്തില്‍ അന്വേഷണം നടക്കണം. സിനിമഅടക്കിവാഴാന് പവര്‍ ഗ്രൂപ്പുകളുണ്ടെന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.